Site Loader
മനോജ് രമേശ്
മസ്തിഷ്‌ക അപചയരോഗങ്ങള്‍ നേരത്തെ നിര്‍ണയിക്കാന്‍ നൂതന സ്‌കാനിങ് വിദ്യയുമായി എത്തിയ ഗവേഷകൻ ഡോ. പ്രമോദ് പിഷാരോടി നമ്മുടെയും മുഴുവൻ മലയാളികളുടെയും അഭിമാനമായി മാറിയത് ഈയിടെയാണല്ലോ. MIT യിൽ നിന്നും പോസ്റ്റ്‌ ഡോക്ടറൽ പരിശീലനം നേടിയ പ്രമോദ് ഇപ്പോൾ മിന്നെസോട്ട സർവകലാശാലയിൽ ഗവേഷണം നടത്തുന്നു. അദ്ദേഹവുമായി ശ്രീ മനോജ് രമേശ് നടത്തിയ അഭിമുഖത്തിൽ നിന്നുമുള്ള പ്രസക്ത ഭാഗങ്ങൾ വായനക്കാർക്കായി പങ്കു വെക്കുന്നു. പാലക്കാട്‌ NSS എൻജിനീയറിങ് കോളേജിൽ നിന്നും ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എൻജിനീയറിംഗിൽ ബിരുദം നേടിയ വിളയിൽ പിഷാരത്ത് മനോജ്‌, അതേ കോളേജിലെ ബിരുദ വിദ്യാർത്ഥിയായിരുന്ന പ്രമോദിന്റെ സീനിയർ ആണ്.

 

? ലോകോത്തര ശാസ്ത്ര പ്രസിദ്ധീകരണമായ ‘നേച്ചർ കമ്മ്യൂണിക്കേഷൻസ് ബയോളജിയിൽ ‘താങ്കളുടെ പ്രബന്ധം അവതരിപ്പിക്കാൻ കഴിഞ്ഞതിൽ ഡോ പ്രമോദ് , ആദ്യം തന്നെ യുവചൈതന്യത്തിന്റെയും, പിഷാരടി സമാജത്തിന്റെയും അഭിനന്ദനങ്ങൾ അറിയിച്ചു കൊള്ളട്ടെ. താങ്കളുടെ ടീമിന്റെ ഗവേഷണഫലങ്ങൾ വഴി മാനവരാശി കൈ വരിക്കുന്ന നേട്ടം ഒന്ന് ലളിതമായി  വിവരിക്കുമോ.

ആശംസകൾക്കും ഈ അഭിമുഖത്തിനും നന്ദി.

പ്രസരണ MRI (diffusion MRI) സ്കാനിംഗ് മേഖലയിലാണ് എന്റെ ഗവേഷണം. മുപ്പതോ നാല്പതോ വർഷങ്ങൾക്ക്‌ മുമ്പ് ബ്ലാക്ക് & വൈറ്റ് ഫോട്ടോഗ്രാഫി യുടെ കാലത്തു ഫോട്ടോ എടുക്കുന്നത് ബുദ്ധിമുട്ടുള്ളതും ചിലവുള്ളതുമായ കാര്യം ആയിരുന്നു. എന്നാൽ ഇന്ന് അങ്ങനെ അല്ലല്ലോ. നമ്മുടെ ആശുപത്രികളിലുള്ള MRI സ്കാനറുകൾ ഇപ്പോഴും ‘ബ്ലാക്ക് & വൈറ്റ്’ യുഗത്തിലാണ്. ഈ അവസ്ഥയിൽ ഒരുപാടു മാറ്റങ്ങൾ കൊണ്ടുവരാനുതകുന്ന ഗവേഷണമാണ്‌ ഞങ്ങളുടെ സ്ഥാപനം, Center for Magnetic Resonance Research (CMRR), നടത്തുന്നത്.

പ്രസരണ MRI ഉപയോഗിച്ച് ഈ ദൃശ്യങ്ങളിൽ കാണുന്നതുപോലെയുള്ള ന്യൂറൽ കണക്ഷൻസ് വിശകലനം ചെയ്ത് മസ്തിഷ്ക രോഗനിർണയം നടത്താൻ കഴിവുള്ള സ്കാനറുകൾ ഭാവിയിൽ വരാം. അതിലേക്കുള്ള ഒരു പടി എന്ന നിലയിലാണ് ഈ പ്രബന്ധത്തിന്റെ പ്രസക്തി. ഈ കണ്ടുപിടുത്തം പ്രസരണ MRI യുടെ ക്ഷമത വർദ്ധിപ്പിച്ചു. അതുവഴി മസ്തിഷ്ക്കത്തിനും നട്ടെല്ലിനും ഉണ്ടാകുന്ന അപചയം നേരത്തെ നിർണ്ണയിക്കാൻ കഴിയും.

? Instrumentation & Control Engineeringൽ നിന്ന് Biomedical Engineering മേഖലയിലല്ലേ ഇപ്പോൾ ഡോ: പ്രമോദ് എത്തിനിൽക്കുന്നത് ? ഇങ്ങനെ വൈദ്യ ശാസ്ത്രമേഖലയിലായിരിക്കും പ്രവർത്തനമെന്ന് മുമ്പേ തീരുമാനിച്ചിരുന്നുവോ ? ഇത് എത്ര മാത്രം വെല്ലുവിളി നിറഞ്ഞതായിരുന്നു. ഈ സംഭവബഹുലമായ യാത്രക്കുള്ള പ്രചോദനം എന്തെല്ലാമായിരുന്നു.

ഇന്നത്തെ വൈദ്യ ശാസ്ത്രത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് Biomedical Instruments. ആന്തരാവയവങ്ങൾ ശസ്ത്രക്രിയ(Operation) ചെയ്യാതെ തന്നെ കാണാൻ കഴിയണമെങ്കിൽ Biomedical Imaging (MRI, CT, Ultrasound etc.) ആവശ്യമാണ്. ഞാൻ വൈദ്യശാസ്ത്ര മേഖലയിൽ എത്തുന്നത് ഇതുവഴി ആണ്. ഗവേഷണ മൂല്യത്തിനേക്കാളും ഉപയോഗത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത് എന്ന് ഞാൻ പഠിച്ചത് Massachusetts Institute of Technologyയിൽ ഗവേഷണം ചെയ്തിരുന്ന കാലത്താണ്. അതുകൊണ്ടു തന്നെ ഉപയോഗപ്രദമായ ഗവേഷണം നടത്തണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. വൈദ്യശാസ്ത്രം നേരിട്ട് പ്രയോജനം(application) ഉള്ള മേഖല ആണല്ലോ. മാത്രമല്ല USൽ ഈ മേഖലയിൽ ഗവേഷണത്തിനുള്ള നല്ല പിന്തുണയും ഉണ്ട്.

വെല്ലുവിളികൾ ഉണ്ടായിട്ടുണ്ട്, ഈശ്വരാനുഗ്രഹത്താൽ അവ എല്ലാം തരണം ചെയ്യാനായി എന്ന് ഞാൻ കരുതുന്നു. എൻജിനീയർ ആകണം എന്ന ആഗ്രഹം ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ തുടങ്ങിയതാണ്, അതിനപ്പുറത്തേക്ക് അന്ന് ചിന്തിച്ചിട്ടില്ല. അമ്മയോട് അന്ന് ഈ ആഗ്രഹം പറഞ്ഞപ്പോൾ “കണക്കു നന്നായി പഠിച്ചാൽ എൻജിനീയർ ആകാം” എന്ന് അമ്മ പറഞ്ഞത് ഇന്നും ഞാൻ ഓർക്കുന്നു (അമ്മ ഒരു ടീച്ചർ ആയിരുന്നു). ഒരുപാടു ആളുകൾ എനിക്ക് പ്രചോദനം ആയിട്ടുണ്ട്. അച്ഛനും അമ്മയും തന്നെ ആയിരുന്നു ആദ്യ പ്രചോദകർ. പാലക്കാട് NSS എൻജിനീയറിംഗ് കോളേജിൽ  പഠിക്കുന്ന കാലത്ത് ഒലവക്കോട് ശിവാനന്ദാശ്രമം  മഠാധിപതി ആയ സ്വാമി നിത്യാനന്ദ സരസ്വതികളുമായി ഉണ്ടായ സമ്പർക്കം എന്നെ ഒരുപാടു സ്വാധീനിച്ചു, പ്രോത്സാഹനം തന്നു. അതുപോലെ കോളേജിൽ പഠിപ്പിച്ചിരുന്ന പ്രൊഫസർമാരും .

മുൻ രാഷ്രപതി Scientist Dr. Abdul Kalam ആയിരുന്നു മറ്റൊരു പ്രധാന inspiration. സ്വാമിജി തന്നെയാണ് അദ്ദേഹത്തെ ആദര്‍ശമാതൃക ആക്കാൻ എന്നെ ഉപദേശിച്ചത്. വിവേകാനന്ദ സ്വാമികളുടെ ഉപദേശങ്ങളും എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. ചിക്കാഗോ ലോകമതസമ്മേളനത്തിൽ അദ്ദേഹം പ്രസംഗിച്ച വേദി കുറച്ചു നാളുകൾക്കു മുൻപ് ഞാൻ സന്ദർശിച്ചിരുന്നു. ആ ചിന്തകളും എപ്പോഴും ഒരു വലിയ പ്രേരണയാണ്.

? ഇന്ത്യ, സിങ്കപ്പൂർ, യൂ എസ് എ, എന്നീ രാജ്യങ്ങളിലെ ശാസ്ത്രസാങ്കേതിക വിദ്യാഭ്യാസമേഖല അടുത്തറിഞ്ഞ വ്യക്തി എന്ന നിലയിൽ, നമ്മുടെ രാജ്യത്ത് ലോകോത്തര നിലവാരത്തിലുള്ള ഗവേഷണങ്ങൾ ഉണ്ടാവുന്നുണ്ടോ ? അതിനനുകൂലമായ സാഹചര്യം ഇവിടെ നിലനിൽക്കുന്നുണ്ടോ ? ഇല്ലെങ്കിൽ എന്തെല്ലാം ന്യൂനതകൾ ആണ്  പരിഹരിക്കപ്പെടേണ്ടത് .

ഇന്ത്യയുടെ ഏറ്റവും വലിയ വിഭവം(Resource) ഇവിടുത്തെ ബുദ്ധിമാന്മാരായ മനുഷ്യശക്തി (Brilliant man power)ആണ്. ഗവേഷണത്തിന് ഏറ്റവും ആവശ്യമുള്ളതും അതുതന്നെ (അമേരിക്കയിൽ മുന്നിൽ നിൽക്കുന്ന ഗവേഷണങ്ങളിൽ എല്ലാം തന്നെ ഇന്ത്യാക്കാരുടെ സാന്നിദ്ധ്യം ഉണ്ട് എന്നതാണ് വാസ്തവം). ഗവേഷണ ധനസഹായം(Research funding) ആണ് ഇന്ത്യയിലെ പ്രധാന പ്രശനം. ഇന്ത്യ പോലുള്ള ഒരു രാജ്യത്തിന് ഒറ്റയടിക്ക് ഗവേഷണങ്ങളിൽ ഒരുപാടു നിക്ഷേപം ചെയ്യാൻ ബുദ്ധിമുട്ടുണ്ടായേക്കാം. സാവധാനം ആയിട്ടാണെങ്കിലും funding നിരന്തരമായി കൂട്ടികൊണ്ടുവരാൻ ഗവണ്മെന്റിനു കഴിയണം. ISRO മോഡലിൽ മറ്റു മേഖലകളിലേക്ക് ഗവേഷണം വ്യാപിപ്പിക്കാൻ ശ്രമിക്കാവുന്നതാണ്. കഴിഞ്ഞ ബജറ്റിൽ ശാസ്‌ത്രപഠനധനസഹായം(Science-Research Funding) കൂട്ടിയതായി വായിച്ചു. ഇത് ആശാവഹം ആണ്. ഗവേഷണത്തിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താനും ഗവണ്മെന്റിനു കഴിയണം. ജനങ്ങളുടെ ഭാഗത്തു നിന്നുള്ള പിന്‍തുണയും ആവശ്യമാണ്. മറ്റൊരു പ്രധാന കാര്യം അന്താരാഷ്ട്രതലത്തിൽ പ്രഗത്ഭരായവരെ(International talents), കുറച്ചായെങ്കിലും, ഗവേഷണത്തിനായി ഇന്ത്യയിലേക്ക് ആകർഷിപ്പിക്കുക എന്നതാണ്. Research group കളിൽ സംവാദത്തിലൂടെ പുതിയ ആശയങ്ങൾ രൂപപ്പെടാൻ അത് ഒരുപാടു സഹായകമാവും. Research funding നു ഉപരിയായി അമേരിക്കയുടെയും സിംഗപ്പൂരിന്റെയും വിജയത്തിന്റെ പ്രധാന കാരണവും ഇതുതന്നെയാണ്.

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര തലത്തിലെ മികച്ച പ്രതിഭകൾക്കിടയിൽ ലഭിക്കുന്ന സ്വീകാര്യത എത്രത്തോളമാണ് ? ഒന്ന് വിലയിരുത്താമോ.

മുകളിൽ സൂചിപ്പിച്ചതു പോലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ സ്വീകാര്യത പൊതുവെ വളരെ വലുതാണ്. ചില സ്ഥലങ്ങളിൽ അപൂർവമായി വംശീയ വിവേചനം (Racial discrimination) ഉണ്ടാകുന്നതായി കേട്ടിട്ടുണ്ട്. എനിക്ക് അനുഭവപ്പെട്ടിട്ടില്ല. പൊതുവെ Research group കളിൽ നമ്മൾ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് സ്വീകാര്യത ലഭിക്കുന്നത്. ഇന്ത്യക്കാർ ഇതിൽ ഒട്ടും പുറകിലല്ല, അതുകൊണ്ടു തന്നെ നല്ല സ്വീകാര്യതയും ലഭിക്കുന്നു.

ഡോ. പ്രമോദും ഗവേഷണ സംഘവും

 

? ജോലി, സാമ്പത്തിക ഭദ്രത തുടങ്ങിയവയ്ക്കായുള്ള നെട്ടോട്ടത്തിൽ വളരെ മിടുക്കരായ ശാസ്ത്ര സാങ്കേതിക വിദ്യാർത്ഥികൾ ഇന്ത്യയിൽ ഉചിതമായ അവസരങ്ങൾ ലഭിക്കാതെ (പ്രത്യേകിച്ച് റിസർവേഷൻ ഒന്നുമില്ലാത്ത പിഷാരടിമാർ) അവരവരുടെ യഥാർത്ഥ സാധ്യത (true potential) കൈവരിക്കുന്നില്ല എന്നത് സത്യമല്ലേ ? അവയുണ്ടാക്കുന്ന തൊഴിൽപരമായ മാനസിക സമ്മർദ്ദം(career tensions), ജീവിത നൈരാശ്യം തുടങ്ങിയവയൊക്കെ താങ്കളും അടുത്തറിഞ്ഞിരിക്കുമല്ലോ. ആ വെല്ലുവിളികളെ അതിജീവിച്ചതെങ്ങനെ ? മാത്രമല്ല, വികസിത രാജ്യങ്ങൾ അത്തരം ഉദ്യോഗാർത്ഥികളെ എങ്ങനെ പ്രോത്സാഹിപ്പിക്കുന്നു.

അങ്ങ് പറഞ്ഞത് ശരിയാണ്. പരാജയങ്ങളും മാനസിക പിരിമുറുക്കങ്ങളും നേരിടാനുള്ള കഴിവ് അവർക്ക് ആർജ്ജിക്കാൻ കഴിയണം. ഞാൻ എന്നെ തന്നെ എപ്പോഴും ഓർമിപ്പിക്കാറുള്ള ഒരു ഉദ്ധരണി ‘Strength is Life, Weakness is Death’ എന്ന വിവേകാനന്ദ സ്വാമികളുടെ വാക്കുകൾ ആണ്. ജോലിയിലുള്ള റിസർവേഷൻ ഒരു വെല്ലുവിളി മാത്രമാണ്. അതുപോലെ നമുക്ക് മാറ്റാൻ കഴിയാത്ത നിരവധി പ്രശ്നങ്ങൾ ഉണ്ടാവാം. അങ്ങ് സൂചിപ്പിച്ചതു പോലെ ജോലിയിലും സാമ്പത്തികമായും ഉണ്ടാകാവുന്ന വെല്ലുവിളികൾ ഉദാഹരണങ്ങൾ. പ്രശ്നങ്ങൾ ഇല്ലാതാക്കാൻ കഴിയില്ലെങ്കിൽ അതിനു ശ്രമിച്ചിട്ടു കാര്യമില്ല. പ്രശ്നങ്ങളെ നേരിടാൻ പഠിക്കുകയും അത് ശീലമാക്കുകയും ആണ് ചെയ്യേണ്ടത്. മനശ്ശക്തി പരിശീലിക്കാൻ ഉള്ള അവസരമായി കണ്ടാൽ പ്രശ്നങ്ങളെ പോസിറ്റീവ് ആയി സമീപിക്കാൻ കഴിയും, പ്രശ്നങ്ങൾ നേരിട്ട് കഴിഞ്ഞാൽ അത് ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്യും. ഈ കാര്യങ്ങൾ സ്വാഭാവികമായും നമ്മൾ ഇടക്ക് മറന്നു പോയേക്കാം, അപ്പോൾ നമുക്ക് നമ്മളെ തന്നെ ഇത് ഓർമ്മിപ്പിക്കാൻ കഴിയണം. അങ്ങ് സൂചിപ്പിച്ച പ്രശ്നങ്ങൾ ഇന്ത്യയിൽ മാത്രം ഉള്ളതല്ല, ലോകത്ത് എല്ലായിടത്തുമുണ്ട്, തൊഴിലില്ലായ്മ കുറഞ്ഞ രാജ്യങ്ങളിൽ ഈ പ്രശ്നങ്ങൾ കുറവാണെന്നു മാത്രം.

സാമ്പത്തിക ഭദ്രത ആവശ്യമാണ്. അതേസമയം സമ്പത്തിനു മാത്രം പ്രാധാന്യം കൊടുത്തുകൊണ്ടുള്ള തൊഴില്‍(career) തിരഞ്ഞെടുത്താൽ അത് മുകളിൽ സൂചിപ്പിച്ച സമ്മര്‍ദ്ദം ഉണ്ടാക്കിയേക്കാം. ഒരാൾ അയാളുടെ അഭിരുചിയും(aptitude), കഴിവും, താൽപ്പര്യവും സ്വയം മനസ്സിലാക്കി അതിനു അനുസൃതമായ ജോലി വേണം തിരഞ്ഞെടുക്കാൻ എന്ന അഭിപ്രായമാണ് എനിക്ക് പങ്കുവെക്കാനുള്ളത്. സ്വന്തം മുന്‍ഗണന(priority) എന്താണെന്നു അയാൾ തന്നെ തീരുമാനിക്കണം. അങ്ങനെ തിരഞ്ഞെടുക്കുന്ന ജോലിയെ സ്നേഹിക്കാനും അതിൽ വിജയിക്കാനും അയാൾക്ക്‌ കഴിയും.

വിദ്യാർത്ഥികളോട്, പ്രത്യേകിച്ചു് ശാസ്ത്ര സാങ്കേതിക വിഷയങ്ങളിൽ താല്പര്യമുള്ള കുട്ടികളോട്, പറയാനുള്ള മറ്റൊരു പ്രധാന കാര്യം ക്രിയാത്മകമായും അഗാധമായും ചിന്തിക്കുവാൻ ശീലിക്കുക എന്നതാണ്. നമ്മുടെ ചുറ്റും കാണുന്ന കാര്യങ്ങൾ നന്നായി അപഗ്രഥിക്കുകയും, അതിനുപരിയായി ആ ആശയങ്ങൾ എങ്ങനെ കൂടുതൽ വികസിപ്പിക്കാമെന്നും പ്രായോഗികമായി ഉപയോഗിക്കാമെന്നും ചിന്തിക്കുകയും ചെയ്യണം. ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടുന്നതിനാണ് നാട്ടിലെ കുട്ടികൾ സാധാരണ പ്രാധാന്യം കൊടുത്തു കാണുന്നത്. ഭാഷയിൽ പ്രാവീണ്യം നേടിയാൽ എല്ലാം ആയി എന്ന ചിന്ത ശരിയല്ല. അന്താരാഷ്ട്ര തലത്തിൽ, പ്രതേകിച്ചു റിസർച്ച് ഫീൽഡിൽ, ഭാഷയേക്കാൾ പ്രാധാന്യം ചിന്തകൾക്കാണ്. അതിൽ നിന്ന് രൂപപ്പെടുന്ന ആശയങ്ങൾക്കാണ്. ഭാഷയുടെ സ്ഥാനം രണ്ടാമതാണ്. Initial impression നൽകാനും ആത്മവിശ്വാസം നേടാനും ഭാഷ സഹായിച്ചേക്കാം, പക്ഷെ creative ചിന്തകൾ ആണ് ദീർഘകാലത്തിൽ വിജയം നേടാൻ കൂടുതൽ ആവശ്യം. ഭാഷയിൽ പ്രാവീണ്യം നേടുന്നത് നല്ലതു തന്നെ, പക്ഷെ അതുകൊണ്ടു എല്ലാം ആയി തോന്നലോ അല്ലെങ്കിൽ ഇംഗ്ലീഷിൽ ഫ്ലുവെൻസി ഇല്ലാത്തതു കൊണ്ട് ആത്മവിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥയോ ഉണ്ടാവാതെ നോക്കണം.

? ഏറെ പ്രസിദ്ധമായ Obama BRAIN Initiative ൽ താങ്കൾ പങ്കാളിയായിരുന്നുവല്ലോ. ആ ടീമിൽ അംഗമായതെങ്ങനെ ? എന്തായിരുന്നു അവിടുത്തെ അനുഭവങ്ങൾ.

Brain Research through Advancing Innovative Neurotechnologies (BRAIN) എന്നതാണ് BRAIN Initiative ന്റെ പൂർണ രൂപം. Brain റിസേർച്ചിനു ഒരുപാടു പ്രാധാന്യം കൊടുത്തിരുന്ന പ്രസിഡണ്ട് ആയിരുന്നു Obama. 2013-ൽ അദ്ദേഹത്തിന്റെ ഭരണ കാലത്തു ആണ് ഈ സംരംഭം തുടങ്ങിയത്. “പ്രകാശവർഷങ്ങൾക്ക് അപ്പുറത്തുള്ള ക്ഷീരപഥങ്ങളേയും (galaxy) അതിസൂക്ഷ്മ തന്മാത്രകളെയും തിരിച്ചറിയാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷെ നമ്മുടെ രണ്ടു ചെവികൾക്കിടയിലുള്ള മൂന്ന് പൗണ്ട് ദ്രവ്യത്തെ കുറിച്ചുള്ള രഹസ്യങ്ങൾ അറിയാൻ നമുക്ക് ഇനിയും സാധിച്ചിട്ടില്ല” എന്നാണ് BRAIN Initiative announce ചെയ്തുകൊണ്ട് പ്രസിഡണ്ട് ഒബാമ പറഞ്ഞത്. BRAIN Initiative ഇൽ പ്രസിഡണ്ട് ഒബാമയുടെ ഉപദേശക സമിതിയിൽ അംഗമായിരുന്ന Professor Kamil Ugurbil ആണ് ഞങ്ങളുടെ Center Director. അദ്ദേഹം വഴിയാണ് എനിക്ക് ആ പ്രോജെക്ടിൽ പങ്കെടുക്കാനായത്. പ്രസരണ MRI നാലു മടങ്ങു വരെ വേഗത്തിൽ ചെയ്യാനുള്ള പദ്ധതി ആണ് ഞാൻ ആ പ്രോജക്ടിന്റെ ഭാഗമായി വികസിപ്പിച്ചത്. രോഗികൾ സ്കാനിംഗ് സമയത്തു് സ്കാനറിനുള്ളിൽ കിടക്കേണ്ട സമയം കുറയ്ക്കാൻ ഇത് സഹായകമാവും.

? ഇപ്പോൾ ഏർപ്പെട്ടിരിക്കുന്ന മേഖല കൂടാതെ താങ്കളിൽ തല്പര്യമുണർത്തുന്ന  മറ്റു മേഖലകൾ.

സിംഗപ്പൂരിൽ Ph.D ചെയ്തിരുന്ന കാലത്തും പിന്നീട് അവിടെ Scientist ആയി ജോലി ചെയ്തിരുന്ന കാലത്തും റോബോട്ടിക്സിൽ ഗവേഷണം ചെയ്തിട്ടുണ്ട്. Multidisciplinary ആയ കാര്യങ്ങൾ അപഗ്രഥിക്കാൻ ആ ഗവേഷണം സഹായകമായി. NTPCയിൽ എൻജിനീയർ ആയിരുന്ന കാലത്ത് Power plant commissioningൽ പങ്കെടുത്തിട്ടുണ്ട്. വലിയ മഷീൻസിനെ കുറിച്ച് പഠിക്കാൻ ആ അവസരം സഹായിച്ചു. ഈ മേഖലകൾ എല്ലാം എനിക്ക് ഇഷ്ടപ്പെട്ടതായിരുന്നു. ഇപ്പോഴത്തെ താല്പര്യം MRI ഗവേഷണത്തിൽ തന്നെയാണ്.

? ഭാവി പരിപാടികൾ എന്ത് .

ഈ മേഖലയിൽ തന്നെ ഗവേഷണം തുടരാൻ ആണ് ആഗ്രഹം. ഇപ്പോൾ ALS(Amyotrophic Lateral Sclerosis)Diseaseലും Parkinson’s Diseaseലും തുടർ ഗവേഷണം നടത്തുന്നു. BRAIN initiativeന്റെ ഭാഗമായുള്ള മറ്റു പ്രോജക്ടുകൾ ഇപ്പോഴും ഉണ്ട്. (വിശദവിവരങ്ങൾക്കായി  ലിങ്ക് സന്ദർശിക്കുക http://www.pramodkp.com/    / Link to his Article.  https://www.nature.com/articles/s42003-020-1093-z )

? കുടുംബ വിശേഷം.

ഭാര്യ രാധിക Montessori ടീച്ചർ ആണ്. മകൾ പാർവതി ഇപ്പോൾ ഒന്നാം ക്ലാസിൽ പഠനം തുടങ്ങുന്നു. സഹോദരി ചിത്രയും കുടുംബവും ദുബായിൽ ആണ്. സഹോദരൻ ഹരിയും കുടുംബവും നാട്ടിൽ തൃപ്പൂണിത്തുറയിൽ ആണ്. അമ്മ 2014 ലും അച്ഛൻ 2019 ലും ഞങ്ങളെ വിട്ടു പോയി(അമ്മ വിജയപുരത്തു പിഷാരത്ത് പ്രേമ പിഷാരസ്യാർ  & അച്ഛൻ കോട്ടയം കടുത്തുരുത്തി കൈലാസപുരത്തു പിഷാരത്ത് ത്രിവിക്രമ പിഷാരടി).

കുടുംബം

 

? വിജയസ്വപ്നങ്ങൾ കാണുന്ന യുവതയോട് താങ്കൾക്ക് പറയാനുള്ളത്.

ഒരാൾ ഒരു പ്രത്യേക സമുദായത്തിലും മതത്തിലും രാജ്യത്തിലും വന്നു പിറക്കുന്നത് യാദൃച്ഛികമല്ല എന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മൾ ഏതു രീതിയിൽ ജീവിക്കണം എന്നുള്ളതിനുള്ള ഒരു framework, അല്ലെങ്കിൽ വഴി ആണ് ഇത് നമ്മൾക്ക് കാണിച്ചു തരുന്നത്. ലോകത്തെവിടെയാണെങ്കിലും ഒരു പിഷാരടി ആയും ഹിന്ദു ആയും ഭാരതീയ സംസ്കാരം ഉൾകൊണ്ടുകൊണ്ടും ജീവിക്കാനാണ് ഞാൻ ശ്രമിക്കാറുള്ളത്. എനിക്ക് മുൻപോട്ടു പോകാൻ കഴിയുന്നതും അത് കൊണ്ടുതന്നെ. മറ്റു സമുദായങ്ങളോ മതങ്ങളോ സംസ്കാരങ്ങളോ മോശമാണ് എന്നിതിനർത്ഥമില്ല. എല്ലാ വഴികളും എത്തിച്ചേരുന്നത് ഒരേ ലക്ഷ്യത്തിൽ തന്നെ. പല വഴികളിലൂടെ സഞ്ചരിച്ചു സമയം കളയാതെ, ഒരു വഴി നന്നായി മനസ്സിലാക്കുകയും അതിലൂടെ മാത്രം സഞ്ചരിക്കുകയും ചെയ്യുക എന്നാണ് ഉദ്ദേശിച്ചത്. നമ്മൾക്ക് മുന്നിലുള്ളത് ഏറ്റവും നല്ല വഴികളിൽ ഒന്നാണ് എന്നതിൽ സംശയമില്ല!

പിഷാരടി സമാജവും യുവചൈതന്യവും ഈ ദിശയിൽ നടത്തുന്ന പ്രവർത്തനങ്ങളും, മുന്നേറ്റവും പ്രശംസനീയവും ആശാവഹവും ആണ്. പണ്ഡിതരും, ആചാര്യന്മാരും, കലാകാരന്മാരും, അദ്ധ്യാപകരും നിറഞ്ഞ ഒരു പൈതൃകം ആണ് നമുൾക്കുള്ളത് എന്നോർത്ത് എനിക്ക് അഭിമാനം തോന്നാറുണ്ട്. ഞാനുൾപ്പെടുന്ന യുവാക്കൾക്ക് ഇത് പിന്തുടരാൻ കഴിയണം. ആദ്ധ്യാത്മിക ചിന്തകൾ പ്രായം ആയവർക്കുമാത്രം ഉള്ളതാണ് എന്നൊരു ധാരണ ഇന്നത്തെ യുവജനങ്ങക്കിടയിൽ ഉണ്ട്. ഇത് ശരിയല്ല, ശരിക്കും പറഞ്ഞാൽ യുവാക്കൾക്കാണ് ഈ ചിന്തകൾ കൂടുതൽ പ്രയോജനപ്രദം. കാരണം അവരാണല്ലോ മുകളിൽ സൂചിപ്പിച്ച Career tensionsലൂടെ കടന്നു പോകുന്നത്. കഠിന പ്രയത്നവും ആത്മവിശ്വാസവും വിജയം കൈവരിക്കാൻ അനിവാര്യം തന്നെ. ഇതിനുള്ള അവലംബം(backbone) ആയി മാറാൻ ആദ്ധ്യാത്മിക ചിന്തകൾക്കു കഴിയും. ഞാനാണ് എല്ലാം ചെയ്യുന്നത് എന്നുള്ള ചിന്ത ആണ് tensionലേക്ക് നയിക്കുന്നത്, എന്നിലൂടെ സംഭവിക്കുന്നതാണ് എന്ന് ചിന്തിച്ചാൽ ആത്മവിശ്വാസവും സന്തോഷവും സമാധാനവും താനെ കൈവരും. ഭാരത സംസ്കാരവും ആദ്ധ്യാത്മിക ചിന്തകളും പ്രായോഗിക ജീവിതത്തിൽ ഉപയോഗിക്കാൻ ഞാനുൾപ്പെടുന്ന പിഷാരോടി യുവതയ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു!

 

ഡോ. പ്രമോദ് , താങ്കളുടെ വിലയേറിയ ഉൾക്കാഴ്ചകൾക്ക് നന്ദി. ഇനിയുമേറെ തിളക്കമാർന്ന വിജയങ്ങൾക്കായി എല്ലാ ആശംസകളും.

 

2 Replies to “മസ്തിഷ്കത്തിന്റെ കാന്തികക്കാഴ്ചകളും ആത്മീയതയുടെ അകക്കണ്ണും – ഡോ. പ്രമോദ് പിഷാരടി”

  1. It is truly inspirational to know deeply about such profound career and in depth application oriented research from the Pisharody community. Hearty congrtulations Pramod and for the aptly framed interview by my cousin Manoj.

    1. ഉന്നത നിലവാരം പുലർത്തി ..വായന ഒരനുഭവമാക്കി യതിനു നന്ദി ..യുവചൈതന്യത്തി ന്റെ പ്രസക്തി യ്ക്കനുയോജ്യമായ ഇന്റർവ്യൂ ..അഭിനന്ദനങ്ങൾ ..വെബ് ടീം ..പ്രമോദ് ..മനോജ്‌

Leave a Reply

Your email address will not be published. Required fields are marked *