Site Loader
സുരേഷ് ബാബു, വിളയിൽ
ലോക ഭാഷകളിലെ ഏറ്റവും നല്ല പത്ത് ചെറുകഥകളെടുത്താൽ മലയാളത്തിൽ നിന്നുള്ള ‘മൂന്നാമതൊരാൾ ‘എന്ന ഈ മുണ്ടൂർ കഥ അതിലിടം പിടിക്കും, തീർച്ച. പറഞ്ഞയാൾ നിസ്സാരക്കാരനല്ല. ചെറുകഥയിലെ കുലപതി ടി.പത്മനാഭൻ. സാഹിത്യ വാരഫലം എഴുതിയ എം.കൃഷ്ണൻ നായരും ഇതേ കാര്യം ഇങ്ങനെ തന്നെ പറഞ്ഞു.
ഇല്ലാത്തൊരാളുടെ അദൃശ്യ സാന്നിദ്ധ്യം കഥ മുഴുവൻ നിറക്കാൻ മുണ്ടൂർ കൃഷ്ണൻകുട്ടിക്കല്ലാതെ ആർക്കാണ് കഴിയുക?
മുണ്ടൂരിന്റെ കഥാലോകത്തിലേക്കൊരെത്തി നോട്ടം നടത്തുകയാണ് ലേഖകൻ.

(ഒന്ന്)

മുണ്ടൂർ കൃഷ്ണൻകുട്ടിയെ വായിക്കുമ്പോൾ സ്വയം ചോദിച്ചു പോകുന്ന ഒരു ചോദ്യമുണ്ട്.

“ഇദ്ദേഹം യഥാർത്ഥത്തിൽ ആരാണ്?” ആധുനികനാണോ? അസ്തിത്വ വാദിയാണോ? കമ്യൂണിസ്റ്റാണോ? അതോ കാല്പനികനോ?”

ഒരുത്തരവും കിട്ടില്ല. എന്നാൽ തിരിച്ചൊരു ചോദ്യം മുണ്ടൂരിന്റെ ഒരു കഥാപാത്രം നമ്മോട് ചോദിക്കുന്നുണ്ട്.

“എനിക്ക് എന്നെ തന്നെ അപരിചിതനാക്കി മാറ്റുന്ന നിങ്ങൾ ആരാണ്? എന്റെ മിത്രങ്ങളോ? ശത്രുക്കളോ? എന്നെ എന്താക്കി മാറ്റുകയാണ് നിങ്ങൾ?”

“ഞാനെവിടെ? “എന്ന കഥയിലെ നായകകഥാപാത്രത്തിന്റെതാണ് ഈ ചോദ്യങ്ങൾ .

നിങ്ങൾ വരച്ച കളങ്ങളിലേക്ക് ആവാഹിച്ച് വരുത്തി എന്നെ അതിൽ തളച്ചിടാൻ കിട്ടില്ല എന്ന പ്രഖ്യാപനം ഈ വരികളിലുണ്ട്. അദ്ദേഹം ആരാണെന്ന ചോദ്യത്തിന് നൽകാവുന്ന കിടിലൻ മറുപടി.

ധിക്കാരം എന്ന് പൊതുവേ മുദ്ര കുത്തുന്ന വ്യവഹാരങ്ങൾ വരെ, സൗമ്യഭാഷണത്തിലും വക്ത്രോക്തിയിലും ആഴത്തിൽ പൊലിപ്പിക്കാൻ മുണ്ടൂർകൃഷ്ണൻകുട്ടിക്കുള്ള കഴിവ് സമാനതയില്ലാത്തതാണ്. സ്വതസിദ്ധമായ ആ മൊഴിവഴക്കം അത്ഭുതപ്പെടുത്തുന്നതാണ്.

“കരുണ ചെയ്യാൻ ദൈവം താമസിക്കുന്നില്ല” എന്ന കഥ തന്നെയെടുക്കാം. ജാതിവാൽ പേരിൽ നിന്ന് മുറിച്ചു മാറ്റിയ സ്വാതന്ത്യസമര സേനാനിയായ അച്ഛന്റെ മകൻ രാഘവനാണ് കഥാനായകൻ.

അയാൾ സർക്കാർ വിദ്യാലയത്തിലെ അദ്ധ്യാപകനാണ്. എന്നാൽ മകൻ ഗോകുലിനെ സ്വന്തം സ്കൂളിൽ ചേർക്കാൻ അയാൾക്ക് താല്പര്യമില്ല. പണക്കാരുടെ കുട്ടികൾ പഠിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളിൽ എൽ.കെ.ജി.യിൽ ചേർക്കാനാണ് മോഹം.

പോരാളിയായ ഭർത്താവിന്റെ സഹവാസം കൊണ്ട് നേടിയ മൂല്യങ്ങളുടെ തിരിച്ചറിവിൽ, പേരക്കുട്ടി പൊതുവിദ്യാലയത്തിൽ തന്നെ പഠിക്കണമെന്ന് രാഘവന്റെ അമ്മ പറയുന്നു. മകനെ ഇംഗ്ലീഷ് മീഡിയത്തിൽ ചേർക്കുന്ന അധ്യാപകനായ അച്ഛൻ സമൂഹത്തിന് നല്കുന്ന സന്ദേശത്തെ കുറിച്ചും ആ അമ്മക്ക് നല്ല ധാരണയുണ്ട്. അമ്മയെ ധിക്കരിച്ച് രാഘവൻ മകനെ പണക്കാരുടെ സ്കൂളിൽ തന്നെ ചേർത്തു.

അഡ്മിഷൻ ഫോമിൽ കുട്ടിയുടെ പേര് ഗോകുൽ എന്നെഴുതി. പിന്നെയത് ഗോകുൽ പിഷാരടി എന്നാക്കി മാറ്റി. സ്വന്തം പേര് രാഘവപിഷാരടിയെന്നും, ഭാര്യയുടെ പേര് രമാ പിഷാരസ്യാർ എന്നെഴുതാൻ ഭാവിച്ച് അതിന് കനം പോരെന്ന് തോന്നി രമാ പിഷാരടി എന്നും എഴുതി. നഷ്ടപ്പെട്ട വാല് വീണ്ടും മുളച്ച, ആ നിമിഷം അയാൾ അനുഭവിച്ച അവാച്യമായ സന്തോഷം അമ്മ കേൾക്കാതെ ഭാര്യയുമായി പങ്കു വെക്കാൻ അയാൾ ആഗ്രഹിച്ചു. അമ്മയുമായി അത് പങ്കിടാൻ അയാൾക്ക് ധൈര്യവുമില്ല.

രാഘവനോട് കരുണ ചെയ്യാൻ ദൈവം ഒട്ടും അമാന്തിച്ചില്ല. അമ്മയെ ദൈവം തന്റെ കൂടെ കൂട്ടുന്നു. അതോടെ കഥ അവസാനിക്കുന്നു. നമ്മെ നാമാക്കിയ മൂല്യങ്ങളുടെ കഥയും അതോടെ തീരുന്നു.

മുണ്ടൂർ കൃഷ്ണൻകുട്ടിയുടെ കറുത്തഹാസ്യം ചുരുൾ വിടരുന്ന കഥയാണിത്. ഇത്തരം ഹിപ്പോക്രസികളിൽ മുണ്ടൂർ ആരെയും കുറ്റപ്പെടുത്തുന്നില്ല എന്നതാണ് ഏറെ വിചിത്രം .

(രണ്ട്)

എഴുത്തുകാരനും സംവിധായകനു മായ വിനോദ് മങ്കരയുമായി നടത്തിയ അഭിമുഖത്തിൽ മുണ്ടൂർ ഇങ്ങനെ പറയുന്നു.

“കണ്മുമ്പിൽ കാണുന്ന ഓരോ തെറ്റുകൾക്കും കുറവുകൾക്കും കാരണം ഞാൻ തന്നെയാണോ എന്ന സംശയം ബലപ്പെടുന്നുണ്ട്. അങ്ങനെ വരുമ്പോൾ ഏറിയ സമയവും ഞാൻ എന്നെ തന്നെ വിചാരണ ചെയ്യണം. അപ്പോൾ ഓരോ വായനക്കാരനും അവനവനെ തന്നെ വിചാരണ ചെയ്യേണ്ടിവരും. ഫലപ്രദമായി ഇത് സാധിക്കുമെങ്കിൽ അതെന്റെ കഥയുടെ വിജയമായിരിക്കും. ഒരു കഥ വായിച്ച് ശരിയാണ് ട്ട്വോ, എന്ന് ഒരാൾ ആത്മഗതം ചെയ്താൽ ആ വായനക്കാരനെ എനിക്കൊപ്പം നടത്താനായി “.

മുണ്ടൂർ കൃഷ്ണൻകുട്ടിയുടെ കൂടെ ഇങ്ങനെ നടക്കുന്ന അസംഖ്യം വായനക്കാരുണ്ട്. അദ്ദേഹത്തിന്റെ മിക്ക കഥകളും അവനവനോടുള്ള ആത്മഭാഷണങ്ങളാണെങ്കിലും വായനക്കാരനും അറിയാതെ അതിൽ പങ്കുചേരുന്നു.

കോങ്ങാട് സംഭവത്തിന് ശേഷം മുണ്ടൂരിലെ ഇടവഴികളിലൂടെ ബൂട്ടുകളുടെ ശബ്ദം അർദ്ധരാത്രിയിലും കടന്നു പോയപ്പോഴും ഏതെങ്കിലും ഒരു ദിവസം ഷെൽട്ടർ തേടി സുഹൃത്ത് മുണ്ടൂർ രാവുണ്ണി യെത്തിയേക്കും എന്ന പ്രതീക്ഷയിൽ വാതിലടക്കാൻ കൃഷ്ണൻകുട്ടിക്ക് കഴിഞ്ഞില്ല. അതേസമയം ഉള്ളിലെ ഭീരു അങ്ങനെയൊരവസ്ഥയെ എങ്ങനെ നേരിടുമെന്നോർത്ത് പരിഭ്രമിച്ച കാര്യവും പറയുന്നുണ്ട്.

കൊലയാളിയായ മുണ്ടൂർ രാവുണ്ണിയെ കാത്ത് വാതിൽ തുറന്നു വെച്ചിരുന്നു എന്ന് പറയുമ്പോഴും അദ്ദേഹം രാവുണ്ണി പ്രതിനിധാനം ചെയ്യുന്ന ഉന്മൂലനസിദ്ധാന്തത്തെ ന്യായീകരിക്കുന്നില്ല. അതേ സമയം കൂട്ടുകാരന്റെ ആത്മാർത്ഥതയെ ചോദ്യം ചെയ്യുന്നുമില്ല

ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിലും അടിയുറച്ച വിശ്വാസം മുണ്ടൂർ കൃഷ്ണൻകുട്ടിക്കില്ല. എപ്പോഴും അദ്ദേഹം ഇടതുപക്ഷചിന്തയുടെ കൂടെയാണ്.അത് പലപ്പോഴും രൂപപ്പെടുന്നത് ആരും പറഞ്ഞിട്ടല്ല. സ്വന്തം മനസ്സിൽ തന്നെയായിരുന്നു.

എപ്പോഴും ഒരു സന്ദേഹിയാണ് താനെന്നും അത് കൊണ്ടാണ് കഥയെഴുതുന്നതെന്നും മുണ്ടൂർ പറയുന്നു. ഒരു സന്ദേഹിക്ക് മാത്രമേ യഥാർത്ഥ ഹ്യൂമനിസ്റ്റ് ആവാൻ കഴിയൂ. തന്റെ ഉള്ളിൽ ഒരു സന്ദേഹിയുടെ രാഷ്ട്രീയമാണുള്ളത്.

ഈശ്വരനിൽ വിശ്വസിക്കാൻ കഴിയുന്നില്ലല്ലോ എന്നതായിരുന്നു മുണ്ടൂരിന്റെ ഏറ്റവും വലിയ ദു:ഖം.

” …..പുനർജന്മത്തിൽ വിശ്വാസമില്ല. എന്നാൽ എന്തൊക്കെയോ സ്വാധീനങ്ങൾ പാരസ്പര്യം കൊണ്ടും മറ്റും നമുക്കുണ്ടാവുന്നുണ്ട്. അതു കൊണ്ടാണല്ലോ അമ്മിണിയോപ്പോൾ ( മുണ്ടൂരിന്റെ സഹോദരി) മരിച്ചു പോയാലും അവർ ഇവിടെ ഇട്ട് പോയ ഭക്തി ചിഹ്നങ്ങൾ ഒഴിവാക്കാൻ എനിക്ക് കഴിയാത്തത്. തൊട്ടടുത്ത ശിവക്ഷേത്രത്തിൽ പൂജ മുടങ്ങിയാൽ അതെന്നെ അസ്വസ്ഥനാക്കുന്നു”.

മനസ്സിന്റെ ഇത്തരം വൈരുദ്ധ്യം നിറഞ്ഞ സമസ്യകൾ മുണ്ടൂരിന്റെ കഥകൾക്ക് വളക്കൂറാകുന്നു. മനസ്സിന്റെ ഏകതാനതയിലല്ല ദ്വന്ദാത്മകതയിലാണ് മുണ്ടൂർ കൃഷ്ണൻകുട്ടിയുടെ കഥകൾ വേറിട്ടു നില്ക്കുന്നത്.

(മൂന്ന്)

ഒരു സന്ദേഹിയുടെ മൂന്നാംകണ്ണ് ഓരോ കഥയിലും ഇതൾവിരിയുന്നത് നമുക്ക് കാണാനാവും. അത് മുണ്ടൂർകഥകളുടെ ശക്തിയായും ദൗർബല്യമായും വിലയിരുത്താറുണ്ട്.

ദ്വന്ദാത്മകതയുടെ വൈരുദ്ധ്യങ്ങൾക്കിടയിൽ കോമ്രേഡ് അപ്പുണ്യാര് എന്ന കഥാപാത്രം അനുഭവിപ്പിക്കുന്ന ദാർശനിക തെളിമ എത്രയാണ്?

” അപ്പുണ്യാരുടെ വാക്കുകൾ മനസ്സിലാക്കാൻ പലപ്പോഴും കാലമെടുക്കും. ഞങ്ങൾ ചെറുകാടിന്റെ അറുപതാം പിറന്നാളിന് പാലക്കാട് ഒത്തുകൂടി മടങ്ങുമ്പോഴായിരുന്നു കോമ്രേഡ് പറഞ്ഞത്.

“എടോ.. എല്ലാ മനുഷ്യരുടെയുളളിലും വേറൊരു മനുഷ്യനും കൂടിയുണ്ടെന്ന് താൻ മനസിലാക്കണം. ഉള്ളിലെ ആ മനുഷ്യൻ പലപ്പോഴും യുക്തിക്കും അപ്പുറത്താണ് നില്ക്കുക. ആ മനുഷ്യനാണ് ചെറുകാടിന്റെ ഒരു വിരലിൽ ആ മോതിരമിടുവിച്ചത്.”

ചെറുകാടിനെ പോലുള്ള ഒരു കമ്യൂണിസ്റ്റുകാരൻ കൈവിരലുകളി ൽ മൂകാംബികയുടെ മുദ്രയുള്ള മോതിരമിട്ടു നടക്കുന്നതിന്റെ യുക്തിയില്ലായ്മയെ കുറിച്ച് അനുമോദനത്തിൽ ആവലാതി പറഞ്ഞിരുന്നു. സദസ്സിൽ നിന്നതിന് നല്ല പിൻബലവും കിട്ടി. അന്നേരം അമർത്തിപ്പിടിച്ച ചിരിയുമായി മിണ്ടാതിരുന്ന കോമ്രേഡ് എന്റെ ആവലാതിയെ കുറിച്ച് സംസാരിക്കുകയാണ്.

” ശുദ്ധഗതിക്കാരനായ ചെറുകാടിന് ആ അകം മനുഷ്യനെ പിണക്കാൻ വയ്യ. നിങ്ങളെ പോലെ മന:പാഠമാക്കിയ തത്ത്വങ്ങളിലിരുന്ന് ആവലാതി പറയുന്നവരുടെ ആത്മാർത്ഥതയെ നോവിക്കാനും വയ്യ. ഞാനൊന്നു പറയാം, കുട്ട്യോളേ, ഈ അകത്തുള്ള ആളുടെ സാന്നിദ്ധ്യം കൂടി അറിയുമ്പോഴേ നിങ്ങളുടെ ചിന്തകളിൽ തെളിമ പതിയു”.

മുണ്ടൂരിന്റെ ആത്മാവിഷ്ക്കാരം തന്നെയാണ് ഈ അപ്പുണ്യാര്. അകത്തൊരാളുണ്ടെന്ന പൊരുളറിവുകളാണ് എല്ലാ മുണ്ടൂർ കഥകളുടേയും ആത്മാവ്.

എന്റെ നാട്ടിലെ വിളയിൽ ഭഗവതീ ക്ഷേത്രത്തിന്റെ ജീർണ്ണോദ്ധാരണത്തോടനുബന്ധിച്ച് ഒരു സ്മരണിക പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു. അതിലേക്കൊരു ലേഖനം വേണമെന്നഭ്യർത്ഥിച്ചപ്പോൾ അദ്ദേഹം സസന്തോഷം എഴുതി തന്നു.
അതിൽ ഈ അകം പൊരുളിനെ കുറിച്ച് മുണ്ടൂർ പറയുന്നത് ഇങ്ങനെയാണ്.

“ദൈവം അരൂപനാണ്. രൂപത്തിൽ അവനെ കാണാൻ കഴിയില്ല. അതൊരു അറിയപ്പെടലാണ്. അവബോധമാണ്. ഞാൻ അനുഭവിക്കുന്ന ജ്ഞാനമാണ്.

അത് കൊണ്ടാണ് ദൈവം ഇവിടെയുണ്ടോ എന്ന് ചോദ്യത്തിന് എവിടെയുമുണ്ട് എന്ന ഉത്തരം ഉണ്ടായത്. തന്റെ സൗമ്യ സ്പർശം കൊണ്ട് ദൈവം എല്ലാറ്റിനേയും ദീപ്തമാക്കുന്നു. അതു കൊണ്ട് എന്റെ അകത്തും ദൈവമുണ്ടെന്നും ഞാൻ തന്നെ ദൈവമെന്നും പറയാൻ കഴിയുന്നു.

പാവങ്ങൾ ഉറങ്ങുമ്പോൾ അവർക്കരികിൽ ഇമ പൂട്ടാതെ കാവലിരിക്കുന്ന അരുമസത്യമായാണ് ബ്ലേക്ക് എന്ന ഇംഗ്ലീഷ് കവി ദൈവത്തെയറിഞ്ഞത്. ഓരോ പൂവിലും ഇളം തളിരിലും ദൈവ സ്പർശം ബ്ലേക്ക് അറിയുന്നു. ഇത്തരമൊരു ദൈവസാന്നിധ്യം മനുഷ്യകുലത്തിന് ആശ്വാസം അരുളുന്നു.”

(നാല്)

അജ്ഞാനത്തെ മൂർത്തസത്യമായി അംഗീകരിക്കുന്ന മുണ്ടൂരിന് ഏറ്റവും ഇഷ്ടപ്പെട്ട രൂപകം ഇരുട്ടാണ്. മുണ്ടൂർ കഥകളുടെ പശ്ചാത്തലം ഇരുട്ടാണ്. അന്തല്യായ പോലെ ഇരുട്ട്. ഇരുട്ടിന്റെ ഓരം പറ്റി. ഇരുൾ തിന്നുതീർത്ത പകൽ ഇതെല്ലാം മുണ്ടൂരിന്റെ കഥകളിൽ കൂടെക്കൂടെ കയറി വരും.

ഇരുട്ടിൽ ഇരുട്ടു പോലെ എന്ന പേരിൽ ഒരു കഥ തന്നെ മുണ്ടൂർ എഴുതിയിട്ടുണ്ട്. കറുത്തവാവിൻ നാളിലെ രാത്രിയെ പോലെ ഒരാൾ വന്ന് കൊല്ലുമെന്ന് പറയുമ്പോൾ സംഭവിക്കുന്ന കാര്യങ്ങളാണ് കഥയിലെ പ്രമേയം.

അടുത്ത കാലത്തായി കോളനിക്കാരെല്ലാം നെറ്റിയിൽ വലിച്ചു നീട്ടിയ കുങ്കുമക്കുറിയിടുന്നത് പുതുമയല്ലാതായി. അയാൾക്കങ്ങനെയൊരു പതിവില്ല. എന്നാൽ മാവേലി സ്റ്റോർ ഉൽഘാടനത്തിന് നിലവിളക്ക് കൊളുത്താൻ ഉദ്ഘാടകൻ വിസമ്മതിച്ചു. അപ്പോൾ അയാളും വലിച്ചുനീട്ടിയൊരു കുങ്കുമക്കുറിയിട്ടു. മരുഭൂമികൾ ഉണ്ടാകുന്ന വിധം ഇങ്ങനെ വിവരിക്കാൻ മുണ്ടൂരിനല്ലാതെ ആർക്കാണ് കഴിയുക?

തണുത്തും ചീർത്തും കിടക്കുന്ന ഇരുട്ടിൽ ചവിട്ടിച്ചവിട്ടിയാണ് അവർ രണ്ടു പേരും നടന്നത്. അച്ഛനും ഉണ്ണിയും. അങ്ങനെ നടന്നുകൊണ്ടിരിക്കെ ഒരു കാൽപ്പെരുമാറ്റം പിന്നിൽ കേൾക്കുന്നതായി തോന്നി. വഴിയിലെ പൊടിമണലിൽ ചെരിപ്പ് ഉരയുന്നതു പോലെ. ഞങ്ങളോടൊപ്പം ആ ശബ്ദം നടക്കുന്ന പോലെ.

പിമ്പാക്കം നോക്കി ഇരുട്ടിനോട് ഞാൻ ചോദിച്ചു.

“ആരാ അത്?”

മറുപടിയൊന്നും കേട്ടില്ല.

എന്നാലും ഒരു മൂന്നാമൻ ഞങ്ങളുടെ കുടെ നടക്കുന്നുണ്ടെന്ന് തോന്നി.
രണ്ടു വർഷം മുമ്പത്തെ ഒരു തിരിച്ചു പോക്ക്. അന്ന് ഞങ്ങൾ മൂന്ന്പേരുണ്ടായിരുന്നു. ഇപ്പോൾ കൂടെയില്ലാത്ത ആ മൂന്നാമതൊരാൾ.

മുണ്ടൂരിനെ ലോക ചെറുകഥാ ഭൂപടത്തിലേക്ക് ഉയർത്തിയ “മൂന്നാമതൊരാൾ ” എന്ന കഥയിൽ നിന്ന് ഉദ്ധരിച്ച ഭാഗമാണ് മേല്പറഞ്ഞത്. വായിക്കുമ്പോൾ ബിംബസമൃദ്ധിയുള്ള കവിതയായി ആ കഥ രൂപം മാറുന്നു എന്നാണ് അനുഭവം.

ലോക ഭാഷകളിലെ ഏറ്റവും നല്ല പത്ത് ചെറുകഥകളെടുത്താൽ മലയാളത്തിൽ നിന്നുള്ള ഈ മുണ്ടൂർ കഥ അതിലിടം പിടിക്കും, തീർച്ച. പറഞ്ഞയാൾ നിസ്സാരക്കാരനല്ല. ചെറുകഥയിലെ കുലപതി ടി.പത്മനാഭൻ. സാഹിത്യ വാരഫലം എഴുതിയ എം.കൃഷ്ണൻ നായരും ഇതേ കാര്യം ഇങ്ങനെ തന്നെ പറഞ്ഞു.

ഇല്ലാത്തൊരാളുടെ അദൃശ്യ സാന്നിദ്ധ്യം കഥ മുഴുവൻ നിറക്കാൻ മുണ്ടൂർ കൃഷ്ണൻകുട്ടിക്കല്ലാതെ ആർക്കാണ് കഴിയുക?

മൗനത്തിന്റെ വർത്തമാനം തീർന്നു. വാക്കുകൾ ഉരിയാടാൻ തുടങ്ങി. തെല്ല് നേരം കഴിഞ്ഞപ്പോൾ വാക്കുകൾ തൊണ്ടയിലൂടെ താഴോട്ടിറങ്ങിയ കാഴ്ചയും.

ആദ്യ വായനയിൽ, ”അമ്മ പൊരുളറിഞ്ഞു. ” എന്ന വാചകം വായിച്ചപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു. തൊണ്ട കനത്തു. ഞാൻ വെറുതേ ഒ.വി.വിജയനെ കുറിച്ചോർത്തു. മകനുള്ള പാഥേയം ബലിച്ചോറാക്കിയ വെള്ളായിയപ്പനെ ഓർത്തു. കുറെ നേരം കരഞ്ഞു. പിന്നെയും കുറെ കഴിഞ്ഞാണ് ഞാനാ കഥ വായിച്ചു തീർത്തത്. അത് നിരൂപണം ചെയ്യാൻ ഞാനാളല്ല. അനുഭവിക്കാൻ മാത്ര മുള്ളതാണ് “മൂന്നാമതൊരാൾ” എന്ന കഥ.

അമ്മയുടെ കണ്ണിൽ കിനിഞ്ഞ വെള്ളം. പുരാതനമായ മണം കെട്ടിക്കിടന്ന പത്തായപ്പുരയിലെ മാറാല കെട്ടിയ തട്ടിൽ തലകീഴായി തൂങ്ങിക്കിടക്കുന്ന കാലം. തണുത്ത ഇരുട്ട്. ഇരുട്ടിൽ മറഞ്ഞ് നിന്ന് നഖംകടിച്ചു തുപ്പുന്ന ഉറക്കം. ആ മുറിയിൽ ഒറ്റക്കല്ല താനെന്ന് കൃഷ്ണൻകുട്ടിയുടെ തോന്നൽ.

നേരത്തെയെണീറ്റ് ഉണ്ണിയേയും കൊണ്ട് ഈറനോടെ അമ്പലത്തിൽ ചെന്നു. ഭഗവതി എന്നെ തന്നെ നോക്കിക്കൊണ്ടിരിക്കുന്നു.

” ഭഗോതി അടിയനും കുട്ടിയും വന്നിരിക്കുന്നു”……..

…… ”അമ്മക്കെല്ലാം മനസിലാവുമല്ലോ?”

മുഴുമിക്കാത്ത ആ അപേക്ഷയിൽ എന്റെ എല്ലാ അപേക്ഷയുമുണ്ടായിരുന്നു. ഭഗോതി എന്റെ അപേക്ഷയറിഞ്ഞ് കണ്ണടച്ചു.

അമ്പലത്തിൽ നിന്ന് മടങ്ങുമ്പോൾ പിന്നിൽ പൊടിമണലിൽ കാലുരയുന്ന ശബ്ദം.

ഞാൻ ഉണ്ണിയോട് പറഞ്ഞു.

“തൃശൂര് നിന്ന് നിനക്കിഷ്ടമുള്ള തൊക്കെ വാങ്ങി തരാം ട്ടോ”. കഥ ഇവിടെ അവസാനിക്കുന്നു.

കഥ കഴിയുമ്പോൾ സാധാരണ ജീവിതവും കഴിയുംഎന്ന പ്രസ്താവന മുണ്ടൂർ കൃഷ്ണൻകുട്ടിയുടെ എഴുത്തു വഴികളിൽ ശരിയല്ല. ഓരോ കഥയും കഴിയുമ്പോൾ അസംഖ്യം പുതുകഥകൾ ജന്മമെടുക്കുകയാണ്. മനുഷ്യ ജീവിതത്തിന്റെ ആർദ്രമായ ഭൂമിയിൽ കാലുറപ്പിച്ച് അനന്തമായ ആകാശത്തിലേക്ക് പറന്നുയരാനുള്ള പൊരുളുകൾ ഓരോ കഥയിലും ഉണ്ട്.

സന്ദേഹിയുടെ മൂന്നാം കണ്ണ് പൊരുളറിവിന്റെത് കൂടിയാണ്. അവയിലെ ഭാവപരിസരങ്ങൾ വർണ്ണിക്കുന്നവൻ കടലാഴമളക്കാൻ കടലിലിറങ്ങിയ ഉപ്പുപാവ മാത്രം. മുണ്ടൂരിന്റെ കഥകളുടെ നിരൂപണവും അങ്ങനെ തന്നെയെന്നറിഞ്ഞ് വെറുമൊരു ഉപ്പുപാവ മാത്രമായ ഞാൻ പിന്നാക്കം പോകുന്നു.

മഹാനായ ആ എഴുത്തുകാരന്റെ സർഗ്ഗ പ്രതിഭക്ക് മുമ്പിൽ പ്രണാമം.

Leave a Reply

Your email address will not be published. Required fields are marked *