Site Loader
ഗീത സതീഷ്

സൂര്യകിരണങ്ങൾ ജനാലവഴി വന്നു അവളുടെ മുഖത്തു ചിത്രങ്ങൾ വരച്ചു തുടങ്ങിയിരുന്നു, പക്ഷെ മിനുമിനുത്ത ആ പുതപ്പു കൊണ്ട് മുഖം മറച്ചു വീണ്ടും തിരിഞ്ഞു കിടന്നു അവൾ.

സാധാരണ ദിവസങ്ങളിൽ ഈ സമയമാവുമ്പോഴേക്കും അവൾ അവളുടെ പൈസപെട്ടിയുടെ അടുത്തെത്തിട്ടുണ്ടാവും, അവളുടേതാണോ ആ പൈസ പെട്ടി?.. അല്ല… അവൾ ആ പെട്ടിക്കു കാവൽക്കാരി മാത്രം. രാവിലെ പത്തു മുതൽ വൈകിട്ടു ആറു മണി വരെ ഒരു പെട്ടിക്കുള്ളിൽ അടച്ചിട്ട പ്രതീതി ആണവൾക്ക്. കൂടാതെ നിധി കാക്കുന്ന ഭൂതത്തെ പോലെ കുറെ പൈസയുടെ വരവും പോക്കും നോക്കിയിരിക്കുന്ന രക്ഷക.. ബാങ്കിലെ കാഷ്യർ ജോലി ഇഷ്ടപ്പെട്ടു ചെയ്യുന്ന ഒന്നല്ല, അവളുടെ ഇഷ്ടങ്ങൾ ചിത്രങ്ങളോടായിരുന്നു.. നിറങ്ങളോടായിരുന്നു.. പക്ഷെ വിധി അവളെ ഒരു ബാങ്ക് ജോലിക്കാരിയാക്കി, നിറങ്ങളുടെ ലോകം അവൾക്കന്യമായി.

വീണുകിട്ടുന്ന ഓരോ അവധി ദിവസവും അവൾ ഓടിച്ചെല്ലും അവളുടേതായ ചായക്കൂട്ടുകളുടെ മാസ്മരികത നിറഞ്ഞ ആ ലോകത്തേക്ക്. ഇന്ന് അത്തരമൊരു ദിവസമാണ്.. ബാങ്ക് ഹോളിഡേ ആണ്.

പൊതുവെ ഹോളിഡേയ്‌സിൽ അവൾ പതിവിലും നേരത്തെ എണീക്കും, അവളുടെ വർണശബളമായ ആ ലോകത്തു ഒരു പൂമ്പാറ്റയെപോലെ പാറിനടക്കും. പക്ഷെ ഇന്ന് അവൾ കിടക്കയുടെ കൂട്ട് വിടാതെ അവിടെത്തന്നെ കിടന്നു. മനസ്സ് ഒരു കുതിരപ്പുറത്തേറി എങ്ങോട്ടേക്കോ അവളെ കൊണ്ടുപോകുന്നു, അവൾ പോകാനാഗ്രഹിക്കാത്ത എവിടേയ്ക്കോ അവളെ എത്തിക്കുന്നു.

ആശുപത്രിയുടെ മണം, അതവൾക്കു പണ്ടേ ഇഷ്ടമല്ല, ഫിനോയിലും ഡെറ്റോളും ഒക്കെ കൂടെ ഒരു മണം, ആ മണത്തെക്കുറിച്ച് ഓർക്കാൻ പോലും അവൾക്കിഷ്ടമല്ല, മനസ്സവളെ അവിടെ എത്തിച്ചുവെന്ന് മാത്രല്ല, ആ രംഗം വീണ്ടും വീണ്ടും അവളെ കാണിച്ചുകൊണ്ടേയിരുന്നു, അവയവദാനത്തിന്റെ ഫോം നിറക്കുന്ന ബെഞ്ചമിൻ, അവൾ ഒരുപാടുതവണ വേണ്ടെന്ന് പറഞ്ഞിട്ടും, അവളുടെതെന്നു മാത്രം അവൾ വിശ്വസിക്കുന്ന, ബെഞ്ചമിൻ അത് ചെയ്തു.

“ന്റെ പെണ്ണെ, മരിച്ചു കഴിഞ്ഞാൽ ഈ ശരീരം എല്ലാരും കൂടെ കുഴിച്ചുമൂടും, അത് വെറുതങ്ങു നശിച്ചുപോകും, ഇങ്ങനെ എന്തേലും ചെയ്തു വെച്ചാൽ വല്ലോർക്കും ഉപകാരമാവില്ലേ, പിന്നെ മരിച്ചു കഴിഞ്ഞും നമുക്ക് ജീവിക്കുകേം ചെയ്യാം… പലരിലൂടെ!”

ബെഞ്ചമിന്റെ വാക്കുകൾ അവളുടെ ദേഷ്യം കൂട്ടിയതേ ഉള്ളൂ..

“പിന്നെ!!!, വയസ്സായി നരച്ചു കഴിഞ്ഞു മരിക്കുമ്പോൾ ഉള്ളിലുള്ളതെല്ലാം ദ്രവിച്ചുതുടങ്ങിക്കാണും, പിന്നെ ആർക്കു ഉപകാരപ്പെടും? വെറുതെ കീറിമുറിച്ചു വികൃതമായി.. ശോ, നിക്ക് ആലോചിക്കാനേ വയ്യ !””

അവളുടെ വാക്കുകളിൽ അമർഷം മുഴുവൻ പ്രതിഭലിച്ചു.

” നീ ഇപ്പൊ ഒന്നും ആലോചിക്കേണ്ട, പിന്നെ ഞാൻ വയസ്സായെ മരിക്കൂന്നതിനെന്താ ഉറപ്പ് ?.. ആൻഡ് ഞാൻ വയസ്സായാലും ആരോഗ്യദൃഢഗാത്രനായിരിക്കും ട്ടൊ, ന്റെ വാടാമല്ലിയെക്കാൾ ആരോഗ്യവാൻ ”

അവൻ ചിരിച്ചുകൊണ്ടവസാനിപ്പിച്ച വാക്കുകൾ കേൾക്കാത്ത പോലെ അവൾ നടന്നു തുടങ്ങി, നടന്നു നീങ്ങുന്നതിനിടയിൽ തിരിഞ്ഞു നോക്കി അവൾ പറഞ്ഞു

” ഇനി ന്നോട് മിണ്ടാൻ വരണ്ട, ഞാൻ കൂട്ടില്ല ചെക്കനോട്, ഞാൻ പറഞ്ഞത് കേട്ടില്ലല്ലോ ”

അതിനു ശേഷം അവൾ ബെഞ്ചമിനോട് മിണ്ടിയിട്ടില്ല, ഫോൺ കാൾസ് എല്ലാം കട്ട്‌ ചെയ്തു, മെസ്സേജിനൊന്നിനും മറുപടി അയച്ചില്ല. പൊതുവെ അവധിദിവസങ്ങളിൽ ചായംകൂട്ടാനും അവളുടെ മന്ദസ്മിതത്തിനു മാറ്റുകൂട്ടാനും ബെഞ്ചമിൻ വരാറുണ്ട്.. ഇന്ന് ആ പതിവ് തെറ്റി. അവൾ പോലുമറിയാതെ ഒരു കുഞ്ഞു നീർതുള്ളി പുറം ലോകം കാണാൻ ഓടിവന്നു. അതിനെ അവഗണിച്ചവൾ മെല്ലെ കിടക്കയിൽ നിന്നെണീറ്റു സന്തത സഹചാരിയായ മൊബൈലിനെ കയ്യിലെടുത്തു. അവളുടെ സ്പർശത്തിൽ കോരിത്തരിച്ചപോലെ ആ മൊബൈൽ ഒന്ന് വൈബ്രേറ്റ് ചെയ്തു, ഉറങ്ങാൻ നേരം വൈബ്രേറ്റ് മോഡിൽ വെച്ച ഫോൺ കൊണ്ടുവന്നിരുക്കുന്നത് സന്ദേശമല്ല, ഒരു വിളിതന്നെയാണ്, രണ്ടുദിവസമായി തളരാതെ. വിളിച്ചുകൊണ്ടിരിക്കുന്ന അവളുടെ മൊബൈലിനു ഏറ്റവും പരിചയമുള്ള അവളെന്ന വാടാമല്ലിയുടെ സ്വന്തം ബെഞ്ചമിൻ.

ഫോൺ എടുത്തു രണ്ടു ചീത്ത പറയാൻ ഉറപ്പിച്ചവൾ കാതോടുചേർത്തു, എന്തെങ്കിലും അവൾ പറയും മുൻപേ മറുതലക്കൽ അപരിചിതമായ ഒരു പുരുഷശബ്ദം

“ഈ ഫോണിൽ നിന്ന് പോയ ലാസ്റ്റ് കാൾ ലിസ്റിന്നെടുത്തു വിളിച്ചതാ മാഡം, ഇവിടെ ഇയാൾക്ക് ആക്‌സിഡന്റ് ആയിട്ടുണ്ട് ട്ടാ.. ഞങ്ങ മെഡിക്കൽ കോളേജിൽ കൊണ്ടോവാ, പെട്ടെന്നങ്ങ് എത്തിയേക്ക് ”

അവൾ എന്തെങ്കിലും പറയും മുൻപേ ആ കാൾ കട്ട്‌ ആയി. ഭൂമി രണ്ടായി പിളർന്നു പോകുന്നതായോ അവൾ ഏതോ അഗാധ ഗർത്തത്തിൽ വീഴുന്നതായോ അവൾക്കു തോന്നി, എങ്ങിനെ അവൾ മെഡിക്കൽ കോളജിലെത്തി എന്നത് അവൾക്കു പോലും ഒരു കടങ്കഥയായി.

ഡോക്ടർ തന്ന ഒരേ ഒരു ഓപ്ഷൻ, ഓർഗൻ ട്രാൻസ് പ്ലാന്റ്. ആക്‌സിഡന്റ് തകർത്തെറിഞ്ഞ അവളുടെ ബെഞ്ചമിന്റെ ഹൃദയത്തിനു പകരം ഒരു ഹൃദയം… സമയത്തിനുള്ളിൽ കിട്ടിയാൽ അവൾ സ്വപ്നം കണ്ട അവളുടെ ചായക്കൂട്ടുകളുടെ ലോകത്തിൽ അവളെന്ന വാടാമല്ലിയെ എന്നെന്നും സ്നേഹിക്കാൻ, അവളുടെ ബെഞ്ചമിൻ വരും… ഇല്ലെങ്കിൽ ആ സ്വപ്നലോകത്തു അവൾ ഒറ്റപ്പെട്ടുപോകും. ഇല്ല, അനാഥാലയത്തിലെ ഒറ്റപ്പെട്ട ബാല്യവും കൗമാരവും അവളെ നോക്കി വീണ്ടും പല്ലിളിച്ചു കാണിച്ചപോലെ… വയ്യ, വീണ്ടും ഒരൊറ്റപ്പെടൽ, അതവൾക്കു ആലോചിക്കാൻ പോലുമായില്ല.

കാലുകൾ ചക്രം ധരിച്ചപോലെ മിനിറ്റുകൾക്കുള്ളിൽ അവളെ വീണ്ടും അവിടെയെത്തിച്ചു, ബെഞ്ചമിന്റെ ചിരി അവസാനമായി അവൾ കണ്ട ആ ഇടനാഴി…

സമയം, ആർക്കുവേണ്ടിയും കാത്തിരിക്കാതെ മുന്നോട്ടോടിക്കൊണ്ടിരിക്കുന്ന ആ മാന്ത്രികൻ ആറുമാസത്തിനിപ്പുറം എത്തിയിരിക്കുന്നു. ബെഞ്ചമിന്റെ ഹൃദയമിടിപ്പ് കേട്ടു കിടക്കുന്ന ആ തണുത്ത രാത്രിയിൽ അവളെന്ന വാടാമല്ലി ജീവിതത്തിൽ അന്ധകാരം വന്നുമൂടിയേക്കാവുന്ന ആർക്കൊക്കെയോ എപ്പോഴെങ്കിലും ഒരു കൈവിളക്കാവാൻ തയ്യാറാണെന്ന് എഴുതി ഒപ്പിട്ട സാക്ഷ്യപത്രം, അവളുടെ അവയവദാനസമ്മതപത്രം കയ്യിൽ മുറുകെപ്പിടിച്ചിരുന്നു…..

ആകാശത്തിലിരുന്നൊരു കുഞ്ഞു നക്ഷത്രം ഒരിക്കലും വാടാത്ത ആ വാടാമല്ലിയുടെ ആ പുഞ്ചിരിക്കു കൂട്ട് ചേർന്നു…..

2 Replies to “വാടാമല്ലി”

Leave a Reply

Your email address will not be published. Required fields are marked *