Site Loader
രുഗ്മിണി(ബേബി), കൈനില പിഷാരം, കാറളം

 

“തിരിച്ചുപോകാനല്ലേ ഞാൻ പറഞ്ഞത്.”……. സർവ്വാധികാര്യക്കാരൻറെ ശബ്ദം കനത്തു

“ഇല്ല…….. ഞാൻ പോകില്ല. ഞാൻ പോകില്ല”……
ജനതാ കർഫ്യൂവിന്റെ അടികൊണ്ട കൊറോണ പുളഞ്ഞു

“നിനക്കു ഞാൻ ഒരാഴ്ചത്തെ സമയം തന്നു. ഈ രാജ്യത്തെ മുഴുവൻ ജനങ്ങളും, എല്ലാ സോഷ്യൽ മീഡിയയും നിന്റെ മാത്രം നാമം ഉരുവിട്ട് , സാമൂഹിക അകലം പാലിച്ച് വീടുകളിൽ തന്നെ കഴിഞ്ഞു. എന്നിട്ടും നീ പോയില്ല”.. അദ്ദേഹം രോഷം കൊള്ളുകയാണ്.

“ഹ… ഹ… ഹ…എന്നെപ്പറ്റി നീ എന്തു വിചാരിച്ചു??? വൻകിട രാഷ്ട്രങ്ങളെപ്പോലും മുട്ടുകുത്തിച്ചവളാണ് ഞാൻ. യൂറോപ്പ്യൻ ജനതയുടെ രക്തം ഊറ്റി കുടിച്ച് ശക്തിയാർജ്ജിച്ചവളാണു ഞാൻ . ടീച്ചറുടെയും ഹെഡ്മാസ്റ്ററുടെയും കണക്കുകൂട്ടലുകൾക്ക്അപ്പുറത്താണ് എന്റെ സാംക്രമിക ശക്തി”.

“എന്നെ ജയിക്കാൻ നിങ്ങൾക്കാവില്ല ഭാരതീയരെ”… കൊറോണയുടെ വാക്കിൽ പുച്ഛവും ക്രൂരതയും മുറ്റി നിന്നു.

അവസാനമായി പറയുകയാണ്…..

സർവ്വാധികാര്യക്കാരൻറെ ശബ്ദം കനത്തു.

“ഇന്നേക്ക് ഇരുപത്തിയൊന്നാം നാൾ വിഷു സംക്രമം. അന്ന് ഞാൻ എന്റെ പ്രിയപ്പെട്ട ദേശവാസികളെ. “മേരേ പ്യാരേ ദേശ് വാസിയോം “എന്ന് അഭിസംബോധന ചെയ്യുന്നതിനുമുമ്പ് നിന്നെ ഈ രാജ്യത്തുനിന്ന് ഞങ്ങൾ കെട്ടുകെട്ടിച്ചിരിക്കും. അതുവരെ ഓരോ ഭാരതീയനും അവനവന്റെ വീടുകളിൽ തന്നെയിരുന്നു നിനക്ക് എതിരെ പൊരുതും. വസൂരിയേയും പോളിയോയെയും ഉൻമൂല നാശനം ചെയ്ത നാടാണിത്. ഇതു ഭാരതമാണ് . ഞങ്ങൾ ഒറ്റക്കെട്ടായി നിന്നാൽ ഒരു നികൃഷ്ട ശക്തിക്കും ഞങ്ങളെ തോൽപ്പിക്കാനാവില്ല. നിനക്കെതിരെയുള്ള ഒറ്റമൂലി ശാസ്ത്രലോകം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. സാമൂഹിക അകലം പാലിക്കൽ എന്ന ദിവ്യ ഔഷധം കൊണ്ട് ഞങ്ങൾ ഭാരതീയർ നിന്നെ മണിച്ചിത്രത്താഴിട്ടു പൂട്ടിയിരിക്കും… കുമരഞ്ചിറ ഭഗവതിയാണേ, കൈനില തേവരാണേ സത്യം!!! സത്യം!!! സത്യം!!! ”

കൊറോണയുടെ കണ്ണു തുറിച്ചു….. തൊണ്ട ഇടറി…. “ഞാൻ പൊയ്ക്കോളാം”…
“ഞാൻ പൊയ്ക്കോളാം”…

“ഞാൻ പൊയ്ക്കോളാം”….

“അമ്മ എവിടേക്കു പോകുന്ന കാര്യമാണ് പറയുന്നത്, എനിക്ക് നാലു മണിക്കുള്ള ഓൺലൈൻ ക്ലാസിനുള്ള സമയമായി. ഇന്നെന്താ ചായ യൊന്നും ഉണ്ടാക്കുന്നില്ലേ”???

“നിൻറെ അമ്മ കാലത്തു മുഴുവൻ മണിച്ചിത്രത്താഴ് എന്ന സിനിമ കണ്ടിരുന്നിട്ട് അതിലെ നാഗവല്ലി കയറിയതാണ് എന്നാണ് തോന്നുന്നത്. പിച്ചും പേയും പറയാതെ എഴുന്നേറ്റ് ചായ ഉണ്ടാക്കാൻ നോക്കുന്നുണ്ടോ”?.

ഭർത്താവിൻറെ ശബ്ദം കേട്ട് എന്റെ മയക്കം വിട്ടു.

“നാഗവല്ലി അല്ല കോവിഡവല്ലിയാണ് എന്നിൽ കയറിയത് “എന്നു പറയാൻ തോന്നി. ഞാൻ മെല്ലെ അടുക്കളയിലേക്ക് നടന്നു…

10 Replies to “കോവിഡവല്ലി”

  1. നന്നായിരിക്കുന്നു, ബേബി… തകർക്കാൻ തന്നെയാണ് ഭാവം, അല്ലേ? ഇന്നലെ തൃശ്ശൂർ പൂരത്തെപ്പറ്റിയുള്ള കവിത.. ഇന്ന് കോവിഡിനെപ്പറ്റി ചെറുകഥ.. ഗംഭീരം!
    ഇനിയും നല്ല സൃഷ്ടികൾ ഉണ്ടാവട്ടെ! ആശംസകൾ!!

Leave a Reply

Your email address will not be published. Required fields are marked *