Site Loader
ദർശ്ശ് പിഷാരടി

 

സൂര്യൻ അസ്തമയചക്രവാളത്തിൽ അപ്രത്യക്ഷനായി……ഇരുട്ട് തന്റെ നൈറ്റ് ഷിഫ്റ്റ് ഭംഗിയായി നിർവ്വഹിക്കാൻ തയ്യാറായിനിന്നു….

എനിക്ക് പക്ഷേ ഈ ഇരുട്ടിനെ പേടിയാണ്….

ഓർമ്മയുടെ അടിത്തട്ടിൽനിന്ന് കഴിഞ്ഞവർഷത്തെ ഒരു രാത്രി എന്നെ തേടി വരുന്നു…..

ഇതുപോലൊരു രാത്രി ഞാൻ ഉറങ്ങാതിരുന്നിട്ടുണ്ട്…..

എത്രയും വേഗം സൂര്യനുദിച്ച് നടന്നതെല്ലാം ഒരു സ്വപ്നം മാത്രമായിരിക്കണമേ എന്ന് ആഗ്രഹിച്ച ആ രാത്രി…..

എത്ര വിളക്കുകൾ കത്തിച്ചാലും ഉള്ളിലെ ആ ഇരുട്ടിനെ അകറ്റാൻ കഴിയാത്ത നാളുകൾ….

അന്നുമുതൽ രാത്രികൾക്ക് എൻറെ ഉള്ളിൽ വേറെ ഒരു മുഖമാണ്…ഇന്നും….

ഇത് പക്ഷേ തികച്ചും വ്യക്തിപരമായ ഒരു ചിന്തയാണ് എന്നെനിക്കറിയാം….രാത്രിയേക്കാൾ സുന്ദരമായി എന്താണുള്ളത്?…. ഇന്ദുപുഷ്പം ചൂടി നിൽക്കുന്ന രാത്രികൾ ആയിരങ്ങൾ ആസ്വദിക്കുന്നുണ്ടാവാം….
തികച്ചും യാദൃശ്ചികം എന്നു പറയണം.

ഒരുപക്ഷേ, അച്ഛന്റെ സിനിമകളിലെ രാത്രികളിലും ഒരു അസാധാരണത്ത്വം അനുഭവപ്പെടുന്നില്ലേ, എന്ന് ഞാൻ വ്യാകുലനാവാറുണ്ട്….

പകൽപൂരത്തിലെ ക്ലൈമാക്സ് സീക്വൻസും, പട്ടാഭിഷേകത്തിലെ തിരുവാഭരണം വീണ്ടടുക്കുന്ന രംഗവും, എന്നുവേണ്ട, മിക്ക സിനിമകളിലും രാത്രികൾ ശുഭസൂചകങ്ങൾ ആയിരുന്നില്ല… ചിലപ്പോൾ ഇതെല്ലാം വെറും മിഥ്യാധാരണകൾ മാത്രം ആയേക്കാം….

“ബാബുവിനേയും ബാബുവിന്റെ സിനിമകളേയും ധൈര്യം ആയി സകുടുബം സദസ്സുകളിൽ കൊണ്ടിരുത്താം ” എന്നൊരു രസികനായ കാരണവർ ഈ അടുത്ത് പറയുകയുണ്ടായി….

ശരിയായിരിക്കാം… അച്ഛന്റെ സ്വത:സിദ്ധമായ ചിരിയാണ് ഞാൻ ഈ ഒരു വർഷം ഏറ്റവും കൂടുതൽ മിസ്സ് ചെയ്തത്… ആ ചിരിയുടെ പിന്നിലെ രഹസ്യം ചിലപ്പോൾ എന്റെ അമ്മ ആയിരിക്കാം….
സ്ത്രീധനം സിനിമയുടെ സംവിധായകൻ സ്ത്രീധനം വാങ്ങാതെ വിവാഹിതനായി” എന്ന തലക്കെട്ടോടു കൂടിയ ഒരു പഴയ നാന സിനിമാ വാരിക അച്ഛൻ തന്നെയാണ് എന്നെ കാണിച്ചു തന്നിട്ടുള്ളത്… പെണ്ണുകാണൽ മഹാമഹത്തിന്റെ ഭാഗമായുള്ള നൂറാമത്തെ ചായ കുടിയിലാണത്രേ അമ്മയെ അച്ഛൻ കാണുന്നത്… അമ്മയെ പ്രണയിച്ച പോലെ അച്ഛൻ സിനിമയെ സ്നേഹിച്ചിരുന്നോ എന്നെനിക്ക് സംശയം ആണ്… ആ പ്രണയം അച്ഛന്റെ അവസാന ശ്വാസം വരെയും നീണ്ടു നിന്നു…”ജോതി….” ആർദ്രമായി അമ്മയുടെ പേര് പറഞ്ഞുകൊണ്ട് ഒരു ചിരിയോട് കൂടി ആ കണ്ണുകൾ അടഞ്ഞു… അത്രയും പ്രണയാർദ്രമായിരുന്നു ആ മരണം പോലും…

പക്ഷേ ഇന്നും ബാബു നാരായണൻ ജീവിക്കുന്നു… നമ്മുടെ ഓർമകളിലൂടെ… നമ്മളിൽ ഒരാളായിത്തന്നെ….

2 Replies to “പ്രണയാർദ്രമാ ജീവിതം, വിടപറയൽ”

Leave a Reply

Your email address will not be published. Required fields are marked *