ഈ തണുത്ത വെളുപ്പാൻ കാലത്ത്, കിഴക്കുണരും പക്ഷിയുടെ താരാട്ടു കേട്ടുകൊണ്ട് ഒരു മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടം മാത്രമുള്ളപ്പോൾ പൂമുഖപ്പടിയിൽ നിൻ്റെ പാദസരത്തിൻ്റെ കിലുക്കത്തിന് കാതോർത്തു കൊണ്ട് ഞാനേകനായിരുന്നു.
യുവജനോത്സവവേളയിൽ നമ്മൾ തമ്മിൽ തമ്മിൽ കണ്ടപ്പോൾ, മുഖാമുഖം നോക്കിയിരുന്നപ്പോൾ സ്നേഹമുള്ള സിംഹമായി, കുണുക്കിട്ട കോഴിയെ പോലെ നീ എന്നരികിൽ വന്നു. ദൂരെ ദൂരെ ഒരു കൂടു കൂട്ടാനായി പറന്നു പറന്ന് പറന്ന് നീ വരാമെന്നും കിരീടമില്ലാത്ത പാവം പാവം രാജകുമാരനെന്നു പറഞ്ഞ് നീയെന്നെ കാക്കത്തൊള്ളായിരം പ്രാവശ്യം പരിഹസിച്ചു. കളിയല്ല കല്യാണമെന്നും, വിവാഹം സ്വർഗ്ഗത്തിൽ വെച്ചാണ് നടക്കുന്നതെന്നും പറഞ്ഞപ്പോൾ, നീയെന്നെ തൂവൽ സ്പർശം പോലെ തലോടി സദയം സാന്ത്വനം ചെയ്തു. അക്കരെ അക്കരെ അക്കരെ പട്ടണപ്രവേശം നടത്തുന്ന നാടോടിക്കാറ്റ് മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന് പറഞ്ഞപ്പോൾ നിനക്കു തരാനായി ആനവാൽ മോതിരവും, ചക്കരയുമ്മയും കൊണ്ട് ഞാൻ കാത്തിരിക്കുകയായിരുന്നു. നിനക്ക് ഗജകേസരി യോഗമുണ്ടെന്നും, നല്ല തറവാട്ടമ്മയായി ഇരുന്നു കൊള്ളാമെന്നും നമ്മൾ ന്യൂഡൽഹിയിലേക്ക് പിക്നിക്കിനു പോയപ്പോൾ, അവിടെ വെച്ച് ഭരതം കണ്ടു കൊണ്ടിരുന്നപ്പോൾ, നിൻ്റെ തനിയാവർത്തനം മാത്രമാണെന്ന് ഞാനിപ്പോളാണ് അറിഞ്ഞത്. ഇന്നലെ സായം സന്ധ്യയിൽ ഹിസ് ഹൈനസ്സ് അബ്ദുള്ള വന്നപ്പോൾ പെരുവണ്ണാപുരത്തെ വിശേഷങ്ങളും, അനന്ത വൃത്താന്തങ്ങളും പറഞ്ഞ കൂട്ടത്തിൽ നീ ഗോഡ്ഫാദർ പറഞ്ഞതു പോലെ മാത്രമേ ചെയ്യൂ എന്ന് ഞാനറിഞ്ഞു.
കോളിളക്കത്തിനിട കൊടുക്കാതെ ചെറിയ മനുഷ്യരും വലിയ ലോകവും ഉള്ള തലസ്ഥാനത്ത് കടൽക്കാറ്റേറ്റുകൊണ്ട്, കൗതുക വാർത്തകളും മക്കൾ മാഹാത്മ്യവും പറഞ്ഞ് ആയുഷ്കാലം മുഴുവൻ ഇണപ്രാവുകളെ പോലെ നമുക്ക് കഴിയാമെന്നും വിചാരിച്ചു. കാറ്റത്തെ കിളികൂടുപോലെ ഒരു വീടുണ്ടാക്കി നമുക്കവിടെ സസ്നേഹം വാഴാമായിരുന്നു. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളും, ചികിത്സിക്കാൻ നമ്മുടെ കൊച്ചു ഡോക്ടറും അവിടെ ഉണ്ടാകുമായിരുന്നു. അങ്ങനെ ആകാശക്കോട്ടയിലെ സുൽത്താനായി ഏതോ സ്വപ്നവും കണ്ട് ഞാൻ നടക്കുമ്പോളാണ് കാക്കോത്തി കാവിലെ അപ്പൂപ്പൻ താടി പോലെ എൻ്റെ സ്വപ്നം തകർന്നത്. നിനക്ക് മാല യോഗമായെന്നും നീ നായർസാബുമായി ഏപ്രിൽ 18 ന് മുഹൂർത്തം 11.30 ന് വിവാഹിതയാവുകയാണെന്ന് ഞാനറിഞ്ഞു. പൊന്നരഞ്ഞാണവും വാങ്ങി, വേനൽക്കിനാവു കണ്ടു നടന്ന ഞാൻ പഞ്ചാഗ്നിയിൽ വീണുപോയി. ഞാനൊരു കാട്ടു കുതിരയാണെന്നും നിൻ്റെ ആവനാഴിയിലെ ഒളിയമ്പുകൾ യാത്രാവസാനം വരെ എന്നെ പിന്തുടരുമെന്നും എനിക്കറിയാം എന്തായാലും എൻ്റെ നഖക്ഷതങ്ങൾ കമലദളം പോലുള്ള നിൻ്റെ മേനിയിൽ ഉണ്ടല്ലോ. തോൽക്കാനെനിക്കു മനസ്സില്ല. നിന്നെ പിന്നെ കണ്ടോളാം. ലാൽ സലാം.
‘കഥ ഇനിയും തുടരും’