“ഒന്ന് പുറത്തുവന്നാൽ എന്താ, അധികനേരം ഒന്നും വേണ്ട, ഇച്ചിരെ നേരം.. പക്ഷെ ഹേ ഹേ.. വരില്ല ന്നു വെച്ചാൽ വരില്ല, ങ്ങനെ വാശി പാടുണ്ടോ? “..
ദൂരെ കാർമേഘങ്ങൾക്കിടയിൽ ഒളിച്ചിരിക്കുന്ന സൂര്യഭഗവാനെ കാണാത്തതിലുള്ള പരിഭവം ദേവകിയമ്മയുടെ മുഖത്തും വാക്കുകളിലും പ്രകടമായിരുന്നു.
മഞ്ചാടി ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു. മഞ്ചാടി ഓർത്തു..”ഈ അമ്മക്ക് ഒരു മാറ്റവും ഇല്ലല്ലോ, അല്ല.. ആൾക്കാർക്ക് അങ്ങനെ മാറാൻ പറ്റോ ല്ലേ?.. ആർക്കും മാറാൻ പറ്റില്ല.. പക്ഷെ പലപ്പോഴും സാഹചര്യങ്ങൾക്കനുസരിച്ചു അഭിനയിക്കാൻ പഠിക്കുന്നതാണ് പലരും.എപ്പോഴും മനസ്സിൽ ആ യഥാർത്ഥ രൂപം, സ്വഭാവം ഒക്കെ ഒളിച്ചിരിക്കുന്നുണ്ടാവും. ഇപ്പൊ തന്നെ നോക്കു.. സ്വയം അഭിനയിക്കാൻ പഠിച്ചില്ലേ, നല്ല ഓസ്കാർ കിട്ടേണ്ട അഭിനയമാണ് കാഴ്ച വെക്കുന്നത് “..
മഞ്ചാടിയുടെ മനസ്സിലെ കോണിൽ തളർന്നു പമ്മിയിരുന്നിരുന്ന കൊച്ചു കുട്ടി ഈ ആത്മഗതം കേട്ടുവെന്നു തോന്നുന്നു. പെട്ടെന്ന് ആ കുഞ്ഞാറ്റയുടെ മുഖത്തു ഒരു പുഞ്ചിരി വിടർന്നു. പുറത്തു വന്നു മഞ്ചാടിയെ തൊട്ടു വിളിച്ചു
“മഞ്ചാടി.. നമുക്കൊന്ന് കുളക്കര വരെ പോയാലോ.. മഞ്ചാടി ന്നു വിളിക്കാം ല്ലോ ല്ലേ.. അതോ അനഘന്നു വിളിക്കണം ന്നു ള്ള നിർബന്ധം ണ്ടോ ഇന്നും? ”
മഞ്ചാടി ഒരുപാടു സ്നേഹത്തോടെ, അലിവോടെ നോക്കി ആ പാവത്തിനെ.. പിന്നെ ഓർത്തു.. “അനഘ ന്നുള്ള പേര് തനിക്കുണ്ടെന്നു പോലും ഓർക്കാത്ത താൻ മഞ്ചാടി ആയിരുന്ന കാലം, വാകമരച്ചോട്ടിലെ പൂക്കൾ പെറുക്കി കളിവീട് അലങ്കരിച്ചിരുന്ന കാലം, കണ്ണിമാങ്ങ പെറുക്കി, കഴുകുക പോലും ചെയ്യാതെ ഉപ്പുച്ചേർത്തു കഴിച്ചിരുന്ന കാലം, പമ്പരം തിരിച്ചു കളിച്ചു സമയം പോയതറിയാതെ സന്ധ്യമയങ്ങുമ്പോൾ വീട്ടിൽ നിന്നും കളി പറമ്പിലേക്ക് അച്ഛൻ തിരഞ്ഞു വന്നിരുന്ന കാലം, പിന്നെ കുളക്കരയിലെ മഞ്ചാടി മരത്തിനു ചോട്ടിൽ എന്നും മഞ്ചാടി പെറുക്കാൻ പോയിരുന്ന.. ചുവന്ന മഞ്ചാടി മണികളാൽ നിറഞ്ഞ മഞ്ചാടി ചെപ്പു ചേർത്തു പിടിച്ചു ഉറങ്ങിയിരുന്ന ആ ബാല്യകാലം.. എല്ലാം എവിടെപ്പോയി??.. ഉള്ളിലെ കുഞ്ഞാറ്റ മാറിയിട്ടില്ല.. അവിടെതന്നെ ഉണ്ട്.. ഓർമ്മയുടെ ഒരു തൂവ്വൽ സ്പർശത്തിൽ പാവം എണീറ്റു വരുന്നുണ്ട്. അപ്പൊ പിന്നെ ഒന്നും മാറിയിട്ടില്ല, താൻ അഭിനയിക്കാൻ പഠിച്ചതാണ്..തിരക്കുകൾ എന്ന ന്യായങ്ങൾ നിരത്തി മനഃപൂർവം അഭിനയിച്ചു തുടങ്ങിയതാണ്.. … ഒന്ന് മറന്നാലോ ഈ അഭിനയം?.. മറക്കാം, പോവാം വീണ്ടും ആ കുളക്കരയിൽ മഞ്ചാടി പെറുക്കാൻ.. പെട്ടെന്നെണീറ്റു തിടുക്കത്തിൽ ഇറങ്ങാൻ നിന്ന മഞ്ചാടിയോട് അമ്മ പറഞ്ഞു
“എങ്ങോട്ടാ അനഘമോളെ ഈ നേരത്തു?.. നല്ല മഴക്കോളുണ്ട്. പിന്നെ വഴിയൊന്നും പഴയപോലെയല്ല ട്ടോ !”
മഞ്ചാടി തിരിഞ്ഞു നിന്ന് പറഞ്ഞു
“അമ്മേ.. ഇനിമുതൽ എന്നെ അമ്മക്കെറ്റവും ഇഷ്ടമുള്ള മഞ്ചാടിന്ന് ള്ള പേര് തന്നെ വിളിച്ചാൽ മതി, ഞാൻ കെറുവിക്കില്ല.. പിന്നെ ഞാൻ കുളക്കരയിൽ പോയി കുറച്ചു മഞ്ചാടി പെറുക്കിട്ട് വരാം,അമ്മ പേടിക്കണ്ട.. ഈ വഴികൾക്കൊന്നും ഒരു മാറ്റവുമില്ല.. എനിക്കു കാണാം ബാല്യത്തിന്റെ കാലടികൾ പതിഞ്ഞ ആ പഴയനാട്ടുപാതയെ. അതിനു മാറാൻ ആവില്ല.. ഇതിപ്പോ ആള് ഒരു കറുത്തകുപ്പായം ഇട്ടു ടാറിട്ട റോഡ് എന്ന് പേരും മാറ്റി അഭിനയിക്കാ.. എന്നെ പോലെ.. !”
ദേവകിയമ്മക്ക് ഒന്നും മനസ്സിലായില്ല, പക്ഷെ മനസ്സു നിറഞ്ഞ ഒരു പുഞ്ചിരി തെളിഞ്ഞു വന്നു ആ അധരങ്ങളിൽ – തന്റെ മഞ്ചാടിയെ വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ട സന്തോഷത്തിൽ കുതിർന്ന ഒരു പുഞ്ചിരി !””
Short but meaningful story of yesterday’s
Nice
Wonderful, this story took me back to my childhood too.
Very well written. Good