Site Loader
ജയേഷ് പിഷാരോടി

 

തിരിച്ചു വന്നു നീയൊടുക്കമീവഴി
ശുഭപ്രതീക്ഷയാൽ സദസ്സിൽ വാഴുവാൻ
വിറയ്ക്കുമുൾത്തടം ഉണർന്നുപാടിയോ
ജനിച്ചകാലവും നനുത്തൊരോർമ്മയും
വഴിക്കിനാവിനാൽ പകർന്നയാത്രയും
തിരിച്ചെടുക്കുവാൻ വരുന്നതീവഴി
നിറന്ന പീലികളിളകിയോ മെല്ലെ
തളർന്നുറങ്ങുവാൻ മിടിച്ച കൺകളിൽ
സ്വയം തെളിഞ്ഞു നീയുണർവ്വുപാകിയോ
തനിക്കു തന്നൊരീയിരുണ്ടലോകത്തെ
ഉണർത്തി ജീവിതം വഴിതെളിയ്‌ക്കുവാൻ
മിഴികള്‍ നട്ടുനീ പ്രദക്ഷിണം ചെയ്യും
കിനാവിൽ നിർലയം മനസ്സു വാഴവേ
നിറഞ്ഞൊഴുകിയോ മിഴികള്‍ വാർന്നൊരു
പുഴ, വീണ്ടുമിരുണ്ടകാലത്തിൻ വിഷാദകാളിന്ദി
വഴിയൊരുക്കി നിൻ മനസ്സിലെന്നുമേ
വിരുന്നു വന്നതാമിരുണ്ടൊരാർദ്രത
മിഴികള്‍ കെട്ടുവോ കുതിർന്ന കണ്ണീരാൽ
നനഞ്ഞവ വീണ്ടും കെടുത്തിവച്ചതോ
മനസ്സിലോർമ്മകൾ തിളച്ചുപെയ്യുമ്പോൾ
വരണ്ടവാക്കുകളുറഞ്ഞു നിൽക്കുമ്പോൾ
മറച്ചുവച്ചതോ പരിഭവക്കനാൽ
മനസ്സുമൂടിയ പ്രതിഷേധസ്വരം
ചുവന്നുവോ കണ്ണീർക്കലക്കങ്ങളുള്ളാൽ
തെളിഞ്ഞുമിന്നിയോ സ്വയം പഴിച്ചുവോ
മരിച്ചമക്കളെപ്പുണർന്നു നീറിയാ
മനസ്സുടഞ്ഞതാം കരിഞ്ഞ വാക്കുകൾ
തിളയ്ക്കുമാവിയായൊലിച്ചിറങ്ങിയോ
നിനക്കുതന്നോരായിരുണ്ട ശാപത്തിൻ
കടൽപ്പെരുമാരി തനിച്ചു നീയിനിചുമക്കണം പോലും
ഇരുട്ടുമൂടി നിൻ മിഴികളെ കാണാതലയ്‌ക്കു-മീവിധം സ്‌മൃതികൾ,നോവുകൾ
പകർന്നു ജീവിതം പകുത്തുതന്നതീ-
യിരുണ്ട ജാലകത്തെളിമാനമത്രേ
മനസ്സറിഞ്ഞിടാതുറഞ്ഞുതുള്ളിയോ
വിരുദ്ധഭാവങ്ങൾ പകർന്ന കൺകളിൽ
ക്ഷണപ്രതീക്ഷകളറുത്തജീവിതപ്പകർച്ച-
കളൊക്കെയഴിച്ചു വയ്ക്കുമ്പോൾ
മനസ്സറിയാതെ വിതുമ്പിയോ,നിണം
തുടിച്ച കൺകളാലുഴിഞ്ഞുവോ സ്വയം
ജനിച്ചതു വെറും ഇരുൾമുറിയെന്നാൽ
വിധിച്ചതോ വിശ്വപ്രണവമാകുവാൻ
ചിരാത്ഭുദഭാവ സമന്വിതമാകും
നിനക്കു ജീവിതം കടങ്ങൾ മാത്രമോ
വരണ്ടുവോ കാലമുണർന്നുപോവാത്ത
ഫലപ്രതീക്ഷയറ്റുലഞ്ഞു നീറിയോ
മിഴികളിൽത്താനേയലിഞ്ഞുചേർന്നിടാൻ
കിതയ്ക്കും രാവിതിൻ കരിനിഴൽ
ആർക്കോ മടുത്തൊരു വാഴിവിലുദിച്ചൊരു-
കാലക്കരിന്തിരിയത്രെ
ഇരുണ്ടുപെയ്യുമീ കിനാവറുത്തു നീ
മുറിഞ്ഞ രാവിതിൽ തനിച്ചിരിക്കുമ്പോൾ
നനഞ്ഞുവോമിഴിയിടറിയോപദം
മനസ്സുനെയ്യുമീയിരുണ്ട ജാലകം
മുറിച്ചു നീയിനിപ്പുറത്തു പോരുകിൽ
ക്ഷണത്തിലൊട്ടിട കളഞ്ഞിടാതെ, നീ
പൊലിച്ച ജീവിതം തിരിച്ചുതന്നിടാം
തെളിപ്പെടാതെന്നുമുറയുമെന്നിലെ-
ചിരാതിനാൽ നിന്നെയെതിരേൽക്കാം നീളെ

കവിയുടെ ശബ്‌ദത്തിൽ കേൾക്കുവാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *