Site Loader
ഗിരിജ ഗോപിനാഥ്, കിഴക്കേപ്പാട്ടു പിഷാരം, പൊന്നാനി.

കുളിരുള്ള മഞ്ഞിൽ കുണുങ്ങി നിൽക്കുന്ന സുഗന്ധിയാം മുല്ലപ്പൂക്കൾ, വിടരാൻ വിതുമ്പുന്ന റോസാപ്പൂവിനോട്  അടക്കം പറഞ്ഞു. അരുണോദയത്തിൻ  കിരണങ്ങൾ നിന്നെ തഴുകുവാൻ ഇനിയും എത്തിയില്ലെ?

പാതി വിടർന്ന മിഴികളാൽ നാണിച്ചു തലതാഴ്ത്തിയ സുന്ദരി പൂവിന്റെ ചുവന്നു തുടുത്ത കവിളുകളിൽ ഒരു നുള്ളു കൊടുത്ത് കുസൃതിക്കാറ്റ് മുല്ലപ്പൂ മണം കോരിയെടുത്തു, ചെമ്പകപൂവിനെ തലോടി മറഞ്ഞതും നോക്കി നിന്ന വെള്ളി മേഘങ്ങൾ പറഞ്ഞു. ഭൂമി നീയെത്ര സുന്ദരിയാണെന്നോ.

നന്ദ്യാർവട്ടപ്പൂചില്ലകൾ നിറഞ്ഞ പൂക്കളുമായി ഗമയിൽ ആടിയുലഞ്ഞു. വേനലും, വർഷവും, ശിശിരവും, വസന്തവും കണികണ്ട് ഉണരുന്നത് എന്നെ മാത്രം. ശാലീനതയേറും  തുളസിപ്പൂവിൻ മന്ദസ്മിതം നോക്കി തേനൂറും കരിവണ്ടുകൾ തെച്ചിപ്പൂക്കളോടെന്തോ പറഞ്ഞു.  പച്ച പരവതാനി വിരിച്ച പുൽത്തകിടിയിൽ മഞ്ഞ മുത്തുക്കുട ചൂടിയ മുക്കുറ്റിയും, തുമ്പച്ചെടിതൻ തുമ്പത്ത് തത്തിക്കളിക്കുന്ന പുൽച്ചാടിയും എന്തോ പറഞ്ഞു.

ആലയിലെരിയും തീനാളം പോലെ ജ്വലിക്കും മനുഷ്യ മനസ്സിനെ ശാന്തമാക്കി സ്നേഹത്തിന്റെ, സന്തോഷത്തിന്റെ, ആത്മവിശ്വാസത്തിന്റെ കണിയൊരുക്കാൻ നമുക്കൊത്തു ചേരാമെന്ന് പറഞ്ഞു, പൂങ്കുയിൽ നീട്ടി പാടി. പകൽ മുകിലുകൾ മഴമേഘങ്ങൾക്ക് വഴി മാറിക്കൊടുത്തു. മഴവില്ലിന്റെ മനോഹാരിതയിൽ മയിലുകൾ പീലിവിരിച്ച് നൃത്തം വെച്ചു.  പൂവാലിപ്പശു തന്റെ കിടാവിനെ തൊട്ടുരുമ്മി നിന്നു. തള്ളക്കോഴി ചിറകിലൊതുക്കിയ കോഴിക്കുഞ്ഞുങ്ങളോടെന്തോ പറഞ്ഞു. തങ്ക നിറമാർന്ന അന്തിവെയിലിനെ കാത്തിരുന്ന കിന്നരിപ്പുഴയോട് ഗഗന നീലിമയിൽ പറക്കുന്ന വെള്ളപ്പറവകൾ ചോദിച്ചു. “കുഞ്ഞോളങ്ങൾക്കുമീതെ തീരമറിയാതെ നീങ്ങുന്ന തോണിയിൽ ഞങ്ങളും വന്നോട്ടെ”.

സായാഹ്നത്തിന്റെ നൊമ്പരത്തിൽ സാന്ത്വനമായി വന്ന തെന്നലിനെ നോക്കി മനുഷ്യൻ ചോദിച്ചു. കുങ്കുമപ്പൂക്കൾ സ്നേഹചന്ദനം  ചാർത്തുന്ന ഈ തിരുമുറ്റത്ത് വീണ്ടും തരുമോ ഒരു ജന്മം, ഒരിക്കൽകൂടി മാത്രം.

കാലം തെറ്റി പെയ്ത മഴക്കും പറയാൻ ഒരു കാരണമുണ്ടായിരുന്നു. “നേരുണ്ടെങ്കിലല്ലെ നേരം നോക്കേണ്ടു”.

നമ്മുടെ ഭാഷ മനുഷ്യർക്ക് മനസ്സിലാവാത്തത് ഭാഗ്യം. കൊഞ്ചിപ്പറഞ്ഞ തത്തമ്മ എങ്ങോട്ടോ പറന്നുപോയി.

സത്യവും മിഥ്യയും നോക്കിച്ചിരിക്കുന്ന ഘടികാരസൂചികൾ ചലിച്ചുകൊണ്ടേയിരുന്നു ഒന്നും പറയാതെ.

One Reply to “ഒന്നും പറയാതെ”

Leave a Reply

Your email address will not be published. Required fields are marked *