Site Loader
വിജയൻ ആലങ്ങാട്
ലാൽ ജോസ്  സിനിമയായ തട്ടിൻപുറത്തച്ചുതനിലൂടെ മലയാള സിനിമയിലേക്ക് നായികയായി രംഗപ്രവേശം ചെയ്ത ശ്രവണ ഇതാദ്യമായി യുവചൈതന്യത്തിലൂടെ നമ്മോട്, പ്രത്യേകിച്ച് നമുക്കിടയിലെ യുവജനങ്ങളോട് തന്റെ അനുഭവങ്ങളും, സിനിമാ വിശേഷങ്ങളും  വീക്ഷണങ്ങളും പങ്കു വെക്കുന്നു.
യുവചൈതന്യം പത്രാധിപ സമിതിയംഗം ശ്രീ വിജയൻ ആലങ്ങാട് ശ്രവണയുമായി നടത്തിയ അഭിമുഖം.

ഞങ്ങൾ പിഷാരോടിമാർക്ക് ഇന്നും ശ്രവണ ഞങ്ങളുടെ ഒരു കുഞ്ഞനുജത്തിയാണ്, കൊച്ചു കൂട്ടുകാർക്ക് അവരുടെ ഇഷ്ടപ്പെട്ട  ചേച്ചിയാണ്.  ശ്രവണ, എന്തൊക്കെയാണ് ശ്രവണയുടെ ലോക്ക് ഡൗൺ വിശേഷങ്ങൾ.

ആ കോംപ്ലിമെന്റിന് ആദ്യമായി നന്ദി പറയട്ടെ. സുഖമായിരിക്കുന്നു. ലോക്ക് ഡൗൺ കാരണം മുഴുവൻ സമയവും വീട്ടിൽ തന്നെ. ഷൂട്ടിംഗ് തിരക്കുകൾ ഒന്നുമില്ല. കോളേജിലെ ഓൺലൈൻ ക്ളാസുകളും, അത്യാവശ്യം പാചകവും  മറ്റുമായി സമയം ചിലവഴിക്കുന്നു.

? ശ്രവണയുടെ രണ്ടാമത്തെ ചിത്രത്തെ കുറിച്ചുള്ള  അനൗൺസ്‌മെന്റ് വന്നിരുന്നല്ലോ. അതിൻ്റെ വിശേഷകളിൽ നിന്നും നമ്മുക്ക് ഈ അഭിമുഖം തുടങ്ങാം. ഏതാണ് പുതിയ സിനിമ? ആരാണ് സംവിധായകൻ, നായകൻ? ഇപ്പോൾ ഏത് സ്റ്റേജിലാണ് ഈ സിനിമ.

ഏതം’ എന്നാണ് പുതിയ സിനിമയുടെ പേര്. ഹരിഹരൻ സാറിന്റെ അസോസിയേറ്റ് ആയിരുന്ന പ്രവീൺ മൂടാടിയാണ് ഏതത്തിന്റെ സംവിധായകൻ. അദ്ദേഹം ഒരു ചെറുകഥാകൃത്തും ചിത്രകാരനുമൊക്കെയാണ്. തിരക്കഥയും അദ്ദേഹത്തിന്റേതാണ്.

നായകൻ സിദ്ധാർത്ഥ് രാജ്. ഉണ്ണിമുകുന്ദന്റെ അനുജനാണ്. കൂടാതെ നല്ലൊരു നാടക നടനുമാണ് അദ്ദേഹം. എന്നെപ്പോലെ,  ഇത് അദ്ദേഹത്തിന്റെയും  രണ്ടാമത്തെ സിനിമയാണ്.

സിനിമയുടെ സീനുകളെല്ലാം ചിത്രീകരിച്ചു കഴിഞ്ഞു. മാഹി, വടകര, കണ്ണൂർ എന്നിവിടങ്ങിലായിരുന്നു ഷൂട്ടിംഗ്. ഇനി രണ്ട് മൂന്ന് പാട്ടുകൾ മാത്രമേ ചിത്രീകരിക്കാൻ ബാക്കിയുള്ളു.

? ജൂൺ 29 നു ബാബുവേട്ടൻ നമ്മെ വിട്ടു പിരിഞ്ഞിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സിനിമാ സംവിധായകനായ അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെയ്ക്കാമോ.

അച്ഛനെക്കുറിച്ചുള്ള ഓർമ്മകൾ എന്നു പറഞ്ഞാൽ ഒരുപാട്, ഒരുപാടുണ്ട്. അച്ഛനെക്കുറിച്ച് ഓർക്കാത്ത നിമിഷങ്ങളില്ലാ എന്ന് തന്നെ പറയാം.

ഒരു സംവിധായകൻ എന്നതിലുപരി അദ്ദേഹം എനിക്ക് ഒരു ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു. അതാണ് എനിക്ക് നഷ്ടപ്പെട്ടത്.  എല്ലാം തുറന്നു പറയാവുന്ന, എന്റെ സമപ്രായക്കാരനായ ഒരു ഉത്തമ സുഹൃത്ത്. ഒരു സംവിധായകൻ എന്ന നിലയിൽ നോക്കുമ്പോൾ, അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സിനിമ എന്നത് രക്തത്തിൽ അലിഞ്ഞു ചേർന്നതായിരുന്നു. സിനിമയെക്കുറിച്ച് ഓർക്കാത്തതോ, സംസാരിക്കാത്തതോ ആയ ഒരു ദിവസം പോലും ഞാൻ കണ്ടിട്ടില്ല. അച്ഛനെ അത്ര മാത്രം ഭ്രമിപ്പിച്ചിരുന്നൊരു മേഖലയിലേക്ക് തന്നെ എത്തിപ്പെടാൻ കഴിഞ്ഞു എന്നത് വലിയൊരു ഭാഗ്യമായി കാണുന്നു. അദ്ദേഹം ആഗ്രഹിച്ചത് പോലെ ഈ മേഖലയിൽ കഴിവ് തെളിയിക്കാൻ സാധിക്കുമെന്ന് തീർച്ചയായും വിശ്വസിക്കുന്നു, അതിന് അദ്ദേഹത്തിന്റെ മനസ്സും ആശീർവാദവും എപ്പോഴും  കൂടെയുണ്ടാവുമെന്നും ഞാൻ കരുതുന്നു.

? പിഷാരോടി സമാജം  ചൊവ്വര ശാഖയുടെ ആഭിമുഖ്യത്തിൽ  നടത്തിയ ‘നിറമാല’യാണ് ശ്രവണയുടെ സിനിമാ പ്രവേശനത്തിന് കാരണമെന്ന് എല്ലാ അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ടെങ്കിലും  ഒന്നുകൂടി ചോദിക്കട്ടെ. തിരിഞ്ഞു നോക്കുമ്പോൾ, നിറമാല ശ്രവണയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവാവുകയായിരുന്നില്ലേ? അച്ഛനും  ഉള്ളിന്റെ ഉള്ളിൽ ഇങ്ങനെ ഒരു  ആഗ്രഹം മനസ്സിൽ കരുതിയിരുന്നുവോ .

തീർച്ചയായും അതൊരു വഴിത്തിരിവായിരുന്നു.

അച്ഛൻ ഒരിക്കൽപ്പോലും എന്നോട് പറഞ്ഞിട്ടില്ല ഞാനൊരു സിനിമ നടി ആയി കാണണമെന്നൊന്നും. . പക്ഷെ ആദ്യ സിനിമ ഇറങ്ങിയതിനു ശേഷം അച്ഛന്റെ മുഖത്ത് കണ്ടിരുന്ന സന്തോഷവും ആകാംക്ഷയും ശ്രദ്ധിച്ച ഞാൻ, അദ്ദേഹത്തിന്റെ സുഹൃത്തുക്കളിലൂടെ ആയിരുന്നു ഞാൻ ഒരു നായികയായി കണ്ടതിൽ അദ്ദേഹം അങ്ങേയറ്റം  സന്തോഷിക്കുന്നുണ്ടെന്നത് മനസ്സിലാക്കിയത്. ആ സന്തോഷം  എന്നോട് നേരിട്ട് പറഞ്ഞിരുന്നില്ല. വളരെ വൈകിയാണ് ഞാൻ അഭിനയിക്കുന്നതിൽ  അച്ഛൻ അകമഴിഞ്ഞു സന്തോഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയതും, അതു കൊണ്ട് തന്നെയാണ് തുടർന്നും നല്ല സിനിമകൾ എന്നെത്തേടിയെത്തിയാൽ  ഈ രംഗത്ത് തുടരണമെന്നുമുള്ള തീരുമാനം കൈക്കൊണ്ടതും.

നിറമാല തീർച്ചയായും ഒരു നിമിത്തമായി എന്ന് വേണം പറയാൻ. അതിനു മുമ്പ് ഒരിക്കലും  ഞാനൊരു സിനിമയിലെത്തുമെന്നോ, അഭിനയിക്കുമെന്നോ ചിന്തിക്കുക കൂടി ചെയ്യാത്ത അവസരത്തിലാണ്   നിറമാലയിലെ  തീം സോങ്ങിൽ അച്ഛൻ എന്നെ അഭിനയിപ്പിക്കുന്നതും  നിറമാലക്കെത്തിയ ലാലു അങ്കിൾ അത് കണ്ട് അന്ന് സ്റ്റേജിൽ വെച്ച് ഒരു പ്രഖ്യാപനം നടത്തിയതും, പിന്നീട് തട്ടിൻപുറത്തെ അച്ചുതനിലേക്ക് എന്നെ  കാസ്റ്റ് ചെയ്യാൻ  വിളിച്ചതും. മറ്റൊരു തരത്തിൽ പറഞ്ഞാൽ നിറമാലയിലൂടെ, അച്ഛനിലൂടെ സിനിമയിലേക്കെത്തി എന്നത് അങ്ങേയറ്റം സന്തോഷം തരുന്നു.

? പൊതുവെ  തൃശൂർക്കാര്  എല്ലാവരും തന്നെ  എന്തും ആഘോഷമായിയെടുക്കുന്ന ആൾക്കാരാണ്. സമാജത്തിൻ്റെ ചെറിയ പരിപാടികളാണെങ്കിൽ പോലും ബാബുവേട്ടൻ അത് ആഘോഷമായി എടുക്കാറുണ്ട്. അതിൻ്റെ പിന്നിലെ ആ രഹസ്യം  എന്തായിരുന്നു.

അദ്ദേഹത്തിന്  സമാജത്തിനോടുള്ള ഇഷ്ടം തന്നെ. പിന്നെ അച്ഛൻ  കുട്ടികളോട്, പ്രത്യേകിച്ച് യങ്‌സ്റ്റേഴ്‌സിനോട് ഒപ്പം സമയം ചിലവഴിക്കാനും അവരോട് കൂട്ടു കൂടുന്നതിൽ അങ്ങേയറ്റം സന്തോഷം കണ്ടെത്തുന്ന ഒരാൾ കൂടിയാണ്. അവരോടൊപ്പം ഇരിക്കുമ്പോൾ, ഇടപഴകുമ്പോൾ അവരുടെ മനോഭാവം നമുക്ക് കൂടെ കിട്ടുമെന്നും അതിലൂടെ അവരിൽ നിന്നുമുള്ള ഒരു എനർജി  നമുക്കും കിട്ടുമെന്ന് പലപ്പോഴും പറയാറുണ്ട്. അത് കൊണ്ട് തന്നെയാണ് കുട്ടികളെ കഴിയുന്നത്ര പങ്കെടുപ്പിച്ച്, അവർക്ക് വല്ല തടസ്സങ്ങളുമുണ്ടെങ്കിൽ അതൊക്കെ മാറ്റിക്കൊടുത്ത് പരിപാടികളിൽ പങ്കെടുപ്പിക്കാറുള്ളത്.

പിന്നെ അച്ഛന്റെ പിന്നിൽ ഉത്സാഹത്തോടെ അമ്മയും എല്ലാത്തിനുമുണ്ട്. ഒപ്പത്തിനൊപ്പം നിന്ന് എല്ലാ കുട്ടികളെയും മുൻ നിരയിലേക്ക് കൊണ്ടുവരാൻ അമ്മയ്ക്കും വലിയ ആവേശമാണ്. കുട്ടികളുടെ ഓരോ പ്രകടനവും വളരെ സസൂക്ഷം ശ്രദ്ധിച്ച് സ്റ്റേജിന്റെ ഒരറ്റത്ത് കുട്ടികളേക്കാളേറെ   Excitementമായി അച്ഛൻ ഇരിക്കുന്നുണ്ടാവും.

? ചെറുപ്പക്കാർക്ക് പൊതുവെ സമാജത്തോട് ആഭിമുഖ്യം കുറവായിരുന്നല്ലോ. ഇപ്പോൾ വലിയൊരളവിൽ അതിനൊരു  മാറ്റം വന്നിട്ടുണ്ട്. അവരുടെ പ്രതിനിധിയായ  ശ്രവണക്ക് സമാജത്തോടുള്ള കാഴ്ച്ചപാടുകൾ എന്താണ്.

എന്നും, സമാജത്തോട് ആഭിമുഖ്യം പുലർത്തുന്നതാണ് എന്റെ കാഴ്ചപ്പാട്. കുട്ടിക്കാലത്ത് ഏതൊരു കുട്ടിയെപ്പോലെയും ഒരുപാട് സഭാകമ്പവും പേടികളും ഉള്ള ഒരു കുട്ടിയായിരുന്നു ഞാനും. അതിനെയൊക്കെ അതിജീവിക്കാൻ  സമാജം സ്റ്റേജുകൾ വലിയൊരു പങ്കു തന്നെ നിർവ്വഹിച്ചിട്ടുണ്ട്. സ്‌കൂൾ, സമാജം വേദികളിൽ പങ്കെടുക്കാൻ അച്ഛനും അമ്മയും ഏട്ടനും തന്ന ധൈര്യവും പിന്തുണയും ഒന്ന് വേറെ തന്നെയാണ്.

ഓരോ വെക്കേഷനുകളിലെയും  സമാജം വാർഷികങ്ങളിൽ പാട്ടോ, ഡാൻസോ, സ്കിറ്റുകളോ അങ്ങിനെ എന്തിലെങ്കിലും ഒക്കെ പങ്കെടുപ്പിക്കാൻ  അച്ഛനോ അമ്മയോ അല്ലെങ്കിൽ സമാജത്തിലെ മറ്റുള്ളവരോ ഒക്കെ ശ്രമിക്കുമായിരുന്നു. ആ ഓരോ പെർഫോമൻസിലും നമുക്ക് കിട്ടുന്ന പ്രോത്സാഹങ്ങൾ തീർച്ചയായും മറ്റു വേദികളിൽ കൂടുതൽ നന്നായി പെർഫോം ചെയ്യാൻ നമ്മെ പ്രേരിപ്പിക്കും. ആ നിലക്ക് സമാജം വേദികൾ ഓരോരുത്തരുടെയും വളർച്ചയിലേക്കുള്ള നല്ലൊരു ചവിട്ടു പടി കൂടിയാണെന്ന് നിസ്സംശയം പറയാം. പ്രത്യേകിച്ച് എന്റെ ജീവിതത്തിൽ സമാജം വേദികൾ എന്നും വലിയൊരു പ്രേരണയായിട്ടുണ്ട്.

? അച്ഛൻ്റെ സിനിമകളിലെ ഏറ്റവും ഇഷ്ടപ്പെട്ട ഒരെണ്ണം ഏതെന്ന് ചോദിച്ചാൽ ഏതാണെന്ന്  പറയാമോ.

അച്ഛന്റെ സിനിമകളിൽ കണ്ടിട്ടുള്ളവയെല്ലാം എനിക്ക് ഇഷ്ടമാണ്. അതിൽ എന്റെ ഫേവറിറ്റ് എന്ന് പറയാവുന്നത് പട്ടാഭിഷേകം തന്നെയാണ്. അതിലെ ആ കുട്ടിയാനയും നർമ്മത്തിനുള്ള പ്രാധാന്യവും, വളരെ സീരിയസ് ആയിട്ടുള്ള ഒരു കാര്യം പോലും എത്ര സിംപിൾ ആയി പറയാം എന്നും ഉള്ളതിന്റെ ഉത്തമോദാഹരണമെന്ന നിലയിൽ പട്ടാഭിഷേകം തന്നെ.

? അച്ഛൻ്റെ സിനിമകളിലെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് .

അച്ഛന് പൊതുവെ പാട്ട് കേൾക്കാനും ആസ്വദിക്കാനും വലിയ ഇഷ്ടമായിരുന്നു. അത് കൊണ്ട് തന്നെ അച്ഛന്റെ സിനിമകളില്ലാം തന്നെ പാട്ടുകൾക്ക് പ്രാധാന്യമുണ്ടായിരുന്നു. പ്രത്യേകിച്ച് അച്ഛന്റെ ആദ്യത്തെ പടം അനഘയെ ഇന്നും ആളുകൾ  ഓർമ്മിക്കുന്നത് അതിലെ മനോഹരങ്ങളായ പാട്ടുകളിലൂടെയാണ്.  എനിക്കേറ്റവും ഇഷ്ടപ്പെട്ട രണ്ടു പാട്ടുകൾ, ഒന്ന് വാൽക്കണ്ണാടിയിലെ “മണിക്കുയിലേ” എന്ന ഗാനവും “മയിലായ് പറന്നു വാ” എന്ന മയിൽപ്പീലിക്കാവിലെ പാട്ടും.

? നൃത്തം, പാട്ട്, അഭിനയം ഇതിൽ ഏതിനോടാണ് ഇഷ്ടം കൂടുതൽ.

ഈ മൂന്നും എനിക്കിഷ്ടമാണ്. നൃത്തത്തെ പറ്റി പറയുകയാണെങ്കിൽ ചെറുപ്പം മുതലേ പഠിച്ചതിനാൽ നൃത്തച്ചുവടുകൾ വെക്കുമ്പോൾ ഒരു പ്രത്യേക  ആത്മവിശ്വാസം കൈവരാറുണ്ട്. പാട്ട് എനിക്ക് ഒരുപാട്  ഇഷ്ടമാണ്. പക്ഷെ പാട്ടിലേക്ക് വന്നത് വൈകിയായിരുന്നു. അത് കൊണ്ട് തന്നെ സാങ്കേതികമായി അധികമൊന്നും പഠിക്കാൻ കഴിഞ്ഞിട്ടില്ല. അവസരം കിട്ടുകയാണെങ്കിൽ പഠിക്കണെമെന്നുണ്ട്. പാട്ട് പാടി കേൾക്കാൻ അച്ഛന് ഒരുപാട് ഇഷ്ടമായിരുന്നു. അത് കൊണ്ട് തന്നെ പാട്ട് എനിക്കേറെ ഇഷ്ടമാണെന്ന് വേണമെങ്കിൽ പറയാം. അഭിനയം എന്നത് ഈയടുത്ത കാലത്ത് മാത്രം കൈവന്ന ഒന്നായത് കൊണ്ട് അതിനെയും ഇപ്പോൾ നന്നായി ഇഷ്ടപ്പെടുന്നു. കൂടുതൽ മെച്ചപ്പെടാൻ ശ്രമിക്കുന്നു. അത് കൊണ്ട് ഈ മൂന്നും എനിക്ക് ഒരുപോലെ ഇഷ്ടമാണ്.

? കലാകാരൻമാർക്ക് ഈ കൊറോണ കാലഘട്ടം  നഷ്ടത്തിൻ്റേതാണല്ലോ. ഒരു കലാകാരിയെന്ന നിലയിൽ ഈ കാലഘട്ടത്തെ എങ്ങിനെ കാണുന്നു.

കലാകാരൻമാർക്ക് എന്ന് മാത്രം പറയാൻ പറ്റില്ലല്ലോ, എല്ലാവർക്കും ഈ ഘട്ടം ഒരുപാട് ബുദ്ധിമുട്ടുകളും നഷ്ടങ്ങളും വരുത്തിവെച്ചിരിക്കുകയാണ്. എല്ലാവരും ഒരുപാട് ടെൻഷനിലൂടെ കടന്നു പോകുന്ന ഒരു സമയമാണ് ഇത്. ഒരു കലാകാരി എന്ന നിലയിൽ എനിക്കും ഒരുപാട് സങ്കടം നിറഞ്ഞൊരു സമയമായിരുന്നു. കാരണം ഞങ്ങളുടെ പുതിയ പടത്തിന്റെ ഷൂട്ട് കഴിയാറായ ഒരു സ്റ്റേജിലായിരുന്നു കൊറോണ കടന്നു വന്നത്. ഇനി മൂന്നു പാട്ട് മാത്രമേ ചിത്രീകരിക്കാൻ ബാക്കിയുള്ളൂ. പിന്നെ അടുത്ത ഒന്ന് രണ്ട് പ്രൊജക്റ്റിനെ പറ്റിയൊക്കെയുള്ള ഡിസ്കഷൻ ഒക്കെ ചെയ്യാം എന്ന് കരുതിയിരിക്കുന്ന സമയത്താണ് എല്ലാം നിലക്കുന്ന ഒരു അവസ്ഥയിലേക്ക് എത്തിയത്. ഒരു തുടക്കക്കാരി എന്ന നിലക്കും, കലയെ സ്നേഹിക്കുന്ന ഒരാളെന്ന നിലക്കും ഇത് മാനസികമായി വളരെ തളർത്തിയ ഒരു സമയമായിരുന്നു. പക്ഷെ എത്രയും പെട്ടെന്ന് ഈ ഒരു അവസ്ഥയിൽ നിന്നും മോചനം ഉണ്ടാവും എന്നും, പൂർവ്വാധികം ശക്തമായി തന്നെ എല്ലാ മേഖലയും തിരിച്ചു വരുമെന്നുള്ള ഒരു പോസറ്റീവ് ചിന്തയിലൂടെയാണ് ഇപ്പോൾ ഞാനും മറ്റെല്ലാ കലാകാരന്മാരും ഇരിക്കുന്നത്.

? ലോക്ക് ഡൗൺ കാലത്തെ അനുഭവങ്ങളെ ഒന്ന് വിശദമാക്കാമോ.

മാർച്ച് ഒടുവിലും ഏപ്രിൽ മദ്ധ്യം വരെയുമുള്ള കാലം മാനസികമായി വളരെ ടെൻഷൻ നിറഞ്ഞൊരു കാലമായിരുന്നു.  സിനിമ പെട്ടെന്ന് നിന്നു. കോളേജിലേക്ക് പോവാൻ പറ്റുന്നില്ല. അങ്ങിനെയൊക്കെയുള്ള ചിന്തകൾ. കൂടാതെ നമ്മുടെ വേണ്ടപ്പെട്ട ചിലർക്ക് കൊറോണ വന്നു പെട്ടു. അത് കാരണം വളരെ സങ്കടകരമായൊരു അവസ്ഥ ആയിരുന്നു.

പിന്നെ ഏപ്രിൽ അവസാനം  ആയപ്പോഴേക്കും ഇങ്ങനെ സങ്കടപ്പെട്ടു ഇരുന്നിട്ട് കാര്യമില്ല എന്നൊരു ചിന്ത കൈവന്നു. എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുക, വീട്ടിലുള്ള എല്ലാവരോടും ചേർന്ന് സന്തോഷങ്ങൾ പങ്കിടുക, വേണ്ടപ്പെട്ടവരെ വിളിച്ച് അവരോടും സേഫ് ആയി ഇരിക്കാൻ പറയുക, എന്നൊക്കെയുള്ള ഒരു ചിന്തയിലേക്ക് പതുക്കെ വഴി മാറിയപ്പോൾ കൂടുതൽ പോസിറ്റീവ് ആയ അവസ്ഥയിലേക്ക് വന്നു. കുറെ സിനിമകൾ കണ്ടു തുടങ്ങി. വീട്ടിലെ പണികൾ പലതും ഏറ്റെടുത്ത്, പ്രത്യേകിച്ച് പാചകത്തിൽ ശ്രദ്ധിക്കാൻ തുടങ്ങി. പുതിയ പരീക്ഷണങ്ങൾ നടത്തി. വീട്ടുകാരുമൊത്ത് കളിക്കാനും മറ്റും സമയം കണ്ടെത്തി. അപ്പോൾ പൊതുവെ ദിവസങ്ങൾ സന്തോഷകരമായി മാറി.

? കുടുംബാംഗങ്ങളെ ഒന്ന് പരിചയപ്പെടുത്തി തരാമോ.

ഇപ്പോൾ എന്റെ കുടുംബം എന്ന് പറയുന്നത് അമ്മ, ഏട്ടൻ, പിന്നെ അമ്മൂമ്മ എന്നിവരടങ്ങുന്നതാണ്. അതിലെ താരം എന്ന് പറയുന്നത് അമ്മൂമ്മയാണ്. ഞങ്ങളെ ഒക്കെ നയിക്കുന്ന, ചുറു ചുറുക്കാക്കി നിർത്തുന്ന ഘടകം അമ്മൂമ്മയാണ്. പേര് ചന്ദ്രമതി. അമ്മമ്മ റിട്ടയേഡ് നഴ്സിങ് സൂപ്രണ്ട് ആണ്. അത് കൊണ്ട് തന്നെ ഈ സമയത്ത് ഞങ്ങളുടെ കാര്യത്തിൽ ഏറ്റവും ഉത്കണ്ഠ അമ്മൂമ്മക്കാണ്. എല്ലാവർക്കും നല്ലത് വരാൻ എപ്പോളും പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയാണ് അമ്മൂമ്മ.

അമ്മ ജ്യോതിലക്ഷ്മി. അമ്മയാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്. കൂടെപ്പഠിക്കുന്ന ഒരു കുട്ടിയോടെന്ന പോലെ എന്തും അമ്മയോട് പറയാനും ഒക്കെ ഉള്ള സ്വാതന്ത്ര്യം അമ്മ എനിക്ക് തന്നിട്ടുണ്ട്. അമ്മയാണ് ഇപ്പോൾ വീടിന്റെ നെടുംതൂൺ എന്ന് തന്നെ പറയാം. അമ്മ ചിന്മയ മിഷൻ സ്‌കൂളിൽ ടീച്ചറാണ്. അമ്മക്ക് ലോക്ക് ഡൗൺ കാലം ആയതിനാൽ ഓൺലൈൻ ക്ലാസൊക്കെ ഉണ്ട്, വളരെ തിരക്കിലാണ്.

ഏട്ടന്റെ പേര് ദർശൻ. ഏട്ടൻ സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറാണ്. ജയരാജ് സാറിന്റെ കൂടെ ഒന്ന് രണ്ട് സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചു. വേറെയും ചില പ്രോജക്ടുകൾ ഉണ്ട്.  ലോക്ക് ഡൗൺ കാലത്തെ എന്റെ കുക്കിംഗ് എക്സ്പിരിമെന്റുകളിൽ എന്റെ കൂടെ നിന്ന് വേണ്ട പ്രോത്സാഹനം നൽകുന്നത് ഏട്ടനാണ്. പാചകത്തിന്റെ  കാര്യത്തിൽ ഏട്ടനാണ് ശരി. കാരണം അദ്ദേഹമാണ് എന്നെക്കാൾ നല്ല കുക്ക്.

? ശ്രവണയുടെ ഫ്രണ്ട് സർക്കിളിനെ പറ്റി..

കുടുംബത്തിനപ്പുറം ഫ്രണ്ട്സിന് ഒരുപാട് സ്‌പേസും പ്രാധാന്യവും  കൊടുക്കുന്ന ഒരാളാണ് ഞാൻ. സ്‌കൂളിലായാലും കോളേജിലായാലും ഒരുപാട് സുഹൃത്തുക്കളെനിക്കുണ്ട്. അവരുടെയൊക്കെ, പ്രത്യേകിച്ച് ജീവിത്തത്തിൽ ഒരു വിശേഷപ്പെട്ട തീരുമാനം എടുക്കുന്ന അവസരത്തിൽ എന്റെ ബെസ്റ്റ് ഫ്രണ്ട്സിന്റെ ഒക്കെ അഭിപ്രായം ഞാൻ ചോദിക്കാറുണ്ട്. അവരോടൊക്കെ ഇപ്പോഴും സൗഹൃദം നിലനിർത്താറുണ്ട്, ഫ്രണ്ട്സും ഫാമിലി സുഹൃത്തുക്കളും കസിൻസും എല്ലാവരുമായി ടച്ച് ഉണ്ട് , അവർ തരുന്ന പ്രോത്സാഹനങ്ങൾ വളരെ വലുതാണ്. ജീവിതത്തിൽ എന്തെങ്കിലും ഒക്കെ ആവാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ  അത് ഈ വേണ്ടപ്പെട്ടവരുടെയൊക്കെ പ്രാർത്ഥന ഒന്ന് കൊണ്ട് മാത്രമാണ് എന്നാണ് എന്റെ വിശ്വാസം

? ഗോഡ് ഫാദർ എന്ന നിലക്ക് ആരെങ്കിലും..

സിനിമ മേഖലയിൽ ഒരു ഗോഡ് ഫാദറായി ഞാൻ കാണുന്നത് ലാലു അങ്കിളിനെയാണ്(ലാൽ ജോസ്). പുതിയ സിനിമകൾ ഏൽക്കുന്നത്തിന് മുമ്പ് അദ്ദേഹത്തോട് ചോദിച്ച് അഭിപ്രായം ആരാഞ്ഞ ശേഷം മാത്രമേ കമിറ്റ് ചെയ്യാറുള്ളൂ.

? ജീവിതത്തിൽ ശ്രവണ കണ്ടിട്ടുള്ള ഏറ്റവും വലിയ സെലിബ്രിറ്റി ആരാണ്.

ഞാൻ കണ്ടിട്ടുള്ള ഏറ്റവും വലിയ സെലിബ്രിറ്റി ആരാണ്  എന്ന്  പറയുന്നതിനേക്കാൾ, ഞാനിഷ്ടപ്പെടുന്ന സെലിബ്രിറ്റി ആരാണെന്ന് പറയുകയാവും നല്ലത്. അത് എന്റെ അച്ഛൻ തന്നെയാണ്. ഞാൻ അദ്ദേഹത്തെ കാണുമ്പൊൾ മുതൽ അദ്ദേഹം ഒരു സെലിബ്രിറ്റി ആണ്. ഒരു സെലിബ്രിറ്റി എങ്ങിനെ ആവണം എന്നതിന്റെ ഉത്തമോദാഹരണമായിരുന്നു അദ്ദേഹം. അത്തരമൊരു ഭാവവും ഇല്ലാതെ എല്ലാവരോടും വളരെ സിംപിൾ ആയി എങ്ങിനെ പെരുമാറാം എന്നത് അദ്ദേഹം സ്വജീവിതത്തിലൂടെ എനിക്ക് കാണിച്ചു തന്നു.

? ജീവിതത്തിൽ ഏറ്റവും സന്തോഷം തോന്നിയ നിമിഷം ഏതാണ്.

ജീവിതത്തിൽ  സന്തോഷം തന്നിട്ടുള്ള ഒരുപാട് ചെറിയ ചെറിയ കാര്യങ്ങളുണ്ടായിട്ടുണ്ട്. അതിലൊക്കെ ഉപരി ആദ്യ സിനിമക്കു ശേഷം എനിക്ക് ആദ്യമായി കിട്ടിയ ഒരു അംഗീകാരമാണ് മംഗളത്തിന്റെ ന്യൂ ഫേസ് അവാർഡ്. അതെനിക്ക് വളരെ സന്തോഷം നൽകിയൊരു നിമിഷമായിരുന്നു. ആ അവസരത്തിൽ പക്ഷെ ആ അവാർഡ് സ്വീകരിക്കാൻ അച്ഛനില്ലാതെ പോയി എന്നത് വലിയൊരു ദുഖവും. എന്നെങ്കിലും ഒരു അവാർഡ് കിട്ടുകയാണെങ്കിൽ അത്,  ആ അവാർഡ്, അച്ഛനെക്കൊണ്ട് വാങ്ങിപ്പിക്കണം എന്നതായിരുന്നു എന്റെ ആഗ്രഹം. അച്ഛൻ മുകളിലിരുന്ന് എന്നെ ആശീർവദിച്ച് അത് വാങ്ങിപ്പിച്ചു എന്നു തന്നെയാണ് ഞാൻ കരുതുന്നത്.

ആ ഒരു അവാർഡ് എന്നെ സംബന്ധിച്ചിട ത്തോളം ഒരു തിരിച്ചറിവായിരുന്നു. ഇനിയും സിനിമകൾ ചെയ്യണമെന്ന തിരിച്ചറിവ്. കൂടാതെ അച്ഛന്റെ  ഈ ഫീൽഡിൽ എന്നെക്കൊണ്ട് കഴിയുന്നത്ര കഴിവ് തെളിയിച്ച് അച്ഛന്റെ പേർ ഇനിയും ഉയർത്തണം എന്ന് തന്നെയാണ് എന്റെ ആഗ്രഹം.

? യുവചൈതന്യത്തിനു വേണ്ടി ഈയൊരു അഭിമുഖം നൽകിയതിന് നന്ദി ശ്രവണ. വായനക്കാരോട് എന്താണ് പറയാനുള്ളത്.

യുവചൈതന്യത്തിന് ആദ്യം തന്നെ നന്ദി പറയട്ടെ. സമാജം എന്നും എന്നെ  പ്രോത്സാഹി പ്പിച്ചിട്ടേ ഉള്ളൂ. അതിന് ഞാനെന്നും നന്ദിയുള്ളവളായിരിക്കും.

ഈ ലക്കം അച്ഛന്റെ സ്മരണിക ആയി ഇറക്കുന്നതിനും പ്രത്യേകം നന്ദി അറിയിക്കുന്നു. എന്നും അച്ഛൻ യുവാക്കളുടെ കൂടെ ഇടപഴ കാനായിരുന്നു ഇഷ്ടപ്പെട്ടിരുന്നത്. ഞാൻ നേരത്തെ പറഞ്ഞ പോലെ അദ്ദേഹത്തിന് അതിൽ നിന്നും ഒരു പ്രത്യേക എനർജി കിട്ടുമായിരുന്നു. അത് കൊണ്ട് തന്നെ യുവാക്കളുടെ മാസികയായ യുവചൈതന്യ ത്തിന്റെ ഈ അനുസ്മരണം അദ്ദേഹത്തിന് കൊടുക്കാവുന്ന ഒരു സ്പെഷ്യൽ ട്രിബ്യൂട്ട് തന്നെയാണ്.

എല്ലാ വായനക്കാർക്കും എന്റെ പ്രത്യേകം നന്ദി. ഇനിയും നിങ്ങളുടെ ഒരുപാട് പ്രോത്സാഹനങ്ങൾക്കായി കാത്തിരിക്കുന്നു.

 

6 Replies to “നിറമാലയിൽ നിന്നുയർന്ന നായികാ വസന്തം”

  1. എല്ലാ ഭാവുകങ്ങളും ഉണ്ടാകട്ടെ എന്നു ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു .

    1. ശ്രവണയുടെ അഭിമുഖം വളരെ ഹൃദ്യമായി. നമ്മുടെ ഈ കൊച്ചു കലാകാരി ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ. സ്നേഹാശംസകൾ! അഭിമുഖം നടത്തിയ Mr. വിജയനും അനുമോദനങ്ങൾ.

  2. Best wishes to sravana & thanks to Sri Vijayan for introducing Sravana in such vivid manner, & thanks to both of you.

  3. ശ്രവണ, ഉയരങ്ങളിൽ എത്തട്ടെ ! എല്ലാ നന്മകളും ളും നേരുന്നു !!

  4. ശ്രവണ എന്ന കൊച്ചു കലാകാരിയുടെ അഭിമുഖം വളരെ ഹൃദ്യമായിരുന്നു. ഈ കൊച്ചു കലാകാരി വളരെ ഉയരത്തിൽ എത്തുവാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *