ദൂരെ ആകാശ നീലിമയിൽ ഉദിച്ചു ഉയരുന്ന സൂര്യ ദേവനു പോലും പതിവിലും കൂടുതൽ തിളക്കം…ഭയവും അതിലേറെ നിരാശയും വട്ടം നിൽക്കുന്ന ഈ കാലത്തും ഇന്നത്തെ ദിവസം, അതിനു മാറ്റു വേറെ തന്നെയാണ്.
ബാൽക്കണിയിലെ ഊഞ്ഞാലിൽ ഇരുന്നു ആ നല്ല ദിവസത്തിന്റെ തുടക്കം ആസ്വദിച്ചിരുന്ന അവന്റെ സ്മൃതി പേടകം അവൻ പോലുമറിയാതെ തുറന്നു.
അതങ്ങിനെ ആയിരുന്നു… ഓരോ ഓർമ്മയുടെ മുത്തും അവനെ എന്നും ആ ലോകത്തേക്ക് കൊണ്ട് പോകുമായിരുന്നു… നല്ല ഇന്നലെകൾ എന്ന് മുഴുവനായും വിളിക്കാൻ പറ്റിയില്ലെങ്കിലും, അവൻ ഇഷ്ടപ്പെട്ടിരുന്ന ആ പഴയ കാലത്തെ ഒരുപാടു……
അവന്റെ യാത്ര.. ആ പഴമയിലേക്ക്.. അതിനു പ്രകാശത്തെക്കാൾ വേഗത ആയിരുന്നു…
തീയതി അത് തന്നെ, പക്ഷെ കലണ്ടർ മാറി… 45 വയസ്സിൽ നിന്നും 16 വയസ്സിലേക്ക്… ഒരു സെക്കന്റ് പോലും എടുത്തില്ല, ആ രൂപ മാറ്റത്തിനു… ആ തീയതി… അവന്റെ പ്രിയപ്പെട്ട സച്ചിന്റെ പിറന്നാൾ, അവന്റെ പിറന്നാളിനേക്കാൾ അവൻ ഇഷ്ടപെട്ട ആ ദിനം…
അന്നത്തെ ദിവസത്തിനു മറ്റൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു.. മാച്ച് ഉള്ള ദിവസം ആയിരുന്നു… ഉച്ചക്ക് അമ്പലത്തിലെ പണി കഴിച്ചു രമേശിന്റെ വീട്ടിലെ ടീവിക്കു മുന്നിലേക്ക് ഓടിയ ഓട്ടം.. അന്ന് വൈകിട്ടു സച്ചിന് പിറന്നാൾ സമ്മാനമായി കിട്ടിയ സെഞ്ച്വറിക്കു ഭഗവാനു കൊടുക്കാമെന്ന് പറഞ്ഞു വെച്ചിരുന്ന നൂറ്റി എട്ടു പ്രദക്ഷിണം വെക്കുമ്പോൾ സുജാതയുടെ കളിയാക്കിയുള്ള ചിരി.. എല്ലാം ഒരു തെളിഞ്ഞ ചിത്രമായി അവനു മുന്നിൽ വിടർന്നു, അല്ല… അവൻ ആ നിമിഷങ്ങൾ വീണ്ടും വീണ്ടും ജീവിച്ചു എന്നതാണ് സത്യം.
സച്ചിന് കിട്ടിയ സമ്മാനത്തിനൊപ്പം അവനും കിട്ടി പിറ്റേന്ന് ഒരു സമ്മാനം… സ്കൂൾ ക്രിക്കറ്റ് ടീമിൽ സെലെക്ഷൻ.. അവന്റെ എന്നത്തേയും സ്വപ്നം… ആകാശത്തിലെ നക്ഷത്രങ്ങളെക്കാൾ അവന്റെ മുഖം തിളങ്ങിയതു കൊണ്ടാവാം, അന്ന് രാത്രി അവരാരും വന്നേ ഇല്ല… തിളങ്ങുന്ന കല്ലുകൾ തുന്നി പിടിപ്പിക്കാത്ത പുതപ്പ് പുതച്ചു ഉറങ്ങാൻ പോകുന്ന പൃഥ്വിയെ സാക്ഷിയാക്കി, ചുറ്റമ്പലത്തിലെ തൂണുകൾക്ക് അടുത്ത് നിന്നു അവൻ അമ്മയോട് പറഞ്ഞു… ആ സന്തോഷം… ലോകം ജയിച്ച വീരൻറെ മന്ദഹാസത്തോടെ… അമ്മയുടെ ചുണ്ടുകൾ ആ ചിരി ഏറ്റെടുത്തു.. പക്ഷെ അവരുടെ ആമോദo അൽപായു ആയിരുന്നു..
അച്ഛൻ തീർത്തു പറഞ്ഞു, പന്ത് കളിച്ചു നടക്കാൻ പറ്റില്ല, അമ്പലത്തിലെ പണിക്കു സഹായിക്കാൻ ആരാ…. അച്ഛന്റെ വാക്കുകൾക്കു മുന്നിൽ ആ സ്വപ്നം അടർന്നു വീണു, ആരും പറിക്കാത്ത ചെമ്പകം അമ്പല വഴിയിൽ പൊഴിഞ്ഞു വീഴുന്ന പോലെ…… എന്തോ അമൂല്യമായതു നഷ്ടപെട്ടപോലെ അവൻ ഉള്ളിൽ വിങ്ങിയിരുന്നോ? അറിയില്ല….
വീണ്ടും സ്മൃതി പേടകം ഒന്ന് ചികഞ്ഞു നോക്കാൻ തുടങ്ങിയപ്പോഴേക്കും ആ ശബ്ദം അവനെ തിരിച്ചു കൊണ്ടുവന്നു…
“ഹ, ഇന്നിപ്പോ സച്ചിൻറെ പിറന്നാൾ ആഘോഷിച്ചു ഇരിക്കല്ലെ, എല്ലാ കൊല്ലത്തെയും പോലെയല്ല.. കുറെ പണിയുണ്ട്… താഴെ പച്ചക്കറിക്കാരി വരും, പോയി വാങ്ങി വന്നു എല്ലാം അണു വിമുക്തമാക്കണം, വീണ്ടും കുളിക്കണം, എന്നാണ് ഈ മഹാ വിപത്ത് ഒന്ന് പോയിക്കിട്ട ആവോ…”
അവളുടെ ശബ്ദം അവനെ വീണ്ടും ആ 45 വയസ്സ് കാരനാക്കി. ഊഞ്ഞാലിൽ നിന്നെണീറ്റു അവളുടെ അടുത്തേക്ക് നടക്കുമ്പോൾ, വർത്തമാന കാലത്തേക്കു തിരിച്ചു കയറുമ്പോൾ അവൻ കണ്ടു..
ഒരു കോറോണക്കും തകർക്കാൻ പറ്റാത്ത പോരാട്ട വീര്യം ഉള്ള അവൻറെ മകനെ. ഗ്രൗണ്ടിൽ പോയി പ്രാക്ടീസ് ചെയ്യാൻ കൊറോണ എന്ന കുഞ്ഞു ഭീകരൻ തടസ്സം സൃഷ്ടിച്ചപ്പോൾ വീട്ടിനുള്ളിൽ തൻറെ ബാറ്റ് കൊണ്ട് സ്വപ്ന നൗക യിലേക്കുള്ള ദൂരം കുറക്കാൻ പോരാടുന്ന ആ കൊച്ചു പോരാളിയെ….
ചില സ്വപ്നങ്ങൾ അങ്ങിനെയാണ്… നമ്മൾ നമ്മുടെ ഉറ്റവർക്കു വേണ്ടി വേണ്ടെന്നു വെക്കും, വിധിയുടെ വേറിട്ട കാഴ്ചകളിൽ അതു മറ്റു ചിലരിലൂടെ നമ്മൾ വീണ്ടും ജീവിക്കും……
ആർക്കും മനസ്സിലാകാത്ത നിയതിയുടെ വികൃതികൾ……
ഗീത നല്ല ആശയം. കഥ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ