Site Loader
രമ പ്രസന്ന പിഷാരോടി

അച്ഛൻ്റെ ഓർമ്മയിൽ നൃത്തമാടുന്നുണ്ട്
ചുറ്റുവട്ടത്തെ ചുമർ, നടപ്പാതകൾ
അച്ഛൻ മരിച്ചിടം, യാത്ര പോയോരിടം
അച്ഛനുറങ്ങുന്ന  മണ്ണിൻ  തണുപ്പിടം
അച്ഛൻ്റെ  കട്ടിൽ,  കിടക്ക, ചെരിപ്പുകൾ
അച്ഛനണിഞ്ഞൊരു വസ്ത്രങ്ങൾ കണ്ണട
അച്ഛൻ്റെ ശ്വാസം നിലച്ചു പോകുന്നതും
അച്ഛൻ്റെ കണ്ണ് നിറഞ്ഞു പോകുന്നതും
അച്ഛനാരായിരുന്നച്ഛൻ്റെ ചിത്രങ്ങൾ
അച്ഛൻ്റെ സ്നേഹം, ഉപാസനാമൂർത്തികൾ
അച്ഛൻ്റെ വീട്, വീടുമ്മറക്കോലായിൽ
അച്ഛൻ്റെയോർമ്മയിൽ ചാരുകസേരകൾ
അച്ഛൻ്റെ വാച്ച് പഴം പാട്ടുകൾ, പണ്ട്
അച്ഛൻ്റെ കൂടെ നടന്ന നിഴൽപ്പുഴ.

സത്യം പറഞ്ഞാലിതേ പോലെയൊന്നുമേ
അച്ഛനെന്നോർമ്മയിൽ വന്നുപോകുന്നില്ല
അച്ഛനെയോർമ്മിച്ചതെന്നാണ്?,  ഞാനെൻ്റെ
ഹൃത്തിൽ കുറിച്ചിട്ട  ശ്രാദ്ധനാളായിടാം!
അച്ഛനൊരിക്കലെൻ സ്വപ്നത്തിൽ വന്നു പോയ്
കർക്കിടകത്തിൻ്റെ വാവായിരുന്നത്
ചോറ് വേണം എന്ന് ചൊല്ലുന്നൊരച്ഛനെൻ
പ്രാണനിൽ തൊട്ട് കരഞ്ഞുപോകുന്നപോൽ
അന്നെൻ്റെ കണ്ണിൽ നിറഞ്ഞ കണ്ണിർക്കടൽ
ഇന്നുമൊരാന്തലായുള്ളിലുണ്ടെങ്കിലും
അച്ഛനെന്നുള്ളിലിരിക്കുന്നുവെങ്കിലും
അച്ഛനെയെന്നുമോർമ്മിക്കാറുമില്ല ഞാൻ
നിത്യവുമോരോ തിരക്കിലോടീടുമ്പോൾ
സത്യമാണോർമ്മയിൽ മിന്നിമായുന്നവർ
അച്ഛനിപ്പോൾ വരാറില്ല സ്വപ്നങ്ങളിൽ!
അമ്മയെ കാണുവാറുണ്ടിടക്കങ്ങനെ!

ഓരോ ദിനങ്ങൾ ശിലാസ്മാരകങ്ങൾ പോൽ
ഓരോയിടത്തിൽ കനപ്പെട്ട് നിൽക്കവെ
ഓർമ്മയിൽ ഇന്നൂഴമച്ഛനാണെന്നിതാ-
ഒർമ്മപ്പെടുത്തുന്നു പുസ്തകത്താളുകൾ
ഓരോന്ന് വായിച്ചു വായിച്ചു തീരവെ
ഓർമ്മയിൽ അച്ഛൻ ചിരിച്ചു പോകുന്നുവോ
ഓർമ്മകൾക്കുള്ളില  പുത്തനാചാരങ്ങൾ
ഓർമ്മപ്പെടുത്തുന്നു. എന്തെഴുതീടുവാൻ!..
എല്ലാമെഴുതിക്കഴിഞ്ഞ പോൽ മേഘങ്ങൾ
പെയ്തു പോകുന്ന പോൽ, യാത്ര തീരുന്ന പോൽ…

Leave a Reply

Your email address will not be published. Required fields are marked *