നടുങ്ങിനിൽക്കുന്നു പ്രപഞ്ചമാകെ
പടർന്ന കോവിഡ്ഗദ ഭീതിയിങ്കൽ
ഇതെന്തുചെയ്വൂയിനി രൂപമില്ല
നിരന്തരം ചിന്തയിതൊന്നുതന്നെ.
ഇരിക്ക വീട്ടിന്നകശാന്തിയിങ്കൽ
ധരിക്ക മാർഗ്ഗങ്ങളുമന്യമില്ല
പരസ്പരം സ്പർശനമൊട്ടുമാകാ
സമൂഹദൂരം പരിപാലനീയം.
കൊറോണവൈറസ്സിനു ജാതിഭേദം
നഹീ നഹീ സ്വല്പവുമില്ല തന്നെ
പ്രിയത്വമെല്ലാജനമോടുമുണ്ടേ
പിടിച്ചിടും ശ്രദ്ധയകന്നുവെന്നാൽ.
വിളിച്ചു ചൊല്ലുന്നിത ദുഷ്ടവൈറ-
സ്സെനിക്കു തെല്ലും മതഭേദമില്ല
ദരിദ്രനെന്നോ ധനവാനതെന്നോ
യൊരന്തരം കാട്ടുകയില്ല വൈറസ്.
ജഗത്തിൽ രാഷ്ട്രങ്ങളതൊക്കെയും
ഈകൊറോണ വൈറസ്സിനു സ്വന്തമല്ലോ
കിഴക്കതെന്നോ പടിഞ്ഞാറതെന്നോ-
യിതിന്നു വേറിട്ടൊരു ചിന്തയില്ല.
പരസ്പരം കൈകൾ കൊടുത്തിടാതെ
പുരാ സമാനം ഇരുകൈകൾ കൂപ്പി
ജനങ്ങൾ തമ്മിൽ ബഹുമാനസ്നേഹ-
മിതൊക്കെയൗചിത്യമൊടേ തുടങ്ങി.
പ്രയാണമെല്ലാം മനസ്സാലെ മാത്രം
റെയിൽ വിമാനങ്ങളതൊക്കെ നിർത്തി
യഥാർത്ഥ രൂപേണ ജഗത്തിലെല്ലാ
മതാതു സ്ഥാനേ കഴിയും ജനങ്ങൾ.
ഇതെത്രനാളെന്നതു തീർച്ചയില്ല
കൊറോണതന്നന്ത്യവുമാരറിഞ്ഞു
ദ്രുതേനയോടിക്കഴിയുന്ന മർത്ത്യ-
ന്നിതിപ്പോൾ നിർബന്ധിത വിശ്രമം താൻ.
ശ്രവിക്കണം നാമധികാരികൾതൻ
ദിനേ ദിനേയാഗത മാർഗ്ഗരേഖ
മനസ്സിലേ ധീരത കൈവിടാതെ-
യിരിക്കണം നൽ ക്ഷമയോടെ തന്നെ.
ഇരുട്ടിലാണ്ടൊരു തുരങ്കശേഷം
ലഭിച്ചിടും നല്ല പ്രകാശധാര
ജഗന്നിയന്താ പരമാത്മ ഭക്ത്യാ
കഴിഞ്ഞിടാമൊത്തൊരുമിച്ചിദാനീം.
മാർഗനിർദ്ദശകമായ ഈ കവിത ഗംഭീരമായി.