“അമ്മുക്കുട്ട്യേ, നേരം ഇരുട്ടാവുണൂ. മച്ചിലും ഗന്ധർവൻ തറയിലും വിളക്ക് വെക്കണംട്ടോ. അതൊക്കെ ഇനി നിന്റെ പണിയാ, കേക്കണുണ്ടോ.വല്യേ കുട്ടിയായി, ഇനീം കുട്ടിക്കളി മാറീട്ടില്ല“…
ഈ അമ്മേടെ ഒരുകാര്യം.. ചെറ്യേ കുട്ടിയല്ലാത്രേ. കുളത്തിൽ പോയി മേല്കഴുകി വന്നു. മച്ചിൽ വിളക്കുവെച്ചു. രാമനാമം ചൊല്ലുന്ന മുത്തശ്ശി അതു നിർത്തി, അമ്മൂനെ നോക്കി. കുട്ടീ, ഗന്ധർവശാപം വാങ്ങരുത്, ഐശ്വര്യക്കേടാ..
പതുക്കെ വിളക്കുമായി അമ്മു ഗന്ധർവ്വൻ തറയിലെത്തി. വിളക്കു കൊളുത്തി. പടിഞ്ഞാറുള്ള പാലമരം വീടിൻറെ ഐശ്വര്യമാണ്. സന്ധ്യ മയങ്ങിത്തുടങ്ങി.
അമ്മൂ.. അമ്മയുടെ വിളി കാതിലെത്തി. വേഗം നടന്നു കോലായിലെത്തി. അത്താഴം കഴിഞ്ഞു, മുകളിലുള്ള തെക്കേ മുറിയിൽ പടിഞ്ഞാറേ ജനൽ തുറന്നിട്ടു. ഇന്നു നല്ല നിലാവുണ്ട്. പാല പൂത്തിരിക്കുന്നു. നല്ല ഗന്ധം.. തണുത്ത കാറ്റും കൂടെയുണ്ട്.
മുത്തശ്ശി പറഞ്ഞു തന്ന ഗന്ധർവകഥകൾ മനസ്സിലേക്കോടിയെത്തി. ആ ഗന്ധർവ്വൻ പാലമരത്തിലുണ്ടാകുമോ? രൂപമെങ്ങിനെയായിരിക്കും? സുന്ദരനാകുമോ?.. അമ്മുവിന്റെ മനസ്സ് എന്തിനോ തുടിക്കുന്നുണ്ടായിരുന്നോ.. ഒരു ഋതുമതിയുടെ മനോഗതം പോലെ.. പെട്ടെന്ന് ആ തണുത്തകാറ്റ് “അമ്മുക്കുട്ട്യേ” എന്ന് വിളിക്കുന്നതു പോലെ തോന്നി. അവളൊന്നു ഞെട്ടി..
“പാലത്തറയിലിരിക്കുന്ന ഗന്ധർവ്വൻ ഞാനാണ്.. എന്തിനാ ഓർത്തെ“..
“ഒന്നൂല്യ, വെറുതെ“.. അമ്മുകുട്ടിയുടെ നുണക്കുഴികൾ വിടർന്നു..
“ആവശ്യമില്ലാത്ത കാര്യമൊന്നും മനസ്സിലുണ്ടാവരുത്“.. ഒരു മന്ത്രം പോലെ പറഞ്ഞു ആ തണുത്ത കാറ്റു വീശിപ്പോയി..
ഓരോ ദിവസം കഴിയുന്തോറും അമ്മുക്കുട്ടിയുടെ മനസ്സ് പാലമരത്തിലെ ഇലകൾ പോലെ ഇളകിത്തുടങ്ങി..അത് ആർക്കോ വേണ്ടി തുടിച്ചുകൊണ്ടേയിരുന്നു. ഉറക്കമില്ലാത്ത രാവുകൾ…
എന്നും ജനാലപ്പടിയിൽനിന്നും പുറത്തെ കാഴ്ച നുകരുന്ന അവളുടെ അടുത്തേക്ക് പക്ഷെ ആ തണുത്ത കാറ്റ് പിന്നീടൊരിക്കൊരിക്കലും വന്നില്ല …
വർഷങ്ങൾ ഓടിയകന്നു. അമ്മുക്കുട്ടിക്ക് കല്യാണപ്രായമായി. വിവാഹാലോചനകൾ മുറുകി. അവസാനം വിവാഹദിനവും വന്നെത്തി.. വെറ്റിലയും അടക്കയും തന്ന്, അമ്മ പറഞ്ഞു. അമ്മുക്കുട്ട്യേ, ഗന്ധർവന്റെ അനുഗ്രഹം വാങ്ങി വരൂ..
വിറയാർന്ന മനസ്സോടെ അമ്മു നടന്നു നീങ്ങി.. പതിവിനു വിപരീതമായി ആ തണുത്ത സുഗന്ധനമുള്ള കാറ്റ് അമ്മുവിനെ വലയം ചെയ്തു.. അമ്മുവെല്ലാം മറന്നു..
“അമ്മുക്കുട്ട്യേ, ഞാനാണ്.. ഇന്ന് വരാതിരിക്കാൻ പറ്റില്ല്യ .. അമ്മുകുട്ടിയുടെ നെടുമംഗല്യത്തിന് അനുഗ്രഹിക്കാൻ വന്നതാണ്“..
“അമ്മുക്കുട്ടി നല്ല കുട്ടിയാണ്.. എന്നെ, ഈ തറവാടിന്റെ ഐശ്വര്യത്തിനും നെടുമംഗല്യം ഉണ്ടാവാനും മാത്രമാണ് ആരാധിക്കേണ്ടത്. അമ്മുക്കുട്ടി ഇനി ഒന്ന് വിചാരിക്കൂ, വരുന്നയാൾ ഞാൻ തന്നെ എന്ന്.. അപ്പോൾ എല്ലാ സങ്കടോം മാറിക്കിട്ടും“..
വിവാഹവും കഴിഞ്ഞു.. കുട്ടികളുമായി.. അവർ വളർന്നു വലുതായി സ്വന്തം കാര്യങ്ങൾക്കായി.. എല്ലാം ആ ദേവന്റെ അനുഗ്രഹം..
അങ്ങനെയിരിക്കുമ്പോഴാണ് അച്ഛന്റെ കത്തു കിട്ടുന്നത്.. കുട്ട്യേ, തറവാട് നെനക്കാ, നീയ് വേണം അന്തിത്തിരി കത്തിക്കാൻ !!
അങ്ങിനെ തിരക്കുകൾ മാറ്റി വെച്ച് രണ്ടാളും നാട്ടിലെത്തി .. സന്ധ്യക്കു വിളക്കു വെക്കാൻ ഗന്ധർവ്വൻ തറയിലെത്തി.. വീണ്ടും ആ പഴയ കാറ്റും സുഗന്ധവും അമ്മൂനെ തേടിയെത്തി..
“അമ്മുക്കുട്ടീ, എത്രനാളായി കണ്ടിട്ട്.. എന്റെ വാക്കുകളൊക്കെ പൊന്നാക്കി.. ല്ലേ. കവിതയും കഥയും പാട്ടും പിന്നെ അന്തസ്സുള്ളൊരു ജോലിയും.. അതേയ് തന്റെ ആളൊരു ഭാഗ്യവാനാ.. ഏതൊരാളും കൊതിക്കുന്ന ജീവിതവും… ഇപ്പൊ ഇവിടെ തിരിച്ചെത്തി.. എനിക്കിപ്പോൾ തന്നോട് അസൂയ തോന്നുകയാ.. തന്നെ പ്രണയിനിയാക്കാൻ കഴിയാത്തതിൽ.. ഇനിയൊരു ജന്മം ഉണ്ടെങ്കിൽ നിന്നെ ഒരിക്കലും വിട്ടുകൊടുക്കില്ല“..
അമ്മുക്കുട്ടിക്ക് ചിരിക്കണോ കരയാണോ എന്നറിയാതെയായി..
ആ തണുത്ത കാറ്റ് അടുത്ത തലമുറയെ അനുഗ്രഹിക്കാനെന്നവണ്ണം വീശിപ്പോയി..
Well written story. Congratulations