കവലയിൽ ബസ്സിറങ്ങിയപ്പോൾ നനുത്ത മഴച്ചാറൽ. തെരുവുവിളക്കുകൾക്ക് മിന്നാമിനുങ്ങിൻറെ വെട്ടമേ ഉണ്ടായിരുന്നുള്ളു.
ആ വഴിക്കുള്ള അവസാനത്തെ ബസ്സായിരുന്നു അത്. രാത്രി 8 മണിയായിക്കാണും. കയ്യിൽ കെട്ടിയ വാച്ച് നിശ്ചലമായിരിക്കുന്നു. അയാൾ പോക്കറ്റിൽ കൈയ്യിട്ട് സിഗററ്റ് എടുത്തു. കത്തിക്കാൻ തീപ്പെട്ടി കൈയ്യിലില്ല.
അടുത്തു കണ്ട കടത്തിണ്ണയിൽ കേറിനിന്നു. വഴിപോക്കർ ആരേയും കാണുന്നില്ല. അപ്പോഴാണ് മൂലയിൽ നിന്നും ഒരു മുരടനക്കം കേട്ടത്. അവിടെ ആരോ നിൽക്കുന്നുണ്ടെന്നയാൾക്ക് തോന്നി. തീപ്പെട്ടിയുണ്ടോ? അയാൾ ചോദിച്ചു. മുരടനക്കക്കാരൻ മടിയിൽ നിന്ന് തീപ്പെട്ടി എടുക്കുന്നുണ്ട് എന്ന് ശബ്ദത്തിൽ നിന്ന് മനസ്സിലായി. കൊള്ളിയുരച്ച് മൂപ്പർ തന്നെ കൈക്കുമ്പിളിൽ ഒതുക്കി അയാൾക്കു നേരെ നീട്ടി. സിഗററ്റ് കത്തിക്കുന്നതിനിടയിൽ അയാൾ അപരിചിതൻറെ മുഖം ശ്രദ്ധിച്ചു. കറുത്തിരുണ്ട അവ്യക്ത മുഖം.
“എങ്ങോട്ടാ?” അപരിചിതൻ ചോദിച്ചു. എനിക്ക് വായനശാല വരെ പോയാൽ മതി. അയാൾ പറഞ്ഞു. അപരിചിതൻ ഒന്നും മിണ്ടാതെ ഇറങ്ങി നടന്നു. അയാൾ പിറകേയും. കുറച്ചു ദൂരം പിന്നിട്ടപ്പോൾ അപരിചിതൻ അടുത്തുള്ള കുറ്റിക്കാട്ടിൽ മറഞ്ഞു. കുറച്ചു നേരം അയാൾ ആ മനുഷ്യരൂപത്തെത്തിരഞ്ഞു.
പെട്ടെന്ന് ഒരാർത്ത നാദം! അരണ്ട വെളിച്ചത്തിൽ അയാളാ കാഴ്ച കണ്ടു. ആരോ ഒരാൾ കൊല്ലപ്പെട്ടിരിക്കുന്നു.
അയാളുടെ കണ്ണുകളിൽ ഇരുട്ടുകയറി. അയാൾ വേഗത്തിൽ മുമ്പോട്ടു നടന്നു. ധൈര്യം സംഭരിച്ച് തിരിഞ്ഞു നോക്കി. അപരിചിതൻ പിറകെ തന്നെ പിന്തുടരുന്നു . അയാൾ വായനശാലക്കടുത്തെത്തി ഇടത്തോട്ടുള്ള വഴിയിൽക്കൂടെ നടന്ന് വീടെത്തി. ഭയം കൊണ്ട് പുറകോട്ട് നോക്കാനായാൾക്ക് കഴിഞ്ഞില്ല.
വരുന്ന വിവരം ഭാര്യയെ അറിയിച്ചിരുന്നില്ല. പെട്ടെന്ന് അയാളെ കണ്ടപ്പോൾ അവൾ അതിശയിച്ചു. കഴിക്കാൻ വല്ലതും? അവൾ ചോദിച്ചു. കട്ടൻ കാപ്പി മാത്രം മതി. കുട്ടികളെ ഉണർത്തണ്ട. അയാൾ പറഞ്ഞൊപ്പിച്ചു. അയാൾക്കുറക്കം വന്നില്ല.
എപ്പോഴോ മയങ്ങിപ്പോയ അയാളെ നേരം വെളുത്തപ്പോൾ വിളിച്ചുണർത്തി അവൾ പത്രം കൊണ്ടുവന്ന് കാണിച്ചു. ഇതു കണ്ടോ, കവലക്കടുത്ത് ഒരു കൊലപാതകം. ഇന്നലെ രാത്രിയിലായിരുന്നത്രേ. നിങ്ങൾക്കൊന്നും സംഭവിച്ചില്ലല്ലോ. ഈശ്വരാധീനം!
അയാൾ മെല്ലെ മുറ്റത്തേക്കിറങ്ങി. ഒരു നിഴൽ പിന്തുടരുന്നത് പോലെ അയാൾക്ക് തോന്നി . അപരിചിതൻറെതാവുമോ?
ഭീതിയുടെ നിഴൽ പതുക്കെ അയാളെ ഗ്രസിച്ചു തുടങ്ങി.
Super writing,oru anubhava kadha pole
Puthumayulla kadha. Nice