അനസൂയ ഉറങ്ങുകയാണ്, ഒട്ടും ഗൗരവമില്ലാതെ, യാതൊരസ്വസ്ഥതയുമില്ലാതെ, നിസ്സംഗതയോടെ ഒരിത്തിരി തീർത്ഥ ജലത്തിൻ്റെ നൈർമ്മല്യത്തോടെ അവളുറങ്ങുന്നു
അറിഞ്ഞപ്പോൾ പെട്ടെന്ന് അവിശ്വാസമോ വിഭ്രമമോ ഒക്കെ തോന്നിയെങ്കിലും പതിവില്ലാത്ത ശാന്തതയോടെ അവളുറങ്ങുന്നത് കണ്ടപ്പോൾ ഉള്ളിലെവിടെയോ അൽപമൊരാശ്വാസവും തോന്നിപ്പോയി.
ഉറക്കം എന്നും അവൾക്ക് അന്യമായിരുന്നു. ഒരു ചെറിയ അനക്കം മതിയായിരുന്നു അവളുടെ ഉറക്കം കെടുത്താൻ. പക്ഷേ ഇപ്പോഴിതാ ഓടിയോടിത്തളർന്നു വീണുറങ്ങും പോലെ. ഒരുപാടു രാത്രികളുടെ ഉറക്കമുണർന്നു കിടക്കുന്ന കണ്ണുകളും, ആ വാടിയ പുഞ്ചിരിയും, നിശ്ശബ്ദമായ സന്ധ്യാവേളകളാണ് എൻ്റെ മനസ്സിലുണർത്തിയിരുന്നത്. എത്രയോ കുറച്ചു സമയമേ ഒന്നിച്ചുണ്ടായിട്ടുള്ളുവെങ്കിലും അവളെൻ്റെ മനസ്സിലെ നിത്യസാന്നിദ്ധ്യമായിരുന്നു. അപ്പോഴൊക്കെ അവൾ എനിക്ക് വിചിത്രമായ ഒരനുഭൂതിയായി മാറുന്നതെന്തേയെന്ന് ഞാൻ അത്ഭുതപ്പെട്ടു. എന്നേക്കാൾ എത്രയോ പ്രായം കുറഞ്ഞവളായിട്ടും പലപ്പോഴും അവളുടെ കവിഞ്ഞ പക്വതയും, ശാന്തതയും എന്നിൽ അത്ഭുതവും അപകർഷതയുമാണല്ലോ ഉണർത്തിയിരുന്നത്. അവളുടെ വേദനകളിലേക്കും വിഹ്വലതകളിലേക്കും ഇറങ്ങിചെല്ലാൻ എനിക്കൊരിക്കലുമായില്ലല്ലോ.
അവൾക്കെല്ലാമിഷ്ടമായിരുന്നു. നിറങ്ങൾ, ശബ്ദങ്ങൾ, സംഗീതം, കുട്ടികൾ – എന്നിട്ടും എല്ലാറ്റിൽ നിന്നും അവളകന്നതെന്തേ? അറിയുന്നതും അറിയാത്തതുമായ ഒരു പാടു നൊമ്പരങ്ങളും പേറി അവൾ വരുമ്പോൾ ഉള്ളിൽ അശാന്തിയുടെ കടലിരമ്പുന്നുണ്ടെന്ന് അറിയായായിരുന്നിട്ടും ഒന്നും ചോദിക്കാനായില്ല. ഒന്നും പറയാനുമായില്ല. എനിക്കൊരു നല്ല സുഹൃത്താകാൻ കഴിഞ്ഞില്ലല്ലോ?
ഒരു നേർത്ത ശബ്ദം കേട്ടാൽ പോലും അവൾ ഞെട്ടിയുണരുമായിരുന്നു. എന്നിട്ടിപ്പോൾ…. ശബ്ദകോലാഹലങ്ങൾക്കും നടുവിൽ… ഒരുപാടു ചന്ദനത്തിരികളുടെ സുഗന്ധത്തിനിടയിൽ ഒന്നുമറിയാതെ….. ഒരു നെടുവീർപ്പുപോലെ… വേണ്ട അടുപ്പത്തിൻ്റെയും രക്ത ബന്ധങ്ങളുടെയും കണ്ണീരിനടിയിൽ ഇനിയെല്ലാം ഒറ്റയ്ക്കു കയ്യടക്കാമെന്ന ആശ്വാസമുണ്ട്, സന്തോഷമുണ്ട്.
അവൾ ഒന്നുമറിയാതെ ഉറങ്ങിക്കോട്ടെ…. ഇന്നലെകളുടെ ഓർമ്മകളില്ലാതെ, സ്വസ്ഥമായി….