Site Loader
ബിന്ദു മോഹൻ

വെള്ളയിൽ നീലപ്പൂക്കൾ വിതറിയ ഡോർകർട്ടൻ വകഞ്ഞു മാറ്റി ബാൽക്കണിയിൽ നിന്നു പുറത്തേക്കു നോക്കി നിന്നു താര.

നേർത്ത മഴ പെയ്യാൻ തുടങ്ങിയിട്ട് ഒരു പാട് നേരമായി. അതിൻ്റെ താളത്തിൽ മുഴുകിക്കിടക്കുകയായിരുന്നു അവൾ. കുട്ടിക്കാലം മുതൽ ഒരുപാടു സ്നേഹിച്ചതാണ് മഴയെ. മഴ തുടങ്ങി പെയ്തു തീരുവോളം കുഞ്ഞുന്നാളുകളിൽ ഉമ്മറപ്പടിയിലിരുന്ന് കാണുന്നതു കണ്ടാൽ അമ്മ കളിയാക്കും. “നിൻ്റെയൊരു മഴ ഭ്രാന്ത്! എനിക്കീ മഴ കണ്ടാൽ കലിവരും” എന്ന്.  പെയ്തടങ്ങിയ മഴ ഭൂമിയെ തണുപ്പിക്കുമ്പോൾ, ഓരോ മഴത്തുള്ളിയും മൺതരികളെ ഓരോന്നായി ചുംബിക്കുമ്പോഴും എൻ്റെ മനസ്സിൽ കവിതമൊട്ടിടാറുള്ള കൗമാരക്കാലം.

ഇന്നും അതേ മട്ടിൽ ഞാൻ മഴയെ സ്നേഹിക്കുന്നു.

മഴയുടെ തണുപ്പിൽ പുതച്ചു കിടന്നുറങ്ങുന്ന കൃഷ്ണമോളെ നോക്കി അടുത്തുവന്നു കിടന്നു. ഏന്തൊരു ശാന്തമായ ഉറക്കമാണവളുടേത്. ഉറങ്ങുന്ന കുഞ്ഞുങ്ങളെ നോക്കി നിൽക്കരുതത്രെ! എൻ്റെ മോൾ, ഈ അഞ്ചു വയസ്സിലും വിരലു കുടിച്ചുറങ്ങുന്നത് നിർന്നിമേഷമായി നോക്കി കിടന്നു ഞാൻ. ഈ ശീലം മാറ്റാൻ ദേഷ്യപ്പെടുമെങ്കിലും, അവളറിയാതെ അവളുറങ്ങുമ്പോൾ ഞാനത് നോക്കി നിൽക്കും. ഉള്ളിൽ വാത്സല്യത്തിൻ്റെ കെട്ടഴിയും. അവളുടെ മുഖത്തേക്കു പാറി വീണ മുടി മുകളിലേക്ക് വച്ചു കൊണ്ട് ഞാനോർത്തു എത്ര നിർഭാഗ്യവതിയാണ് എൻ്റെ മോൾ എന്ന്. ഇത്ര പെട്ടെന്നു അച്ഛൻ്റെ സ്നേഹം അവൾക്കന്യം നിന്നുപോയല്ലോ. ഓർത്തിരിക്കവെ കണ്ണു നിറഞ്ഞു വീണ്ടും. ദിവസേന രാത്രികളിൽ കണ്ണീരുകൊണ്ട് ഞാൻ എൻ്റെ കിടക്ക കഴുകി തുടക്കും. ഒറ്റപ്പെടലിൻ്റെ വേദന മുഴുവൻ കരഞ്ഞു തീർക്കുന്നത് രാത്രികളിലാണ്. ഏഴു വർഷം കൊണ്ട് ഏഴു ജന്മത്തെ സ്നേഹം നൽകി എന്നെ ഒറ്റക്കാക്കി പോയ വിനുവേട്ടൻ. സ്നേഹിച്ചു കൊതി തീരും മുൻപ് അച്ഛനെ വിട്ടു പിരിയേണ്ടി വന്ന എൻ്റെ കൃഷ്ണമോളുടെ വേദന. ഇപ്പോഴും എൻ്റെയച്ഛൻ്റെ സ്നേഹത്തിനു മുമ്പിൽ കൊച്ചു കുട്ടിയാകുന്ന എനിക്കു നന്നായി മനസ്സിലാക്കാനാവും.

ഒരുപാട് സ്വപ്നങ്ങൾ ഒന്നിച്ചു കിടന്ന് നെയ്ത കിടക്കയിലേക്ക് അറിയാതെ കൈ പരതി.

പിറ്റേന്ന് പോകാനുള്ള ടൂറിനെകുറിച്ചു പറഞ്ഞ് ഉറങ്ങാൻ കിടന്നതാണ്. പതിവിനു വിപരീതമായി മോളെ ഒരു പാട് കൊഞ്ചിക്കുന്നതു കണ്ടാണ് താനുറങ്ങാൻ കിടന്നത്. ഉണരാത്ത ആ നിന്ദ്രയിലും കൈകൾ മോളുടെ മേലിലായിരുന്നു.

മരവിച്ച മനസ്സും കൊണ്ട് നാട്ടിൽ പോയി മടങ്ങുമ്പോൾ അമ്മ ഓർമിപ്പിച്ചു. ‘നീയിനി എന്തിനാണ് തിരിച്ചു പോകുന്നത്?” അവിടെ ആരുണ്ട് മോളെ നിനക്കെന്ന്?

എന്തോ ഈ ഫ്ലാറ്റിലെ ജീവിതം എൻ്റെ മനസ്സിൻ്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. അമ്പലവും തറവാടും ഒക്കെ എനിക്കിഷ്ടം തന്നെ. പക്ഷേ വിനുവേട്ടൻ്റെ കൂടെ ആദ്യമായി താമസം തുടങ്ങിയ ഈ ഫ്ലാറ്റ് അതിലൊക്കെ പ്രിയപ്പെട്ടതായിരുന്നു.

മോളുണ്ടായ സമയത്ത് അമ്മക്കിവിടെ വല്ലാത്ത പൊറുതിമുട്ടലായിരുന്നു. ഒന്ന് ശ്വാസം പോലും വിടാൻ പറ്റില്ലെന്ന പരാതിയും.

ചരിഞ്ഞു കിടന്നു മോൾ കൈകൾ എൻ്റെ കഴുത്തിലിട്ടു. ടേബിൾ ലാമ്പിൻ്റെ അരണ്ട വെളിച്ചത്തിൽ അവളുടെ നുണക്കുഴികൾ തെളിഞ്ഞു കാണവേ ഒരായിരം മുത്തം അവളുടെ കവിളിൽ വെക്കാൻ തോന്നി. വല്ലാത്ത സ്നേഹം തോന്നി അവളോടെനിക്ക് അപ്പോൾ.

മാസങ്ങൾക്കുള്ളിൽ വിനുവേട്ടൻ്റെ അഭാവത്തിൽ അവിടെ ജോലി കിട്ടിയപ്പോൾ, വിട്ടുമാറാത്ത ഓർമ്മകളിൽ നിന്നും സ്വയം സ്വീകരിച്ച മോചനമായിരുന്നു അത്. നഴ്സറിയിൽ നിന്നും മോൾക്ക്‌ കുറച്ചു നേരം ക്രഷിലിരിക്കേണ്ടി വരുന്നത് അവൾക്കൊട്ടും ഇഷ്ടമല്ലായിരുന്നു എങ്കിലും കൂട്ടുകാരായ അപൂർവ്വയുടെയും അഖിലിൻ്റെയും ചങ്ങാത്തം താമസിയാതെ അവളെ സന്തോഷിപ്പിച്ചു.

രണ്ടു മൂന്നു ദിവസമായി അമ്മയുടെ എഴുത്ത് കിട്ടിയിട്ട്. ഇവിടത്തെ താമസം മതിയാക്കി തിരിച്ചു നാട്ടിലേക്ക് ചെല്ലാനും വെറൊരു ജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള ഉപദേശവുമായി. മനസ്സാകെ കലങ്ങി മറഞ്ഞിരിക്കുന്നു. ദേഷ്യപ്പെട്ടു കൊണ്ട് അച്ഛനും എഴുതിയിട്ടുണ്ട് കൂട്ടത്തിൽ. തറവാട് തൻ്റെ പേരിലാണെഴുതി വെച്ചിരിക്കുന്നതെന്ന് ഓർമ്മിപ്പിച്ചു കൊണ്ട്. കൃഷ്ണയുടെ കുഞ്ഞു തുടയിൽ തട്ടികൊടുത്തപ്പോൾ മനസ്സിൽ തീരുമാനങ്ങളെടുക്കാറായി എന്നും തോന്നി.

വിനു വേട്ടൻ്റെ ഓർമ്മകളുറങ്ങുന്ന ഈ ഫ്ലാറ്റ് വിട്ട് എനിക്ക് വേറെ എവിടെയാണ് സ്വസ്ഥത കിട്ടുക? ഊണിലും ഉറക്കത്തിലും, എന്തിന് എൻ്റെ ഓരോ ശ്വാസത്തിലും എൻ്റെ വിനുവേട്ടൻ്റെ സാമീപ്യം ഇവിടെ ഞാനറിയുന്നു. എൻ്റെ മോൾക്ക് വിനുവേട്ടനെയല്ലാതെ വേറെരാളെ അച്ഛനായി സങ്കൽപ്പിക്കാനാവുമോ? അച്ഛൻ്റെ ഫോട്ടോ ബുക്കിൽ വെച്ചു നടക്കുന്ന അവൾക്കതു മാറ്റിയെടുക്കാനാവുമോ? എന്താണതിൻ്റെ ആവശ്യം?. നാട്ടിലുള്ള തറവാടിനേക്കാളും എനിക്ക് മനസ്സുകൊണ്ട് തൃപ്തി നൽകുന്ന ഈ നാലു ചുമരുകൾക്കുള്ളിൽ മതി എനിക്ക് ജീവിതം. കൂടെ വിനുവേട്ടൻ്റെ ആത്മാവുണ്ടല്ലോ.

എൻ്റെ തീരുമാനങ്ങൾ എൻ്റെതു മാത്രമാവട്ടെ. അതു കൊണ്ടു തന്നെ എനിക്കവ ശരിയാണ്. പുറത്തു മഴ തോർന്നിരിക്കുന്നു. ദിവസങ്ങളുടെ ഉറക്കക്കുറവിനു ശേഷം എൻ്റെ കണ്ണുകൾക്ക് ഭാരം വെച്ചത് ഞാനറിഞ്ഞു. ഉറക്കം ഇതാ എൻ്റെ തൊട്ടു മുൻപിലുണ്ടല്ലോ. കൃഷ്ണമോളെ ചേർത്തു പിടിച്ചുകൊണ്ട് ഏറ്റവും സുരക്ഷിതയായി ഇനി ഞാനുറങ്ങട്ടെ.

ഈ രാത്രി മുഴുവൻ.

 

(യുവചൈതന്യം 2005 സെപ്തംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

2 Replies to “ഓർമ്മയിൽ വീണ്ടും ഒരു മഴക്കാലം കൂടി”

Leave a Reply

Your email address will not be published. Required fields are marked *