Site Loader
രവീന്ദ്രൻ ടി. ജി

 

വൈരുദ്ധ്യങ്ങൾ നിറഞ്ഞ കാഥാപാത്രങ്ങളെ കാഴ്ചവയ്ക്കുന്ന ഒരു മഹത്തായ കൃതിയാണ് രാമായണം എന്നുള്ളത്, നിസ്തർക്കമായ ഒരു യാഥാർത്ഥ്യം ആണ്.

ജേഷ്ഠന് വേണ്ടിസ്വന്തം ജീവിതം ബലിയർപ്പിക്കുവാൻ തയ്യാറുള്ള ഒരു സഹോദരൻ അയോദ്ധ്യയിൽ ഉണ്ടെങ്കിൽ കിഷ്കിന്ധയിൽ ജേഷ്ഠനെ ഭയന്ന് ഒളിഞ്ഞു ജീവിക്കുന്ന വേറൊരു സഹോദരൻ!

അതുപോലെ, മര്യാദാ പുരുഷോത്തമനായ, ഏകപത്നീവ്രതനായ രാമൻ ഒരു വശത്തും, എല്ലാ മര്യാദകളും ലംഘിച്ച് പരസ്ത്രീ ഗാമിയായ രാവണൻ മറുവശത്തും.

ഇതു പോലെ വ്യത്യസ്തമായ കഥാപാത്രങ്ങൾക്ക് വിപരീതമായി, വൈരുദ്ധ്യങ്ങൾ നിറഞ്ഞ നായിക കഥാപാത്രമായ സീതയും.

യഥാർത്ഥത്തിൽ സീതയിൽ വൈരുദ്ധ്യാത്മകതയുണ്ടാ?

കഥയുടെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ മനസിലാവും, വളരെ ശ്രദ്ധയോടെ കഥ ഗ്രഹിക്കുന്നവർക്ക്.

ശ്രീരാമാഭിഷേകവിഘ്നത്തിൽ നിന്നും തുടങ്ങാം.

ശ്രീരാമൻ സീതാദേവിയെ കാനനവാസത്തിൽ നിന്നും പിന്തിരിപ്പിക്കുവാൻ പരമാവധി ശ്രമിക്കുമ്പോഴും വളരെ ദൃഢമനസ്സോടെ ദേവി പറയുന്നത്, പ്രാണാവസാന കാലത്തു പോലും പിരിയാൻ പാടില്ല എന്ന മന്ത്രമോർക്കാനാണ്.

തന്റെ പാദ സുശ്രൂഷാവൃതം മുടക്കരുതെന്നും “നിന്നുടെ സന്നിധൌ സന്തതം വാണീടുമെന്നെ മറ്റാർക്കാനും പീഡിച്ചു കൂടുമോ ?” എന്നു ചോദിക്കുമ്പോൾ , രാമനിലുള്ള അചഞ്ചലമായ വിശ്വാസത്തെ
കാണിക്കുന്നു. ഇവിടെ പതി പത്നീ ബന്ധത്തിന്റെ പാരസ്പര്യം നമുക്ക് മനസ്സിലാക്കാം.

“രാമൻ മനുഷ്യനല്ലേക സ്വരൂപനാം സാക്ഷാൽ മഹാവിഷ്ണു ആദിനാരായണൻ” എന്ന തത്വം ശരിക്കും ഉൾക്കൊള്ളുന്ന വിശ്വാസം.

വാസ്തവത്തിൽ പരബ്രഹ്മത്തെ ആശ്രയിക്കുന്നവർക്ക് പീഡനം എന്നൊന്നില്ലല്ലോ. അസ്ഥിരമായ ഭൗതിക വസ്തുക്കളിൽ ആശ്രയം തേടുന്നവർക്കല്ലെ പീഡനത്തിന്റെ അനുഭവമുണ്ടാവുകയുള്ളു.

സ്ഥായിയല്ലാത്ത ഒരു വസ്തുവിൽ നിന്നും പൂർണ്ണത അനുഭവ ലബ്ധമല്ല. അങ്ങിനെ രാമനിൽ പരിപൂർണ്ണ വിശ്വാസവും, സ്നേഹാദരങ്ങളും അർപ്പിച്ച് കാനനത്തിലേക്കു പിന്തുടരുന്ന സീത അവരുടെ പഞ്ചവടി വാസക്കാലത്ത്, ഒരു വിരുദ്ധസ്വഭാവം കാണിക്കുന്നത്‌ നമുക്ക് കാണാം.

കഥാരംഗം, മാരീചന്റെ വേഷത്തിൽ വന്ന പൊന്മാനെ(സ്വർണ്ണ വർണ്ണമുള്ള) പിടിക്കുവാൻ ശ്രീരാമനോട് അഭ്യർത്ഥിക്കുന്നതാണ്. പൊന്മാൻ തന്ത്രപൂർവം രാമനെ സീതയിൽ നിന്നും അകറ്റുന്നു.
ഇതിന്റെ വ്യഗ്യാർത്ഥം പരബ്രഹ്മ സ്വരൂപമായ രാമനിൽ നിന്നും അകറ്റിയാലെ ആസുരിക ഭാവമായ രാവണന് സീതയോട് അടുക്കുവാനും കൊണ്ടുപോകുവാനും കഴിയുകയുള്ളു. ആസുരിക ഭാവം അടുക്കുന്നത് ചൈതന്യത്തിൽ നിന്നും അകലുമ്പോഴാണ് എന്ന് സൂചന. രാമനെ അകറ്റാൻ ഉപയോഗിക്കുന്നത് സദാ രാമനാമം ജപിക്കുന്ന മാരീചനെയും. തന്റെ കർമ്മപാശ ബന്ധനം കൊണ്ട് മാരീചൻ ഇതിന് കാരണമാകുന്നു. ഒരു നിയോഗം പോലെ. പൊന്മാനായ മാരീചനെ കണ്ടപ്പോൾ, രാമൻ സ്പഷ്ടമായ ഭാഷയിൽ പറയുന്നു ഇത് പൊന്മാന്റെ വേഷം പൂണ്ട രാക്ഷസനാണ് എന്ന്. പക്ഷെ മായക്കധീനപ്പെട്ടതിനാൽ സീതദേവിക്ക് ആഗ്രഹം ജനിക്കുന്നു. ഇതു തന്നെയാണ് മനുഷ്യരാശി നേരിടുന്ന ദുരന്തവും. പൊന്മാനെന്ന(സ്വർണ്ണവർണ്ണമുള്ള) ഒരു ജീവി ഭൂലോകത്തില്ല എന്ന് ദേവിക്ക് ആരും പറയാതെയറിയാവുന്നതാണ്. എങ്കിലും മായയുടെ വൈഭവം നോക്കു. തുടർന്ന് രാമബാണമേറ്റ് വീഴുന്ന മാരീചൻ രാമശബ്ദത്തിൽ കരയുന്നതും, ഇത് രാമന്റെ രോദനമെന്ന് തെറ്റിദ്ധരിച്ച് ലക്ഷ്മണനെ പഴി പറയുന്നതും മായയുടെ കളി തന്നെ. അസഭ്യ വാക്കുകൾ സഹിക്കാനാവാതെ ലക്ഷ്മണൻ സീതയെ ഒറ്റക്കാക്കി പോകുന്നു. ലക്ഷ്മണൻ തന്നാലാവുന്ന വിധത്തിൽ ദേവിയേ പറഞ്ഞു ധരിപ്പി ക്കുവാൻ നോക്കുന്നുണ്ട്, എല്ലാ മായാശക്തികളും തന്റെ വരുതിയിൽ നിർത്തിയിരിക്കുന്ന ജേഷ്ഠനിൽ നിന്നും ഇത്തരമൊരാർത്തനാദം വരില്ലാ എന്ന്. പക്ഷെ രാമന്റെ സന്നിധിയിൽ എന്നും സുരക്ഷിതമായി ഇരിക്കും എന്ന് പറഞ്ഞ് കാനനവാസത്തിന് പുറപ്പെട്ട സീതാദേവി രാമനിൽ നിന്ന് അകന്നപ്പോൾ, വിനാശകാലേ വിപരീതബുദ്ധി എന്ന വിധത്തിൽ ചിന്തകൾ തെറ്റായി ചലിച്ചു.

ഇവിടെയാണ് ഗീതയിൽ കൃഷ്ണനോട് അർജ്ജുനൻ പറയുന്ന “ചഞ്ചലം ഹി മന: കൃഷ്ണ” എന്ന ശ്ലോകം ഓർമ്മവരുന്നത്. അതിന് കൃഷ്ണൻ പറയുന്ന മറുപടിയോ?

“അസംശയം മഹാബാഹോ മനോ ദുർനിഗ്രഹം ചലം അഭ്യാസേന തു കൗന്തേയ, വൈരാഗ്യേണ ച ഗൃഹ്യതേ” എന്നാണ്. സീത ആ സന്ദർഭത്തിൽ അപ്രകാരം ഒരു വൈരാഗ്യത്തിന് ഉടമയായിരുന്നെങ്കിൽ, രാമനിൽ നിന്നും അകലുമായിരുന്നില്ല.

അദ്ധ്യാത്മരാമായണത്തിൽ ശരിക്കുള്ള സീതയെ അഗ്നിമണ്ഡലത്തിൽ വച്ച്, മായാസീതയെ പർണ്ണ കുടീരത്തിൽ നിർത്തിയാണ് മാനിന്റെ പുറകെ രാമൻ പോയതെന്ന് ഒരു പ്രതിപാദ്യമുണ്ട്. ഇത്
കേവലം പ്രതിബിംബാത്മകമാകാനെ വഴിയുള്ളു.

നമ്മുടെ ഉള്ളിലുള്ള അഹം എന്ന പരമാത്മചൈതന്യം മറഞ്ഞിരിക്കുന്ന ബോധത്തിന്റെ അഗ്നിമണ്ഡലത്തിൽ നിന്ന്, ധ്യാനനിധിന്യാസത്തിലൂടെ പ്രോജ്ജ്വലിപ്പിച്ച് കുണ്ഡലിനി ശക്തിയെ ഉണർത്തി സഹസ്രാര പത്മത്തിൽ ഒരു താമരയായി വിടർന്നാൽ പിന്നെ മായാമാനുഷ ഭാവമില്ല. ഇതാണ് പർണ്ണശാലയിലെ സീതയും അഗ്നി മണ്ഡലത്തിലെ സീതയും.

സീത ലക്ഷ്മണനെ അതിനിശിതമായ ഭാഷയിൽ പഴി ചാരുന്നു. ഒരു കുല സ്ത്രീക്ക് ചേരാത്ത പ്രവൃത്തി. പലപ്പോഴും ആളുകൾ തെറ്റിദ്ധാരണ കാരണം മറ്റുള്ളവരെ പഴിക്കുകയും ശപിക്കുകയും
ചെയ്യുന്നത് നാം ദൈനദിന ജീവിതത്തിൽ കാണുന്നതാണല്ലോ. രാമൻ പിന്നീട് ലക്ഷ്മണനോട് പറയുന്നതു കേൾക്കുക. മറ്റുള്ളവരുടെ ശാപ വാക്കുകളാലോ ആരോപണങ്ങൾക്കോ വശംവദനായി സ്വന്തം
കർത്തവ്യത്തിൽ നിന്നും വ്യതിചലിച്ചത് ഉചിതമായില്ല എന്ന്. ലക്ഷ്മണനിൽ നിക്ഷിപ്തമായ കർത്തവ്യം സീതയെ കാത്തുരക്ഷിക്കുക എന്നതാണ്.

ഇനി സീതയുടെ മറ്റൊരുവശം. അശോകവനിയിൽ രാക്ഷസികളാൽ വലയപ്പെട്ട് ആരുടെയും സഹായമില്ലാത്ത അവസ്ഥയിൽ, രാമനെ ധ്യാനിച്ച് രാമനാമം ജപിച്ച് കഴിയുമ്പോഴാണ് ഹനുമത് ദർശനമുണ്ടാവുന്നത്. സീതാദേവിയെ കൊണ്ട് താൻ രാമന്റെ അടുത്തേക്ക് പോകാമെന്നു ഹനുമാൻ പറയുമ്പോൾ, ദേവി പറയുന്നു അത് രാമന് അപകീർത്തികരമാണ് എന്ന്. രാമൻ വന്ന് യുദ്ധം
ചെയ്ത് രാവണ നിഗ്രഹത്തിന് ശേഷം രാമനാൽ കൊണ്ടു പോകണമെന്ന്. രാമനിൽ അചഞ്ചലമായ വിശ്വാസമാണ് ഇവിടെ കാണുന്നത്. രാമനാമത്തിന്റെ മാഹാത്മ്യം.

ചുരുക്കത്തിൽ ഈശ്വരനുമായി ഉപവസിക്കുമ്പോൾ എല്ലാ സാധകരും ഋണാത്മകമായ ചിന്താധാരകൾ ഇല്ലാതെ ഒരു ധനാത്മകമായ ചിന്താധാരക്ക് ഉടമയാകും അതായത് സ്ഥായിയായ
പരമാത്മചൈതന്യത്തിൽ അലിഞ്ഞുള്ള ഒരു ജീവിതം.

സത്സംഗവും ഇത്തരമൊരു ജീവിതധാരക്ക് വഴിയൊരുക്കുന്നു.

One Reply to “ചഞ്ചലം ഹി മന: കൃഷ്ണ”

  1. അർത്ഥപൂർണമായ വിശകലനം…
    സമകാലിക മായാ പ്രപഞ്ചത്തിൽ വിഹരിക്കുന്ന യുവ ചൈതന്യത്തിനു ഇത്തരത്തിലുള്ള ലേഖനങ്ങൾ വഴിത്തിരിവാകട്ടെ…

    അഭിനന്ദനങ്ങൾ…

Leave a Reply

Your email address will not be published. Required fields are marked *