സമയം 4 മണി ആയി സുജിമാ എണീക്ക്….
ചന്ദ്രി ചേച്ചിയുടെ വിളി കേട്ട് ഞാൻ കണ്ണ് തുറന്നു. ഒന്നും കൂടി പുതപ്പിനുള്ളിലേക്കു വലിഞ്ഞു കേറി. പക്ഷെ ചന്ദ്രി ചേച്ചി പുതപ്പു മാറ്റി എന്നെ വീണ്ടും കുലുക്കി വിളിച്ചിട്ട് പറഞ്ഞു ” ദാ ഞാൻ പോണു ട്ടോ ..കുളിക്കാൻ, ഉഷ പൂജ തുടങ്ങുമ്പോഴെക്കും എത്തണം അമ്പലത്തിൽ. നീ കിടന്നോ.”
ഞാൻ പെട്ടെന്ന് എണീറ്റ് ചന്ദ്രി ചേച്ചിയുടെ കൂടെ കുളത്തിൽ പോവാൻ തയ്യാറായി.
“നല്ല കാറ്റ് അല്ലെ ..തണുക്കുന്നു”.. ഞാൻ വെള്ളത്തിൽ ഇറങ്ങാൻ മടിച്ചു നിന്നു. ചന്ദ്രി ചേച്ചി എന്റെ മേൽ കുറച്ചു വെള്ളം തേവി ദേഷ്യത്തോടെ പറഞ്ഞു, “നീ വേഗം കുളിക്കുണ്ടോ, അല്ലെങ്കിൽ തന്നെ വൈകി”… ഞാൻ പതുക്കെ ഒന്ന് ചാടി നീന്തിയപ്പോൾ തണുപ്പൊക്കെ പോയി..
ഞങ്ങൾ വേഗം കുളിച്ചീറനായി കൃഷ്ണൻ കോവിലിൽ എത്തിയപ്പോഴേക്കും
സരോജമാമിയുടെ പാട്ട് തുടങ്ങിയിരുന്നു. നട തുറന്നു കർപ്പൂരം കാണിക്കുമ്പോൾ പാടാറുള്ള പാട്ട്…
“കല്യാണ രൂപായ കലൗജനാനാം കല്യാണ ധാത്രേ കരുണാ സുധാ ബ്ദെ”…
തൊഴുതു കൊണ്ടിരിക്കുമ്പോൾ ചന്ദ്രി ചേച്ചി ഇടംകണ്ണിലൂടെ എന്നെ ഒന്ന് തുറിച്ചു നോക്കി. വൈകി എത്തിയതിന്റെ പരിഭവം… പ്രസാദവും തീർത്ഥവും തരാൻ ആഴുവാർ ശ്രീ കോവിലിലിൽ നിന്നും പുറത്തേക്കു വന്നു.. എന്താ ഷാരസ്യാർമാർക്കു ഇന്ന് വൈകി ..ല്ലേ?
ചന്ദ്രി ചേച്ചി എന്നെ ചൂണ്ടി പറഞ്ഞു
“ഇവളാണ് അതിനു കാരണം”.. ഞാൻ ഒന്നും മിണ്ടാതെ തീർത്ഥം വാങ്ങി.. കണ്ണിൽ തീർത്ഥം കൊണ്ട് തലോടിയപ്പോൾ ഉണ്ടായ നിർവൃതിയിൽ ലയിച്ചു നിന്നു.
അമ്മേ… എന്താ എണീക്കാത്തത്, വല്ല വയ്യായ ഉണ്ടോ … പെട്ടെന്നു കണ്ണ് തുറന്ന് നോക്കിയപ്പോൾ പൊന്നു നില്കുന്നു മുൻപിൽ .. എനിക്ക് കോളേജ് ഉണ്ട് ….അമ്മ എണീക്കാൻ എന്താ വൈകുന്നത് എന്ന് വിചാരിച്ചു… അച്ഛൻ കുളിക്കാൻ പോയി കഴിഞ്ഞു ….
അമ്മ വല്ല സ്വപ്നം കണ്ടോണ്ടു കിടക്കാണോ … അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു.
സ്ഥലകാല ബോധം ഉണ്ടാവാൻ കുറച്ചു സമയം എടുത്തു.
ഹാ … അതെ മോളെ …
ഞാൻ ആത്മഗതം ചെയ്തു …”അമ്മ കുറേ വർഷങ്ങൾക്കു പിറകിലെ ഒരു യാഥാർത്ഥ്യം സ്വപ്നമായി കണ്ടു” …
അപ്പോൾ സ്വപ്നത്തിൽ മാത്രം കാണാൻ പറ്റുന്ന ചന്ദ്രി ചേച്ചിയുടെ ശബ്ദം വീണ്ടും കാതുകളിൽ മുഴങ്ങി…സുജിമാ എണീക്ക്…