Site Loader
ഹരികൃഷ്ണൻ കെ. പി

 

ആരും പ്രവചിക്കാത്തതും പ്രതീക്ഷിക്കാത്തതുമായ ഒരു അനിശ്ചിത കാലഘട്ടത്തിലൂടെ നടന്നു നീങ്ങുകയാണ് നാമെല്ലാവരും. ഈ സമയത്ത് പക്ഷെ ആശങ്ക എന്നതിലുപരി ഒരു ആകാംക്ഷയാണ് എല്ലാവരിലും കാണുന്നത്.

ഭൂരിപക്ഷം മനുഷ്യരും മാനസിക സംഘർഷങ്ങൾകൊണ്ട് തകർന്നു തരിപ്പണമാവേണ്ട സാഹചര്യമാണ് നിലനില്ക്കുന്നത്. എന്നാൽ നാമെല്ലാവരും കരുതലോടെ, ആത്മവിശ്വാസത്തോടെ ശക്തമായിത്തന്നെ മുന്നോട്ടു പോവുന്നു.

വാർത്താവിനിമയ സംവിധാനങ്ങളുടെ സഹായമാണ് ഈ പ്രതിസന്ധി ഘട്ടത്തെ നേരിടാൻ നമ്മെ സഹായിക്കുന്നത്. ആരും ഒറ്റപ്പെട്ടിട്ടില്ല, നമുക്ക് വേണ്ടപ്പെട്ടവർ സദാസമയവും നമ്മുടെ ഉള്ളം കയ്യിലുണ്ട്, എന്ന സന്ദേശം നല്കാൻ നവമാധ്യമങ്ങൾക്ക് കഴിയുന്നുണ്ട്.

അതുമാത്രമല്ല നമ്മുടെതായ ഒരു ലോകം സൃഷ്ടിച്ച്, അതിൽ നമ്മുടെ മനസ്സിൽ സൂക്ഷിച്ച സൃഷ്ടികളെ സധൈര്യം പുറത്തെടുക്കാനും നവമാധ്യമങ്ങൾ വഴിയൊരുക്കുന്നുണ്ട്.

ആ നവ മാധ്യമത്തെ നമ്മുടെ വിശാലകൂട്ടുകുടുംബമായ പിഷാരോടി സമുദായവും ഉൾക്കൊണ്ടിട്ടുണ്ട്.

അണുകുടുംബ ഗ്രൂപ്പിൽ നിന്ന് വികസിച്ച് തറവാട് ഗ്രൂപ്പും, അതിൽനിന്ന് കുറച്ച് കൂടെ ഉയർന്ന് സമുദായം എന്ന വലിയൊരു ഗ്രൂപ്പിലൂടെ സമൂഹം എന്ന മഹത്തായ ഗ്രൂപ്പിലേക്ക് നമ്മെ എത്തിക്കുക എന്ന ഉത്തമമായ ആശയം മുൻനിർത്തിയാണ് പിഷാരോടി സമാജം വെബ്സൈറ്റ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്.

ഇവിടെ നമ്മുടെ കൂട്ടായ്മക്കുവേണ്ട എല്ലാം ഉണ്ട്. അതിൽ തന്നെ സാഹിത്യ സപര്യക്കുവേണ്ടിയുള്ളതാണ് “യുവചൈതന്യം“.

സാഹിത്യ ചരിത്രം പരിശോധിക്കുമ്പോൾ രസകരമായ ഒരു കാര്യം കാണാൻ കഴിയുന്നത് മനുഷ്യൻറെ അതിജീവനത്തിന് ഉതകുന്ന ശുഭചിന്തകളും ശാന്തിയും സമാധാനവും സന്തോഷവും നല്കാൻ വേണ്ടി രചിക്കപ്പെട്ട മഹാ ഗ്രന്ഥങ്ങളും ഉയർന്നു വന്നിട്ടുള്ളത് സമൂഹം പ്രതിസന്ധിഘട്ടം നേരിടുമ്പോഴാണ്. വൈദേശിക അധിനിവേശകാലം നാട്ടുരാജ്യങ്ങളുടെ യുദ്ധകാലം തുടങ്ങിയ സന്ദർഭങ്ങൾ.

ക്രൂരന്മാരായ പറങ്കികൾ നമ്മുടെ രാജ്യത്തെ അക്രമിച്ച് നശിപ്പിച്ചു കൊണ്ടിരുന്ന കാലത്താണ് “മലയാണ്മതൻ മഹേശനായ” തുഞ്ചത്ത് ആചാര്യൻ ശുഭചിന്തകളുടെ കിളിപ്പാട്ട് ഗ്രന്ഥങ്ങൾ തന്ന് കൈരളിയെ അനുഗ്രഹിച്ചത്. അതു പോലെ, ലോക സാഹിത്യചരിത്രത്തിലും മഹാചിന്തകൻമാർ ഉദയം ചെയ്തത് പ്രതിസന്ധി ഘട്ടങ്ങളിൽ തന്നെയാണ്.

ഇപ്പോൾ നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ ലോകക്ഷേമത്തിന് സഹായകമായ ശുഭചിന്തകൾ ഉയർന്നുവരും എന്ന് വിശ്വസിക്കുന്നു.

നമ്മിലുള്ള ശുഭചിന്തകൾ, നൂതന ആശയങ്ങൾ എന്നിവയെ ഉണർത്തി, അതിൽ നിന്ന് ഉണ്ടാവുന്ന സൃഷടികളെ ഉറ്റവരിലേക്ക് എത്തിക്കാൻ സമാജം വെബ്സൈറ്റും യുവചൈതന്യവും ഇരുകൈകളും നീട്ടി കാത്തു നില്ക്കുന്നു.

മനുഷ്യരിൽ സദാസമയവും വിളങ്ങിനിൽക്കുന്ന ചൈതന്യത്തിന് എപ്പോഴും യുവത്വമാണ്.  ആ യുവചൈതന്യം ഈ ദുരവസ്ഥയിൽ നിന്നും രക്ഷിച്ച് സന്തോഷത്തിൻറെയും സമാധാനത്തിന്റെയും പുതുലോകത്തേക്ക് നമ്മെ കൈപിടിച്ചുയർത്തും. ആ ശുഭ മുഹൂർത്തത്തെ എതിരേൽക്കാൻ മനസ്സിൻറെ വാതിലുകൾ തുറന്നു വയ്ക്കുക…

എല്ലാവർക്കും നന്മനേരുന്നു…

3 Replies to “ശുഭചിന്തകളുടെ യുവചൈതന്യം”

  1. Every soul is potentially devine, so said Swami Vivekananda. I am sure divinity will manifest in some among the youth & will lead the society. May it happen sooner than later, best wishes.

  2. സമയോതീതമായ വിശദീകരണം. ഹരിക്ക് അഭിനന്ദനങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *