കാലുകള്‍ പിണച്ചുവച്ച് തലയെ കൈകള്‍കൊണ്ടു പൊതിഞ്ഞ് കട്ടിലില്‍ വിലങ്ങനെ കിടന്നു..
ഉച്ചയുടെ നിശ്ശബ്ദത. കണ്‍പോളകളില്‍ ഉറക്കംവന്നു തട്ടുന്നു. വല്ലപ്പോഴും പോകുന്ന സൈക്കിളിന്റേയോ സ്കൂട്ടറിന്റേയോ ശബ്ദം. അല്ലെങ്കില്‍ കൂര്‍ക്കംവലിയുടെ. പക്ഷെ, ഇവയൊന്നും ഉച്ചയുടെ നിശ്ശബ്ദതയെ തകര്‍ക്കുന്നതായി തോന്നിയില്ല. പകരം നനവുള്ള ഒരു ബാല്യകാലസ്മരണ ആ ഉച്ചയില്‍നിന്ന് പതുക്കെ കിളിര്‍ത്തുവന്നു.
പകലുറക്കം ഇല്ലാത്ത കുട്ടി. ഉച്ചയൂണിന്റെ തിടുക്കത്തിനുശേഷം ശാന്തമാകുന്ന തറവാട്ടില്‍ താന്‍മാത്രം ഉണര്‍ന്നിരിക്കും. അമ്മയുടെ നനഞ്ഞ സാരിക്കടുത്ത് വെറുതേ കിടക്കുമെങ്കിലും ഉറക്കം വരില്ല. ഏകദേശം അമ്മയുംകൂടി ഉറങ്ങി എന്നാകുമ്പോള്‍ മെല്ലെ എണീക്കും. തോട്ടത്തിലൊക്കെ ചുറ്റിനടക്കും. ഒറ്റയ്ക്ക് എന്തെങ്കിലും പറയും. ആരോടെന്നില്ല. മാവിനോടു പറയും. പാമ്പിന്‍കാവിലെ വിളക്കിനോടു പറയും. തടിച്ച മാവിന്റെ തടിയില്‍ പറ്റിച്ചേര്‍ന്ന കാക്കപ്പൊന്നിനോടു പറയും. അവള്‍ക്കതെല്ലാം കൂട്ടുകാരായിരുന്നു. തന്റെ പ്രായമുള്ള കുട്ടികള്‍.
തോട്ടത്തില്‍ ചുറ്റിയടി വെറുതെയല്ല. മുത്തച്ഛനോ മുത്തശ്ശിയോ ബാക്കിവന്നു കളഞ്ഞ ഗുളികത്തോടുകളും ‘ഓയിമെന്റ്’ട്യൂബുകളും ശേഖരിക്കും. (തൊടരുത്, എടുക്കരുത് എന്ന അമ്മയുടെ വിലക്ക് ഓര്‍മ്മ വരാഞ്ഞിട്ടല്ല.) ‘ഓയിമെന്റ്’ട്യൂബിന്റെ ചെറിയ ദ്വാരത്തില്‍നിന്ന് ഞാഞ്ഞൂലുപോലെ പുറത്തുചാടുന്ന ‘ഓയിമെന്റ്’ നോക്കി നില്‍ക്കും.ചുറ്റിയടി നിര്‍ത്തി വീണ്ടുംവന്ന് അമ്മയുടെ പാതി നനഞ്ഞ സാരിയില്‍ മുഖംപൂഴ്ത്തി കിടക്കും. പക്ഷെ ഉറക്കം വരില്ല.
അപ്പോള്‍ ചെറിയ ഒരു വിശപ്പ് തോന്നും. ശബ്ദമുണ്ടാക്കാതെ എണീറ്റ് അടുക്കളയില്‍ പോകും. പാല്‍പ്പൊടി ടിന്‍ നോക്കും. കാണില്ല. ഒരുപാട് അരിച്ചുപെറുക്കിയാലും കിട്ടില്ല. ഒടുവില്‍ പതഞ്ഞു പൊന്തിയ ഉമിനീരിനെ ഉറക്കിയിട്ട് അല്‍പ്പം വെള്ളം കുടിച്ചു പോകും. വീണ്ടും അമ്മയുടെ സാരിയില്‍ അഭയംതേടും. അമ്മയുടെ സാരിയിലെ ആ നനവ് പതിയെ മുഖത്തേക്കും ദേഹത്തേക്കും പരക്കും. അപ്പോഴൊരു സുഖം കിട്ടും. അമ്മയെ മുറുകെ പിടിച്ചുകിടക്കും. പക്ഷെ ഉറങ്ങില്ല.
ഇന്ന് ആ നനവു കിട്ടുന്നില്ലെങ്കിലും ഉറക്കം വരുന്നു. നനുത്ത കാറ്റില്‍ ഉലയുന്ന വാഴയുടെ ഇലയുടെ ശബ്ദം കേള്‍ക്കാഞ്ഞിട്ടല്ല. മാവിന്‍മുകളില്‍നിന്നും ഞെട്ടറ്റുവീഴുന്ന മാമ്പഴം എടുക്കാന്‍ തോന്നാഞ്ഞിട്ടല്ല. ഓയിമെന്റ് ട്യൂബില്‍നിന്നും പുറത്തുചാടുന്ന ഞാഞ്ഞൂലുകളുടെ കൗതുകം ഇല്ലാഞ്ഞിട്ടല്ല.
എന്തോ ഉറക്കം വരുന്നു……
(2007 മെയ് ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)
കുട്ടികൾ പകലുറക്കം ശീലിക്കേണ്ട, അവർ ചിത്രം വരക്കട്ടെ,, കവിത എഴുതട്ടെ, കഥ എഴു തട്ടേ, പാട്ട് പാടട്ടെ. കാരാവണന്മാർ പറഞ്ഞിട്ടുണ്ട്, “an idle mind is a devil’s workshop”. Aasamsakal!